വിജിലൻസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ എൻട്രൻസ് പ്ലാസയുടെ അപാകത പരിഹരിക്കുന്നു
text_fieldsമുട്ടം: എൻട്രൻസ് പ്ലാസയുടെ നിർമാണ അപാകത പരിഹരിക്കാൻ തിരക്കിട്ട ശ്രമം തുടങ്ങി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ചായം പൂശലും ചോർച്ച അടക്കലും ഉൾപ്പെടെ ആരംഭിച്ചു.
തുരുമ്പെടുത്ത ഇരുമ്പുകൾ മിനുക്കി പെയിന്റടിക്കുന്നു. കളക്ടർ മുതൽ മന്ത്രി വരെ ഇടപ്പെട്ടിട്ടും പലതവണ അന്ത്യശാസനം നൽകിയിട്ടും അറ്റകുറ്റപ്പണി നടത്താൻ തയാറാകാതിരുന്ന ഹാബിറ്റാറ്റ് എന്ന ഏജൻസിയാണ് ഇപ്പോൾ അറ്റകുറ്റപ്പണി നടത്തുന്നത്.
2018ൽ നിർമാണം നടത്തിയ എൻട്രൻസ് പ്ലാസ നിർമാണത്തിലെ അപാകതമൂലം ഇതുവരെ തുറന്ന് നൽകാനായിട്ടില്ല. ഇത് പലതവണ മാധ്യമങ്ങൾ വാർത്തയാക്കിയതുമാണ്. ഇതിലൊന്നും ഗുണം കാണാതെ വന്നതോടെ മുട്ടം സ്വദേശി വണ്ടനാനിക്കൽ ബേബി ജോസഫ് വിജിലൻസിൽ പരാതി നൽകിയിരുന്നു.
പരാതിയെത്തുടർന്ന് ജില്ല വിജിലൻസ് സംഘം പ്ലാസ സന്ദർശിച്ച് റിപ്പോർട്ട് നൽകുകയും ചെയ്തു. റിപ്പോർട്ട് സെക്രട്ടേറിയറ്റിലേക്ക് എത്തിയതോടെ താഴെ തട്ടിലേക്ക് വിശദീകരണം ആവശ്യപ്പെട്ടു. ഇതേ തുടർന്നാണ് ദ്രുതഗതിയിൽ അപാകത പരിഹരിക്കുന്നതെന്ന് പറയപ്പെടുന്നു. സെക്രട്ടേറിയറ്റിൽ തങ്ങിനിൽക്കുന്ന ഫയൽ പൂർത്തിയാക്കി താഴേക്ക് എത്തും മുമ്പ് അപാകത പരിഹരിക്കാനാണ് തീവ്രശ്രമം. ആറ് വർഷം മുമ്പ് നിർമാണം നടത്തിയ എൻട്രൻസ് പ്ലാസക്ക് മൂന്ന് കോടിയോളം രൂപയാണ് ചെലവ്. മലങ്കര പാർക്കിന്റെയും എൻട്രൻസ് പ്ലാസയുടെയും ഉദ്ഘാടനം 2018ൽ നടത്തിയെങ്കിലും എൻട്രൻസ് പ്ലാസ തുറന്ന് നൽകാനായിട്ടില്ല. അപാകതകൾ പരിഹരിക്കാത്തതിനെത്തുടർന്നാണ് തുറന്ന് നൽകാൻ കഴിയാത്തത്. നിരവധി അപാകതകളാണ് അന്ന് കണ്ടെത്തിയത്.
കെട്ടിടത്തിനുള്ളിലെ ഇലക്ട്രിക് കണക്ഷനുകൾ കൃത്യമായ സ്ഥാപിച്ചിരുന്നത്. ടോയ്ലറ്റ് ഡോറിന്റെ ലോക്ക് സംവിധാനം അടർന്ന് പോയി.
റൂഫിങ്ങിൽ ഉപയോഗിച്ചിരുക്കുന്ന ഷിംഗിൾസ് പൊളിഞ്ഞ് പൊങ്ങിയ നിലയിലാണ്.
കെട്ടിടത്തിന്റെ പുറത്തേക്കുള്ള വാതിലിലൂടെ മഴവെള്ളവും ചപ്പുചവറുകളും അകത്തേക്ക് കയറി വൃത്തിഹീനമാകുന്ന അവസ്ഥയിലാണ്. ടെറസിലെ ഓപണിങ് മൂടിവെച്ച ഗ്ലാസ് ചേർത്തൊട്ടിക്കാത്തത് മൂലം വെള്ളം അകത്തേക്ക് കയറുന്ന അവസ്ഥ. ഗാലറിക്ക് മുകളിൽ ചുറ്റുമുള്ള വെന്റിലേഷനിലൂടെ വെള്ളം കയറി കെട്ടികിടക്കുകയും പുഷ്ബാക്ക് സീറ്റുകൾ നനയുകയും ചെയ്യുന്നുണ്ട്.
കെട്ടിടത്തിലെ ഭിത്തി വഴി വെള്ളം ചോരുന്നത് ഇലക്ട്രിക്കൽ, പബ്ലിങ്, ടോയ്ലറ്റ് എന്നിവയുടെ അപാകതകൾ ഒന്നും തന്നെ പരിഹരിച്ചിട്ടില്ലാത്തതാണ്. ഇത്തരം അപാകതകളാണ് അന്ന് കണ്ടെത്തിയത്. അപാകതകൾ പരിഹരിച്ചില്ലെങ്കിൽ കെട്ടിടത്തിന് കൂടുതൽ ബലക്ഷയം ഉണ്ടാകുമെന്നും റിപ്പോർട്ടിൽ ഉൾപ്പെട്ടിരുന്നു.
എൻട്രൻസ് പ്ലാസയിൽ ടൂറിസം ഇൻഫർമേഷൻ സെന്റർ, അക്വേറിയം, 200 ആളുകൾക്ക് ഇരിക്കാനുള്ള ഓപൺ തിയറ്റർ എന്നിവ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിൽ 200 പേർക്ക് ഇരിക്കാനുള്ള സജ്ജീകരണം മാത്രമാണ് ഒരുക്കാനായത്. 200 പേർക്ക് യോഗം ചേരാനുള്ള സജ്ജീകരണം ഇവിടെ ഉണ്ടെങ്കിലും ഇതുവരെ അത് വാടകക്ക് നൽകാൻ സാധിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.