കാടുകയറി നശിക്കുന്ന കോടികൾ
text_fieldsമുട്ടം: നേരിയ മുതൽമുടക്ക് നടത്തിയാൽ ലക്ഷങ്ങൾ മാസവരുമാനം ലഭിക്കാൻ സാധ്യതയുള്ള അനവധി പദ്ധതികളാണ് മുട്ടത്ത് മുടങ്ങിക്കിടക്കുന്നത്. സാമ്പത്തിക പരാധീനതമൂലം ബുദ്ധിമുട്ടുന്ന സർക്കാറിന് രാഷ്ട്രീയപരമായും സാമ്പത്തികപരവുമായ ഉയർച്ച ലഭിക്കുന്ന ഈ പദ്ധതികൾ പൂർത്തീകരിക്കാൻ കഴിയാത്തതിന്റെ കാരണം ഉദ്യോഗതലത്തിലെ അലംഭാവം ഒന്ന് മാത്രമാണ്. മൂന്നു കോടി മുതൽമുടക്കി നിർമിച്ച മലങ്കര ടൂറിസം മേഖലയിലെ എൻട്രൻസ് പ്ലാസ ഇതുവരെ തുറന്ന് നൽകിയിട്ടില്ല. അതിൽ പ്രവർത്തിക്കുന്നത് ശൗചാലയം മാത്രം.
മുട്ടം പൊളിടെക്നിക് കോമ്പൗണ്ടിൽ വർഷങ്ങൾക്ക് മുന്നേ നിർമിച്ചിട്ടിരിക്കുന്ന വനിത ഹോസ്റ്റൽ ഇതുവരെ വിദ്യാർഥികൾക്ക് തുറന്ന് നൽകിയിട്ടില്ല. വ്യവസായ കേന്ദ്രത്തിന് സമീപത്തെ ജില്ല നിർമിതികേന്ദ്രം കാടുകയറി നശിക്കുന്നു. മുട്ടം ടാക്സി സ്റ്റാൻഡിലെ മത്സ്യ വിപണന കേന്ദ്രം അടഞ്ഞുകിടക്കുന്നു. പഞ്ചായത്ത് കോമ്പൗണ്ടിലെ കാർഷിക വിപണന കേന്ദ്രത്തിലെ ഒരു മുറി മാത്രമാണ് വാടകക്ക് നൽകാനായത്. ആ മുറി പ്രവർത്തിക്കുന്നത് ആഴ്ചയിൽ ഒരിക്കൽ മാത്രവും. മേൽപറഞ്ഞ പദ്ധതികൾ എല്ലാം പൂർത്തിയാക്കി തുറന്ന് നൽകിയാൽ ലക്ഷക്കണക്കിന് രൂപ മാസ വരുമാനമായി ലഭിക്കും.
ചൂഷണത്തിന് കൂട്ടുനിൽക്കുന്ന നടപടി
ഒരുകോടിയോളം രൂപ മുടക്കി നിർമിച്ച വനിത ഹോസ്റ്റൽ തുറന്ന് നൽകാത്തതുമൂലം വിദ്യാർഥികൾക്ക് ഉണ്ടാകുന്നത് വലിയ നഷ്ടമാണ്. സർക്കാർതലത്തിൽ ഹോസ്റ്റൽ തുറന്നാൽ ചെറിയ വാടക നൽകി താമസിക്കാൻ കഴിയും. എന്നാൽ, ഹോസ്റ്റലുകളുടെ അഭാവംമൂലം സ്വകാര്യ ലോഡ്ജുകളിൽ 1000 മുതൽ 1500 രൂപ വരെ പ്രതിമാസം വാടക നൽകിയാണ് വിദ്യാർഥികൾ താമസിച്ചു വരുന്നത്. സർക്കാർ സംവിധാനത്തിന്റെ പരാജയംമൂലം കൂണുകൾ പോലെയാണ് സ്വകാര്യ ലോഡ്ജുകൾ പൊന്തുന്നത്. ഇവിടങ്ങളിൽ നടക്കുന്നത് വലിയ ചൂഷണമാണ്- മഹേഷ് ഭാസ്കർ മുതലക്കുഴിയിൽ
മത്സ്യ വിപണന കേന്ദ്രത്തിന്റേത് അശാസ്ത്രീയ നിർമാണം
ടാക്സി സ്റ്റാൻഡിൽ നിർമിച്ച മത്സ്യ വിപണന കേന്ദ്രത്തിന്റേത് അശാസ്ത്രീയ നിർമാണമാണ്. മുട്ടം പോലുള്ള ഗ്രാമപ്രദേശത്തിന് യോജിച്ചതല്ല അത്. ഒരു ഹാളിൽ മൂന്നു കച്ചവടക്കാർക്ക് മീൻ വിൽക്കാൻ സാധിക്കുമോ?. രണ്ടോ മൂന്നോ മുറികളായി തിരിച്ചായിരുന്നു ഇത് നിർമിക്കേണ്ടിയിരുന്നത്. അനുയോജ്യമായ മാറ്റങ്ങൾ വരുത്തി വിപണന കേന്ദ്രം എത്രയും വേഗം തുറന്ന് നൽകാൻ നടപടി വേണം- ടി.കെ. റഫീക്ക് തുമരശ്ശേരിൽ
എൻട്രൻസ് പ്ലാസയിൽ പ്രവർത്തിക്കുന്നത് ശൗചാലയം
മലങ്കര ടൂറിസം പദ്ധതി പ്രദേശത്ത് മൂന്നു കോടിയോളം രൂപ മുതൽ മുടക്കി നിർമിച്ച എൻട്രൻസ് പ്ലാസ ഇതുവരെ തുറന്ന് നൽകാൻ കഴിഞ്ഞിട്ടില്ല. കെട്ടിട നിർമാണത്തിലടക്കം വലിയ അഴിമതി നടന്നതായാണ് ആരോപണം. മൂന്നുകോടി മുടക്കിയിട്ട് പ്രവർത്തിക്കുന്നത് ശൗചാലയം മാത്രമാണ്- എൻ.കെ. അജി നെടുമറ്റത്തിൽ
തുറന്ന് നൽകാൻ കഴിയാത്തത് നിരാശാവഹം
നിർമാണം പൂർത്തിയായിട്ടും പദ്ധതികൾ ഉദ്ഘാടനം ചെയ്യാത്തത് നിരാശാവഹമാണ്. അവ വർഷങ്ങളോളം അടഞ്ഞുകിടക്കുക വഴി സർക്കാറിന് ലക്ഷക്കണക്കിന് രൂപയാണ് നഷ്ടപ്പെടുന്നത്. ഉദ്യോഗസ്ഥരുടെ നിരുത്തരവാദിത്തം മൂലമുണ്ടാകുന്ന നഷ്ടം കുറക്കാനായാൽ സർക്കാറിന് ആശ്വാസമാകും. സർക്കാറിലേക്കുള്ള വരുമാനം വർധിച്ചാൽ നമ്മുടെ നികുതി ഉൾപ്പെടെ കുറയുമെന്ന് ഉറപ്പാണ്. അതിനുള്ള ഇടപെടലാണ് വേണ്ടത്- എബിൻ എബ്രഹാം ചാമക്കാലായിൽ
(തുടരും...)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.