സമ്പൂർണ കുടിവെള്ള പദ്ധതി; എം.വി.ഐ.പി അനുമതിയായി; എതിർപ്പുമായി വനംവകുപ്പ്
text_fieldsമുട്ടം: മുട്ടത്തുനിന്ന് ആരംഭിക്കുന്ന സമ്പൂർണ കുടിവെള്ള പദ്ധതി സംബന്ധിച്ച ആശങ്ക പൂർണമായും പരിഹരിക്കാനായിട്ടില്ല. മുട്ടം-കുടയത്തൂർ-കരിങ്കുന്നം പദ്ധതിയും മലങ്കര-മീനച്ചിൽ പദ്ധതിയും മലങ്കര പാർക്ക് വഴി കടന്നു പോകുന്നതിൽ തടസ്സമില്ലെന്ന് അറിയിച്ച് എം.വി.ഐ.പി കത്ത് നൽകി.
എന്നാൽ, തുടർന്ന് അമ്പാട്ടുകോളനിവഴി നിർദിഷ്ട വനഭൂമിയിലൂടെ കടന്നുപോകുന്ന മുട്ടം-കരിങ്കുന്നം-കുടയത്തൂർ പദ്ധതിക്ക് സബ് കലക്ടർ അനുമതി നൽകിയെങ്കിലും വനം വകുപ്പ് എതിർപ്പ് അറിയിച്ചു. ഭൂമി നിലവിൽ തങ്ങളുടെ കൈവശത്തിലായി എന്നാണ് വനം വകുപ്പിന്റെ വാദം. വീണ്ടും ചർച്ചകൾ നടത്തി അനുമതി വാങ്ങാനുള്ള ശ്രമത്തിലാണ് ജലവിഭവ വകുപ്പ്. മുട്ടം-കരിങ്കുന്നം-കുടയത്തൂർ പദ്ധതികൾക്ക് ആവശ്യമായ പൈപ്പ് ലൈനുകൾ മാത്തപ്പാറയിലെ പമ്പ് ഹൗസിൽനിന്നും മലങ്കര ടൂറിസം പാർക്ക് വഴിയാണ് കടന്നുപോകുന്നത്.
അതുവഴി പെരുമറ്റത്തെത്തുന്ന വെള്ളം ശുചീകരിച്ച ശേഷം അതേ വഴിയിലൂടെ തിരിച്ച് മാത്തപ്പാറ അമ്പാട്ടുകോളനി വഴി വന്ന് നിർദിഷ്ട വനഭൂമിയിലൂടെ കടന്ന് വില്ലേജ് ഓഫിസിന് സമീപത്ത് എത്തിക്കുന്നതിനാണ് ആലോചന. അവിടെ നിന്ന് സംസ്ഥാന പാത മുറിച്ച് കാക്കൊമ്പിൽ നിർമിക്കുന്ന ടാങ്കിലേക്ക് വെള്ളം എത്തിക്കും.
ഈ ടാങ്കിൽനിന്ന് മുട്ടത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും കരിങ്കുന്നം പഞ്ചായത്തിലേക്കും കുടിവെള്ളം എത്തും. കൂടാതെ പെരുമറ്റത്തുനിന്ന് ഒരു പൈപ്പ് ലൈൻ മ്രാല വഴി കരിങ്കുന്നം പഞ്ചായത്തിലെ പൊന്നംതാനത്തേക്കും കുടിവെള്ളം എത്തിക്കും. മുട്ടം ടൗണിലൂടെ കടന്നുപോകുന്ന നിലവിലെ മുട്ടത്തിന്റെ പൈപ്പ് ലൈൻവഴി കൊല്ലംകുന്ന് മലയിലേക്ക് വെള്ളം എത്തും.
ഇതിൽ കാലപ്പഴക്കം ചെന്നത് മാത്രം മാറ്റി സ്ഥാപിക്കും. വില്ലേജ് ഓഫിസിന്റെ സമീപത്ത് എത്തുന്ന പൈപ്പ് ലൈനിൽനിന്നുമാണ് കുടയത്തൂരിലേക്കും വെള്ളം കൊണ്ടുപോകുന്നത്. ഇത് കുടയത്തൂർ പഞ്ചായത്തിനെ ജലസമൃദ്ധമാക്കും.
ഒരു മീറ്റർ വ്യാസം വരുന്ന മലങ്കര-മീനച്ചിൽ കുടിവെള്ള പദ്ധതി കടന്നുപോകേണ്ട പ്രദേശം സംബന്ധിച്ച് ധാരണയായെങ്കിലും അന്തിമമായിട്ടില്ല. മലങ്കര ടൂറിസം പ്രദേശത്ത് നിർമിക്കുന്ന ഫ്ലോട്ടിങ് പമ്പിൽനിന്ന് വെള്ളം പമ്പ് ചെയ്ത് മലങ്കര ടൂറിസം പ്രദേശം വഴി കടത്തി മുട്ടം ടൗൺ വഴികൊണ്ടു പോകാനായിരുന്നു ആലോചന. എന്നാൽ, ഒരു മീറ്റർ വ്യാസം വരുന്ന ഭീമൻ പൈപ്പ് ടൗൺ വഴി കൊണ്ടുപോകുന്നതിനെതിരെ നാട്ടുകാർ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാപാരി വ്യവസായ ഏകോപന സമിതിയും മുട്ടം ടൗൺ വഴികൊണ്ടു പോകുന്നത് തടയുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതേതുടർന്ന് ബദൽ പാതയുടെ പഠനം നടക്കുകയാണ്. ഊരക്കുന്ന് പള്ളിക്ക് മുന്നിലൂടെ ചന്ദ്രൻകുന്ന് വഴി മുട്ടം ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപത്ത് പൈപ്പ് എത്തിക്കാനാണ് ആലോചന. ടൗൺ ഒഴിവാക്കി ഈ പാത തെരഞ്ഞെടുക്കുമ്പോൾ 1600 മീറ്റർ അധികം പൈപ്പ് സ്ഥാപിക്കേണ്ടി വരും. ഇതിനായി ഏഴ് കോടി അധികം ചെലവ് വരുമെന്ന് ജൽ ജീവൻ മിഷൻ പറയുന്നു. ഇതിന് അനുമതി ലഭിക്കണമെങ്കിൽ മന്ത്രി തലത്തിൽ ഉൾപ്പെടെ ചർച്ച ആവശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.