പാലം വീതികൂട്ടൽ അനിശ്ചിതത്വത്തിൽ; അനുവദിച്ച 15 ലക്ഷം ഉപയോഗിക്കാനായില്ല
text_fieldsമുട്ടം: വിജിലൻസ് ഓഫിസിന് സമീപത്തെ പാലത്തിന് വീതികൂട്ടാൻ 15 ലക്ഷം രൂപ വകയിരുത്തിയെങ്കിലും ഉപയോഗപ്പെടുത്താൻ കഴിഞ്ഞില്ല. ജില്ല പഞ്ചായത്തിന്റെ മെയിന്റനൻസ് ഗ്രാന്റിൽനിന്ന് 15 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്.
എന്നാൽ, മെയിന്റനൻസ് തുക പാലം വീതികൂട്ടാൻ ഉപയോഗിക്കാനാവില്ല എന്ന വിലയിരുത്തലിലാണ് പദ്ധതി മുടങ്ങിയത്. ഇനി പാലം വീതി കൂട്ടി നിർമിക്കാൻ പ്ലാൻ ഫണ്ട് വകയിരുത്തണം. ഇത് ഉടൻ സാധ്യമാകുമോ എന്നതിൽ സംശയമുണ്ട്.
പാലത്തിന് വീതി വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മാസങ്ങൾക്ക് മുമ്പ് ജില്ല ജഡ്ജി ശശികുമാർ ജനപ്രതിനിധികളെ കോടതിയിൽ വിളിച്ചു വരുത്തിയിരുന്നു. ജില്ല പഞ്ചായത്ത് അംഗം സി.വി. സുനിത, പഞ്ചായത്ത് പ്രസിഡന്റ് ഷൈജ ജോമോൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ. ബിജു, വാർഡ് അംഗം ഡോളി രാജു എന്നിവരെയാണ് വിളിച്ചുവരുത്തിയത്. പാലത്തിന് വീതി വർധിപ്പിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന ജഡ്ജി നിർദേശിച്ചിരുന്നു. എത്രയും വേഗം പരിഹരിക്കാമെന്ന് ജില്ല പഞ്ചായത്ത് അംഗം സി.വി. സുനിത അന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. പദ്ധതി രൂപവത്കരണം കഴിഞ്ഞതിനാൽ അന്ന് ഫണ്ട് വകയിരുത്താൻ സാധിച്ചിരുന്നില്ല. ആയതിനാൽ പിന്നീട് ജില്ല പഞ്ചായത്ത് ഫണ്ടിൽനിന്ന് 15 ലക്ഷം അനുവദിക്കുകയും ഡി.പി.സി അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ, മെയിന്റനൻസ് ഗ്രാന്റ് ആയതിനാൽ പദ്ധതി നടപ്പാക്കാൻ സാധിച്ചിട്ടില്ല.
നൂറുകണക്കിന് വാഹനങ്ങളും ആയിരക്കണക്കിന് ജനങ്ങളും ദിനംപ്രതി സഞ്ചരിക്കുന്ന കോടതി റൂട്ടിലെ പാലത്തിന് വേണ്ടത്ര വീതിയില്ല എന്നത് നാളുകളായ പരാതിയാണ്.
പതിനാലോളം കോടതികൾ ഉൾപ്പെടുന്ന ജില്ല കോടതി സമുച്ചയം, ജില്ല ജയിൽ, ജില്ല ഹോമിയോ ആശുപത്രി, പോളിടെക്നിക്, ഐ.ച്ച്.ആർ.ഡി സ്കൂൾ, കോളജ്, വ്യവസായ കേന്ദ്രം ഇവിടേക്കെല്ലാം എത്താനുള്ള ഏക പാതയാണിത്. ഇത്രയുമെല്ലാം ആണെങ്കിലും ഒരേസമയം ഒന്നിലധികം വാഹനങ്ങൾ ഈ പാലം വഴി കടന്നുപോകാൻ ബുദ്ധിമുട്ടാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.