മാലിന്യം ഓടയിലേക്ക്; മൂക്കുപൊത്തി യാത്രക്കാർ
text_fieldsമുട്ടം: മാലിന്യം ഓടയിലേക്ക് ഒഴുക്കുന്നതിനെതിരെ വ്യാപക പരാതി. മുട്ടം ടൗണിന് സമീപത്തെ വ്യാപാര-വ്യവസായ സ്ഥാപനങ്ങളിൽനിന്നും വീടുകളിൽനിന്നുമാണ് മാലിന്യം ഓടയിലേക്ക് ഒഴുക്കുന്നത്.
ഇതുമൂലം മൂക്കുപൊത്തി വേണം റോഡിലൂടെ നടക്കാൻ. മാലിന്യം ഓടയിൽ കിടന്ന് അഴുകി വലിയ ദുർഗന്ധം വമിക്കുകയാണ്. മാലിന്യക്കുഴൽ നേരെ പൊതുമരാമത്ത് വകുപ്പിന്റെ ഓടയിലേക്കാണ് തുറന്ന് വെച്ചിരിക്കുന്നത്. ദുർഗന്ധം അസഹ്യമാകുമ്പോൾ പഞ്ചായത്തിന്റെ ഓട വൃത്തിയാക്കും. വീണ്ടും നാളുകൾ കഴിയുമ്പോൾ മാലിന്യം നിറയും.
ഓടമാലിന്യം ചെന്നുപതിക്കുന്നത് മലങ്കര ആറ്റിലാണ്. ലക്ഷക്കണക്കിന് ജനങ്ങളുടെ കുടിവെള്ള സ്രോതസ്സാണ് മലങ്കരപ്പുഴ. പുഴയിലെയും ഡാമിലെയും വെള്ളത്തിൽ ക്രമാതീതമായ അളവിൽ കോളിഫോം ബാക്ടീരിയ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.
എന്നിട്ടും ആരോഗ്യ വകുപ്പ് അനങ്ങാപ്പാറ നയമാണ് സ്വീകരിച്ച് പോരുന്നത്. എത്രയും വേഗം ഓടകൾ ശുചീകരിച്ച് മാലിന്യം തള്ളൽ തടയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.