കോവിഡ് കണക്കിലെ പിഴവ്; വ്യാപാരികളും ഉപഭോക്താക്കളും ദുരിതത്തിലായി
text_fieldsമുട്ടം: ജില്ല ആരോഗ്യ വിഭാഗത്തിനുണ്ടായ പിഴവ് മൂലം ദുരിതത്തിലായത് മുട്ടത്തെ വ്യാപാരികളും ഉപഭോക്താക്കളും. ജില്ല ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം മുട്ടം പഞ്ചായത്ത് വ്യാഴാഴ്ച മുതൽ കർശന നിയന്ത്രണം ആവശ്യമായ മേഖലയാണ്. ആരോഗ്യവിഭാഗം ജില്ല ഓഫിസിലുണ്ടായ പിഴവാണ് കർശന നിയന്ത്രണ ഉത്തരവ് ഇറങ്ങാൻ കാരണമെന്ന് പറയുന്നു.
പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ എട്ടിൽ കൂടുതലായ മേഖലകളിൽ തുണിക്കടകൾ തുറക്കാൻ അനുമതിയില്ല. ഇതുമൂലം ഓണത്തിന് കോടിയെടുക്കാൻ മുട്ടത്ത് എത്തിയവർ നിരാശരായി മടങ്ങി. ചില കടകൾ തുറന്നെങ്കിലും അവർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.
കോവിഡ് നിയന്ത്രണങ്ങൾ മൂലം ദുരിതത്തിലായ തുണിവ്യാപാരികൾക്ക് ഓണക്കാലത്തെ ഇളവുകൾ ഗുണകരമാകുമെന്ന് കരുതിയിരുന്നു. ഓണക്കാലം മുന്നിൽ കണ്ട് വ്യാപാരികൾ കൂടതൽ സ്റ്റോക്കും കരുതിയിരുന്നു. എന്നാൽ, കർശന നിയന്ത്രണം വന്നതോടെ ഏറ്റവും കൂടുതൽ കച്ചവടം ലഭിക്കേണ്ടിയിരുന്ന ഓണത്തലേന്ന് തുണിക്കടകൾ അടച്ചിടേണ്ടിവന്നു. ജില്ല അധികാരികൾ ഉത്തരവ് തിരുത്തിയില്ലെങ്കിൽ വരുന്ന ഒരാഴ്ചക്കാലം ഇതേ അവസ്ഥ തുടരേണ്ടിവരും.
മുട്ടം സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ കണക്ക് പ്രകാരം കഴിഞ്ഞ വ്യാഴാഴ്ച മുതൽ ബുധനാഴ്ച വരെയുള്ള കോവിഡ് ബാധിതരുടെ എണ്ണം 83ഉം പഞ്ചായത്ത് പരിധിയിലെ ജനസംഖ്യ 11,329 ഉം ആണ്. അതിൻപ്രകാരം കഴിഞ്ഞ ഏഴ് ദിവസത്തെ പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ 7.32ആണ്. എന്നാൽ, ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കുകൾ പ്രകാരം ജനസംഖ്യ 10909ഉം കോവിഡ് ബാധിതരുടെ എണ്ണം 108ഉം ആയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതുപ്രകാരം കഴിഞ്ഞ ഏഴ് ദിവസത്തെ പ്രതിവാര റേഷ്യോ 9.90 ആണ്. ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെയും മുട്ടം സാമൂഹിക ആരോഗ്യകേന്ദ്രത്തിെൻറയും കണക്കുകളിൽ വലിയ അന്തരമാണുള്ളത്. ഈ അപാകത പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ടവരോട് പഞ്ചായത്ത് പ്രസിഡൻറ് ഷൈജ ജോമോൻ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. ഇതോടെ ഓണത്തലേന്ന് മുട്ടം ലോക്ഡൗൺ സമാനമായ നിയന്ത്രണങ്ങളിൽ അമർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.