സമ്പൂർണ കുടിവെള്ള പദ്ധതി: പൈപ്പിടൽ തുടങ്ങി; തടസ്സവാദവുമായി വനം വകുപ്പ്
text_fieldsമുട്ടം: മുട്ടത്ത് നിന്നും ആരംഭിക്കുന്ന സമ്പൂർണ്ണ കുടിവെള്ള പദ്ധതികളുടെ പൈപ്പിടൽ തുടങ്ങി. ശങ്കരപ്പള്ളി വില്ലേജ് ഓഫീസിന് സമീപത്ത് നിന്നും എം.വി.ഐ.പി യുടെ പ്രദേശത്തുകൂടിയാണ് പൈപ്പിടൽ ആരംഭിച്ചത്.തുടർന്ന് നിർദിഷ്ട വനഭൂമിയിലേക്ക് കടന്നതോടെ വനം വകുപ്പ് തടസ്സവുമായി വന്നു.
വനം വകുപ്പിന് കൈമാറിയിട്ടുള്ള സ്ഥലത്ത് നിർമാണ പ്രവർത്തികൾ നടത്താൻ യാതൊരു അനുമതിയും വനംവകുപ്പ് നൽകിയിട്ടില്ലെന്ന് വനം വകുപ്പ് പറഞ്ഞു. പരിവാഹൻ പോർട്ടലിൽ അപേക്ഷ നൽകി വേണം അനുമതി വാങ്ങാൻ.
എന്നാൽ നിർദിഷ്ട വനഭൂമി സംബന്ധിച്ച പരാതികൾ പരിഹരിക്കാൻ നിയമിച്ചിട്ടുള്ള സെറ്റിൽമെൻ്റ് ഓഫീസറായ അർ.ഡി.ഒ പൈപ്പ് സ്ഥാപിക്കുന്നതിന് അനുമതി നൽകുകയും ചെയ്തിതിരുന്നു. ഈ അനുമതിയുടെ അടിസ്ഥാനത്തിലാണ് ജലവകുപ്പ് പൈപ്പ് സ്ഥാപിക്കൽ ആരംഭിച്ചത്. പോർട്ടലിൽ അപേക്ഷ നൽകി അനുമതി വാങ്ങണമെങ്കിൽ മാസങ്ങളുടെ കാലതാമസം വേണ്ടിവരും. ഇത് നിലവിലെ പദ്ധതി തടസ്സപ്പെടാൻ കാരണമായേക്കും.
എം.വി.ഐ.പി ഭൂമി വനഭൂമി ആയി മാറിയാലും ജനങ്ങളുടെ അടിസ്ഥാന കാര്യങ്ങളിൽ യാതൊരു തടസ്സവും ഉണ്ടാകില്ല എന്നായിരുന്നു അധികാരികളുടെയും ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ്റേയും ഭാഷ്യം.
എന്നാൽ ഇതിന് വിപരീതമായാണ് സംഭവിച്ചിട്ടുള്ളത്. ഇത് നിർദിഷ്ട വനഭൂമിയുടെ അതിരുകളിൽ താമസിക്കുന്ന ജനങ്ങളെ ഭീതിയിലാക്കുന്നുണ്ട്. കുടിവെള്ള പദ്ധതി തടസ്സപ്പെടുത്തുന്ന വനം വകുപ്പിന്റെ നടപടിക്കെതിരെ നാട്ടുകാർ സമരം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്.
മുട്ടം -കുടയത്തൂർ -കരിങ്കുന്നം പദ്ധതികൾക്ക് ആവശ്യമായ പൈപ്പ് ലൈനുകൾ മാത്തപ്പാറയിലെ പമ്പ് ഹൗസിൽ നിന്നും മലങ്കര ടൂറിസം പാർക്ക് വഴി കടത്തികൊണ്ടു പോകാനാണ് ജലവകുപ്പിൻ്റെ തീരുമാനം.അതു വഴി പെരുമറ്റത്തെത്തുന്ന വെള്ളം അവിടെ ശുചീകരിക്കും.
ജലം ശുചീകരിച്ച ശേഷം അതേ വഴിയിലൂടെ തന്നെ തിരിച്ച് വന്ന് മാത്തപ്പാറ അമ്പാട്ട് കോളനി വഴി വന്ന് നിർദിഷ്ട വനഭൂമിയിലൂടെ കടന്ന് വില്ലേജ് ഓഫീസിന് സമീപത്ത് എത്തും.അവിടെ നിന്നും സംസ്ഥാന പാത മുറിച്ച് കാക്കൊമ്പിൽ നിർമിക്കുന്ന ടാങ്കിലേക്ക് വെള്ളം എത്തിക്കും.
ഈ ടാങ്കിൽ നിന്നും മുട്ടത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്കും കരിങ്കുന്നം പഞ്ചായത്തിലേക്കും കുടിവെള്ളം എത്തും. കൂടാതെ പെരുമറ്റത്ത് നിന്നും ഒരു പൈപ്പ് ലൈൻ മ്രാല വഴി കരിങ്കുന്നം പഞ്ചായത്തിലെ പൊന്നംതാനത്തേക്കും കുടിവെള്ളം എത്തിക്കും.മുട്ടം ടൗണിലൂടെ കടന്നുപോകുന്ന നിലവിലെ മുട്ടത്തിന്റെ പൈപ്പ് ലൈൻ വഴി കൊല്ലംകുന്ന് മലയിലേക്ക് കുടിവെള്ളം എത്തും.ഇതിൽ കാലപ്പഴക്കം ചെന്നത് മാത്രം മാറ്റി സ്ഥാപിക്കും.
വില്ലേജ് ഓഫീസിന്റെ സമീപത്ത് എത്തുന്ന പൈപ്പ് ലൈനിൽ നിന്നുമാണ് കുടയത്തൂരിലേക്കും വെള്ളം കൊണ്ടു പോകുന്നത്.ഇത് കുടയത്തൂർ പഞ്ചായത്തിനെ ജലസമൃദ്ധമാക്കും.എന്നാൽ വനം വകുപ്പ് തടസ്സം നിന്നാൽ ഈ പദ്ധതികളെല്ലാം തകിടം മറിയും.
ഒരു മീറ്റർ വ്യാസം വരുന്ന മീനച്ചിൽ കുടിവെള്ള പദ്ധതി കടന്നു പോകേണ്ട പ്രദേശം സംബന്ധിച്ച് അന്തിമം ആയിട്ടില്ല.മലങ്കര ടൂറിസം പ്രദേശത്ത് നിർമിക്കുന്ന ഫ്ലോട്ടിങ്ങ് പമ്പിൽ നിന്നും വെള്ളം പമ്പ് ചെയ്ത് മലങ്കര ടൂറിസം പ്രദേശം വഴി കടത്തി മുട്ടം ടൗൺ വഴികൊണ്ടു പോകാനാണ് ആലോചന. എന്നാൽ ഒരു മീറ്റർ വ്യാസം വരുന്ന ഭീമൻ പൈപ്പ് ടൗൺ വഴി കൊണ്ടു പോകുന്നതിനെതിരെ നാട്ടുകാർ സമരം പ്രഖ്യാപിച്ചിട്ടുണ്ട്.
13 പഞ്ചായത്തുകളിലേക്ക് കുടിവെള്ളം കൊണ്ടുപോകാൻ ഉദ്ദേശിക്കുന്ന 1246 കോടിയുടെ പദ്ധതി അധികകാലം തടഞ്ഞിടാനാവില്ല എന്നും ഉറപ്പാണ്.ആയതിനാൽ സമയവായ ചർച്ചകൾ നടത്തി മാത്രമെ മീനച്ചിൽ പദ്ധതി സംബന്ധിച്ച അന്തിമ രൂപരേഖ ആവുകയുള്ളു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.