മറുനാടൻ തൊഴിലാളികൾ ഇനി മലയാളം പറയും, എഴുതും
text_fieldsമുട്ടം: മറുനാടുകളിൽ നിന്നെത്തി ജോലി ചെയ്യുന്ന തൊഴിലാളികളെ മലയാളം പഠിപ്പിക്കാൻ പദ്ധതി ഒരുങ്ങുന്നു. ജില്ല സാക്ഷരതാ മിഷനും മുട്ടം ഗ്രാമ പഞ്ചായത്തും സംയുക്തമായിട്ടാണ് പദ്ധതി രൂപവത്കരിക്കുന്നത്. പഞ്ചായത്തിന്റെ പരിധിയിലുള്ള മുഴുവൻ ഇതര സംസ്ഥാന തൊഴിലാളികളെയും മലയാളം എഴുതാനും വായിക്കാനും പഠിപ്പിക്കുക എന്നതാണ് പദ്ധതി. ആദ്യഘട്ടത്തിൽ 100 പേരെ പങ്കെടുപ്പിക്കാനാകുമെന്നാണ് സാക്ഷരതാമിഷൻ കരുതുന്നത്. 200 ലധികം ഇതര സംസ്ഥാന തൊഴിലാളികൾ മുട്ടത്ത് ഉണ്ട് എന്നാണ് പ്രാഥമിക വിലയിരുത്തൽ. ജോലിക്ക് ശേഷമുള്ള സമയങ്ങളിലും ഒഴിവു ദിവസങ്ങളിലുമാണ് മലയാളം പഠിപ്പിക്കുക.
ആദ്യ ഘട്ടത്തിൽ പഞ്ചായത്തിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങളിലും തൊഴിൽ ശാലകളിലുമെത്തി വിവരം ശേഖരിക്കും. ശേഷം മലയാളം പഠിക്കാൻ താൽപര്യമുള്ളവരുടെ ചുരുക്കപ്പട്ടിക തയാറാക്കും. അതിനുശേഷം അനുയോജ്യ ഇടം കണ്ടെത്തി ക്ലാസ് നടത്തും. ഡിസംബർ ഒന്നിന് പഞ്ചായത്ത് ഹാളിൽ ആലോചനായോഗം ചേരും.
എൻ.എസ്.എസ് യൂനിറ്റ് വിദ്യാർഥികൾ, പ്രേരക്മാർ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ ഉൾപ്പെടുന്ന സംഘം വിവിധ സംഘങ്ങളായി തിരിഞ്ഞ് സർവേ നടത്തിയാണ് പഠിതാക്കളെ കണ്ടെത്തി റിപ്പോർട്ട് പ്രസിദ്ധീകരിക്കും. തുടർന്ന് സാക്ഷരതാ ക്ലാസുകൾ ആരംഭിക്കും.
ഇതിനായി ഇൻസ്ട്രക്ടർമാരെ നിയോഗിക്കും. ചങ്ങാതി പദ്ധതിക്കായി പ്രത്യേകം തയാറാക്കിയ പാഠപുസ്തകത്തെ അടിസ്ഥാനപ്പെടുത്തിയാണ് ക്ലാസുകൾ നടത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.