എൻട്രൻസ് പ്ലാസ: വിജിലൻസ് അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക്
text_fieldsമുട്ടം: മലങ്കര ടൂറിസ്റ്റ് കേന്ദ്രം എൻട്രൻസ് പ്ലാസ നിർമാണത്തിലെ അഴിമതി സംബന്ധിച്ച അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക് കടന്നു. പ്രാഥമിക അന്വേഷണത്തിൽ അഴിമതിയും അപാകതയും കണ്ടെത്തിയതിനെത്തുടർന്നാണ് തുടർ അന്വേഷണം . അനവധി അപാകതകളാണ് അന്ന് കണ്ടെത്തിയത്.
കെട്ടിടത്തിനുള്ളിലെ ലൈറ്റുകൾ, ഫാനുകൾ തുടങ്ങിയ ഇലക്ട്രിക് കണക്ഷനുകളും കൃത്യമായിട്ടല്ല സ്ഥാപിച്ചത്. ടോയിലറ്റ് ഡോറിന്റെ ലോക്ക് സംവിധാനം അടർന്ന് പോയിരുന്നു. റൂഫിങിൽ ഉപയോഗിച്ച ഷിംഗിൾസ് പൊളിഞ്ഞ് പൊങ്ങിയ നിലയിലാണ്. കെട്ടിടത്തിന്റെ പുറത്തേക്കുള്ള വാതിലിലൂടെ മഴവെള്ളവും, ചപ്പുചവറുകളും അകത്തേക്ക് കയറി വൃത്തി ഹീനമാകുന്നു. സൺഷേഡിലെ പർഗോള ഓപ്പണിംഗിൽ ഒട്ടിച്ചിരുന്ന പോളി കാർബണേറ്റ് ഷീറ്റ് ഇളകി മാറിയ അവസ്ഥയിലാണ്.
ഇതുവഴി മഴവെള്ളം ഭിത്തിയിലൂടെ ഒലിച്ചിറങ്ങുവാനും ഭിത്തി നശിക്കുവാനും ഇടയാക്കുന്നു. ഇത്തരം അപാകതകൾ റിപ്പോർട്ട് ചെയ്തതോടെ അന്വേഷണം തുടരാൻ ഉത്തരവ് ആകുകയായിരുന്നു. രണ്ടാം ഘട്ടം എന്ന നിലയിൽ നിർമാണം സംബന്ധിച്ച മുഴുവൻ രേഖകളും ഹാജരാക്കാൻ നിർമാണ ഹാബിറ്റാറ്റിന് ജില്ല വിജിലൻസ് നിർദേശം നൽകി. വിശദ അന്വേഷണത്തിന് വിദഗ്ധ എൻജിനീയറുടെ സഹായം തേടാനും വിജിലൻസ് തീരുമാനിച്ചു.
2018 ലാണ് എൻട്രൻസ് പ്ലാസ നിർമാണം നടത്തിയത്. നിർമാണത്തിലെ അപാകത മൂലം നാളിതുവരെ തുറന്ന് നൽകാനായിട്ടില്ല. ഇതേത്തുടർന്നാണ് മുട്ടം സ്വദേശി വണ്ടനാനിക്കൽ ബേബി ജോസഫ് വിജിലൻസിൽ പരാതി നൽകിയത്. മൂന്ന് കോടിയോളം രൂപയാണ് ചെലവ് വന്നിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.