മലങ്കര ജലാശയത്തിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി
text_fieldsമുട്ടം (ഇടുക്കി): പതിനായിരക്കണക്കിന് ആളുകളുടെ കുടിവെള്ള ശ്രോതസ്സായ മലങ്കര ജലാശയത്തിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ശുചിത്വമിഷെൻറയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ 'തെളിനീരൊഴുകും നവകേരളം' പദ്ധതിക്കുവേണ്ടി നടത്തിയ പരിശോധനയിലാണ് കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.
മനുഷ്യവിസർജ്യം ഉൾപ്പെടെ കലരുമ്പോഴാണ് കോളിഫോം ബാക്‌ടീരിയയുടെ അളവ് വർധിക്കുന്നത്. ഇത് പരിധിയിൽ കവിഞ്ഞാൽ നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. കോളിഫോം ബാക്ടീരിയ എത്രത്തോളം ഉണ്ടെന്ന് കൃത്യമായി അറിയാൻ കൂടുതൽ പരിശോധനകൾ വേണ്ടിവരും.
മുട്ടം പഞ്ചായത്തിലേക്ക് കുടിവെള്ളം പമ്പ് ചെയ്യുന്ന പമ്പ് ഹൗസിന് സമീപം പരിശോധിച്ചപ്പോഴാണ് കണ്ടത്. ഈ ജലാശയത്തിൽനിന്ന് പമ്പ് ചെയ്ത് എത്തിക്കുന്ന വെള്ളമാണ് മുട്ടം, കരിങ്കുന്നം പഞ്ചായത്തുകളിൽ ശുചീകരിച്ച് വിതരണം ചെയ്യുന്നത്.
കൂടാതെ തൊടുപുഴ വഴി മൂവാറ്റുപുഴക്ക് ഒഴുകുന്നതും ഇതേ ജലമാണ്. നൂറുകണക്കിന് കുടിവെള്ള പദ്ധതി വഴി ലക്ഷക്കണക്കിന് ജനങ്ങളാണ് ഉപയോഗിക്കുന്നത്. മാലിന്യം നിറഞ്ഞ ജലം നല്ലവിധം ശുചീകരിക്കാത്തപക്ഷം പലവിധ രോഗങ്ങളും പിടിപെടാൻ കാരണമാകും.
മുമ്പ് നടത്തിയ പഠനങ്ങളിലും മലങ്കര ജലാശയത്തിൽ കോളിഫോം ബാക്ടീയയുടെ സാന്നിധ്യം പരിധിയിൽ കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു. തോട്ടുംകര വഴി മൂന്നാംമൈൽ വരെ ഒഴുകി തൊടുപുഴ ആറ്റിൽ പതിക്കുന്ന പരപ്പാൻതോടിെൻറ വിവിധ പ്രദേശങ്ങളിൽ പരിശോധിച്ചപ്പോഴും ഈ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
മുട്ടത്തെ ജലവകുപ്പിെൻറ കുടിവെള്ള പദ്ധതിയുടെ ശുചീകരണ ശാലയിൽ മണൽ കുറഞ്ഞതോടെ ശുചീകണം നാമമാത്രമാണ്. സാൻഡ് ഫിൽറ്ററിങ് എന്ന ശുചീകരണ സംവിധാനമാണ് മുട്ടത്തെ കുടിവെള്ള പദ്ധതിയുടേത്. ശുചീകരണ ടാങ്കിൽ രണ്ട് അടിയോളം ഉയരത്തിൽ മണൽ നിറച്ചശേഷം അടിയിലായി മൂന്ന് കനങ്ങളിലുള്ള മിറ്റലുകൾ അടുക്കി അതിലൂടെ വെള്ളം കടത്തിവിട്ട് ശുചീകരിക്കുന്ന സംവിധാനമാണ് സാൻഡ് ഫിൽട്ടറിങ്.
മണലിന് മുകളിൽ അടിഞ്ഞുകുടുന്ന മാലിന്യം നിശ്ചിത ഇടവേളകളിൽ കോരിമാറ്റണം. ഇത്തരത്തിൽ പലതവണ നീക്കം ചെയ്യുമ്പോൾ മണലിെൻറ അളവ് ചുരുങ്ങും. എന്നാൽ, തുടർന്ന് മണൽ നിറക്കുന്നില്ല. മണൽ ലഭ്യമല്ലാത്തതിനാൽ നിക്ഷേപിക്കാൻ സാധിക്കുന്നില്ലെന്നാണ് അധികൃതരുടെ വിശദീകരണം. ശുചീകരണം ശരിയായ രീതിയിൽ നടക്കാത്തതിനാൽ മഴക്കാലത്ത് പലപ്പോഴും ചളിനിറഞ്ഞ വെള്ളമാണ് വീടുകളിൽ എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.