എത്ര മനോഹരമീ വെള്ളച്ചാട്ടങ്ങൾ
text_fieldsമുട്ടം: വെള്ളച്ചാട്ടങ്ങൾകൊണ്ട് സമ്പന്നമാണ് ഇടുക്കി. ചെറിയൊരു മഴയിൽ പോലും പൊട്ടിമുളക്കുന്ന നൂറുകണക്കിന് വെള്ളച്ചാട്ടങ്ങളുടെ നാട്. പുറംലോകത്തിന്റെ ശ്രദ്ധ പതിഞ്ഞവയും അല്ലാത്തതുമായ അനേകം വെള്ളച്ചാട്ടങ്ങളുണ്ട് അവയിൽ. പാറക്കെട്ടുകളിൽ നിന്ന് അരിഞ്ഞിറങ്ങി വരുന്ന വെളുത്ത അരഞ്ഞാണങ്ങൾ കണക്കെ കണ്ടാലും കണ്ടാലും മതിവരാത്ത സൗന്ദര്യങ്ങൾ. അതിൽ പലതും നാട്ടുകാരുടെ സ്വന്തം കൊച്ചു വെള്ളച്ചാട്ടങ്ങളാണ്. എത്തിപ്പെടാൻ വഴികളില്ലാത്തതിനാൽ പേരും പെരുമയും കിട്ടാതെ പോയ നിരവധിയുണ്ട് അതിൽ. പ്രശസ്തമായില്ലെന്നു കരുതി ഭംഗിക്ക് ഒരു കുറവുമില്ല. ഒരു മഴയിൽ ജീവൻ വെച്ച് കാടിന്റെയും ഉൾനാടിന്റെയും നിശ്ശബ്ദതയെ ഭഞ്ജിക്കുന്ന, പ്രാദേശികമായി മാത്രം പ്രസിദ്ധമായ ചില വെള്ളച്ചാട്ടങ്ങൾ കാണാം. ഇവിടങ്ങളിലൊന്നും മുന്നറിയിപ്പോ നിർദേശങ്ങളോ നൽകാൻ ആരുമില്ലാത്തതിനാൽ സുരക്ഷ സ്വയം ഉറപ്പുവരുത്തണം. കാഴ്ചയിൽ സുരക്ഷിതമെന്ന് തോന്നുന്നിടത്തു പോലും അപകടം പതിയിരിപ്പുണ്ടാകും. തൊടുപുഴ മുട്ടം വഴി ഇടുക്കിയിലേക്ക് സഞ്ചരിച്ചാൽ കണ്ണിന് കുളിർമയേകുന്ന അനവധി ദൃശ്യങ്ങളാണ് കാത്തിരിക്കുന്നത്. ഇതിൽ ചുരുക്കം എണ്ണം മാത്രമേ വിനോദ സഞ്ചാര കേന്ദ്രങ്ങളായി മാറിയിട്ടുള്ളു. ഭൂരിപക്ഷവും സഞ്ചാരികൾ അറിയാതെ കിടക്കുന്നവയാണ്.
അരുവിക്കുത്ത്
തൊടുപുഴ പട്ടണത്തിന് വളരെ അടുത്തായി സ്ഥിതിചെയ്യുന്ന മനോഹരമായ വിദൂര വെള്ളച്ചാട്ടമാണ് അരുവികുത്ത്. പ്രധാന ട്രാഫിക്കിൽ നിന്ന് അകലെ സ്ഥിതിചെയ്യുന്നതിനാൽ വെള്ളച്ചാട്ടം ഇപ്പോഴും അധികം സഞ്ചാരികളുടെയും ശ്രദ്ധയിൽപ്പെടില്ല. മനോഹര കാഴ്ചയും നിങ്ങൾക്ക് ഇവിടെയെത്തിയാൽ അനുഭവിച്ചറിയാം. വലിയ പ്രശ്നക്കാരൻ ആകാതെ സൽപേരോടുകൂടി ജീവിച്ചു പോകുന്ന അരുവികുത്തിന്റെ ഭംഗി പൂർണമായി ആസ്വദിക്കാൻ പറ്റുന്നത് അതിന് കുറുകെ പാലം ഉള്ളത് കൊണ്ട് ആണ്. പതഞ്ഞ് ഒഴുകുന്ന വെള്ളവും ഓളം തല്ലുന്ന ശബ്ദവും എല്ലാം കൂടി ഉത്സവ പ്രതീതി അരുവികുത്ത് സമ്മാനിക്കുന്നു. വെള്ളച്ചാട്ടം വന്നു പതിക്കുന്നിടത്ത് കുളിക്കുന്നതിനേക്കാൾ ഏറ്റവും ഉചിതവും സുരക്ഷയും നൽകുന്നത് മുകളിൽ നിന്നുള്ള കാഴ്ചയാണ്. വെള്ളത്തിൽ കൂടുതലും വഴുക്കലുകൾ ഉള്ള പാറകളാണ്. ഞ്ചാരികൾ ധാരാളമായി ഇവിടെ എത്തിച്ചേരുന്നുണ്ട്. കൂടുതലും നാട്ടിൻപുറത്തുകാരാണ്. കൂടുതൽ യാത്രികരും ഭക്ഷണം പോലുള്ളത് കഴിക്കുന്നത് വെള്ളച്ചാട്ടത്തിന്റെ ഓരത്തിരുന്നാണ്.
തൊമ്മൻകുത്തിലും മറ്റും കാണുന്നത് പോലെ അപകടം പിടിച്ച നിരവധി കല്ലാടിക്കുഴികൾ ഇവിടെയും കാണാം.വെള്ളമില്ലാത്ത അവസരത്തിൽ മാത്രമാണ് ഇത് വെളിപ്പെടുക. വെള്ളം നിറഞ്ഞൊഴുകുന്ന അവസരത്തിൽ കുളിക്കാൻ ഇറങ്ങുമ്പോൾ അതിൽ അകപ്പെടാനും സാധ്യതയുണ്ട്. ഇടക്കിടെ മഴവെള്ളപ്പാച്ചിൽ ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ ശ്രദ്ധിക്കണം. തൊടുപുഴയിൽ നിന്ന് മൂലമറ്റം റോഡിലേക്ക് ഏഴ് കിലോമീറ്റർ സഞ്ചരിച്ചാൽ മലങ്കര റബ്ബർ ഫാക്ടറിക്ക് സമീപം എത്തും. ഹിൽ അക്വാ എന്ന കുടിവെള്ള ഉൽപാദന കമ്പനിയുമുണ്ട് ഇവിടെ. അവിടെ നിന്ന് 200 മീറ്ററോളം അകലെ വലതുവശത്ത് ഒരു ഹിൽ റോഡ് കാണാം. വെള്ളച്ചാട്ടത്തിലെത്താൻ 500 മീറ്ററോളം കനാൽ റോഡിലൂടെ സഞ്ചരിക്കണം.
പൊട്ടങ്ങ
സഞ്ചാരികളുടെ കാഴ്ചയെ വശീകരിക്കുന്ന മറ്റൊന്നാണ് പൊട്ടങ്ങ വെള്ളച്ചാട്ടം. കാഞ്ഞാർ-പുള്ളിക്കാനം റൂട്ടിൽ കൂവപ്പള്ളിക്കു സമീപമാണ് പൊട്ടങ്ങാതോടു വെള്ളച്ചാട്ടം. വർഷത്തിൽ 10 മാസവും വെള്ളച്ചാട്ടം സജീവമാണ്. അപകടസാധ്യത കുറവാണ്. വെള്ളച്ചാട്ടം കാണാനും കുളിക്കാനുമായി അനവധി ആളുകളാണ് ദിവസവും ഇവിടെ എത്തുന്നത്. കാഞ്ഞാർ വഴി വാഗമൺ പോകുന്നവർക്ക് റോഡിൽ നിന്നു തന്നെ വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാം. കുമ്പങ്കാനം മലനിരകളിലെ മാൻകല്ലിൽ നിന്നാണ് പൊട്ടങ്ങതോട് ഉത്ഭവിക്കുന്നത്. മലങ്കര ജലാശയത്തിൽ വന്നുചേരും. വാഗമൺ, ഇലവീഴാപൂഞ്ചിറ എന്നിവിടങ്ങളിൽ പോകുന്നവർ പൊട്ടങ്ങ വെള്ളച്ചാട്ടം കണ്ടാണ് മടങ്ങുന്നത്. പഞ്ചായത്തും ടൂറിസം വകുപ്പും ചേർന്നു അടിസ്ഥാന സൗകര്യങ്ങളൊരുക്കിയാൽ സഞ്ചാരികളുടെ പ്രവാഹമായിരിക്കും.
ത്രിവേണി സംഗമം
മൂലമറ്റത്തെ നച്ചാറിനു കുറുകെയുള്ള തൂക്കുപാലത്തിലെയും മൂന്ന് ആറുകൾ ചേരുന്ന ത്രിവേണി സംഗമത്തിലേയും കാഴ്ചകൾ വ്യത്യസ്തമാണ്. അധികം ആരും അറിയപ്പെടാത്തതും എത്തിപ്പെടാത്തതുമായ പ്രദേശമാണിവിടം. പ്രദേശത്തെക്കുറിച്ച് അറിയാവുന്നവരുടെ ഇഷ്ട കേന്ദ്രവുമാണ്. അപകടരഹിതമായി വെള്ളത്തിൽ ഇറങ്ങാനും കുളിക്കാനും സൗകര്യമുണ്ട്. പതിറ്റാണ്ടുകൾ പഴക്കമുള്ള തൂക്കുപാലം കാണാൻ ഒട്ടേറെ ആളുകളാണ് ഫഎത്തുന്നത്.
വൈദ്യുതി ഉൽപാദനം കഴിഞ്ഞു പുറംതള്ളുന്ന വെള്ളവും നച്ചാറും വലിയയാറിന്റെയും സംഗമമാണ് ത്രിവേണി. കനാലിന്റെയും രണ്ടു ആറുകളുടെയും സംഗമസ്ഥാനമായ ഇവിടം എന്നും ജല സമൃദ്ധമാണ്. വേനൽക്കാലത്ത് മൂലമറ്റം നിലയത്തിൽ വൈദ്യുതി ഉൽപാദനം കൂട്ടുന്നതിനാൽ ത്രിവേണി സംഗമം എന്നും ജലസമൃദ്ധമാണ്. മൂലമറ്റത്ത് നിന്ന് ഒരു കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.
പൂതക്കുഴി
അപകടരഹിതമായി കുട്ടികൾക്കു വരെ കുളിക്കാനിറങ്ങാം എന്നതാണു ശങ്കരപ്പിള്ളിയിലെ പൂതക്കുഴി വെള്ളച്ചാട്ടത്തിന്റെ പ്രത്യേകത. മുട്ടം-മൂലമറ്റം റൂട്ടിൽ ശങ്കരപ്പിള്ളി ബസ് സ്റ്റോപ്പിനു സമീപത്തു നിന്നു വലത്തേക്കുള്ള വഴിയിലൂടെ അരക്കിലോമീറ്ററോളം പോയാൽ വെള്ളച്ചാട്ടം കാണാം. അപകടരഹിതമെങ്കിലും ചെറിയ വീഴ്ച് പോലും ഗുരുതരമായേക്കാം എന്നതിനാൽ സൂക്ഷിക്കണം. പൂതക്കുഴി വെള്ളച്ചാട്ടം പാലരുവി എന്നും പറയപ്പെടുന്നു.
ഞണ്ടിറുക്കി
മഴക്കാലത്ത് മനോഹരമായ ദൃശ്യവിരുന്ന് ഒരുക്കുന്ന വെള്ളച്ചാട്ടമാണ് ഞണ്ടിറുക്കി. തൊടുപുഴയിൽ നിന്ന് 19 കിലോമീറ്റർ അകലെ വെള്ളിയാമറ്റം പഞ്ചായത്തിലെ പൂമാലയിലാണ് ഇത്
സ്ഥിതി ചെയ്യുന്നത്. മലമുകളിൽ നിന്നും ഒഴുകിയെത്തുന്ന പാലരുവി മലമുകളിൽ നിന്ന് ഏതാണ്ട് 200 അടി താഴേക്ക് പതിച്ചു പുകമഞ്ഞു പോലെ പറക്കുന്നത് മനോഹര ദൃശ്യമാണ്. സമീപത്തെ കോൺക്രീറ്റ് വഴിയിലൂടെ 200 മീറ്റർ സഞ്ചരിച്ചാൽ വെള്ളച്ചാട്ടത്തിന്റെ തൊട്ടടുത്ത് എത്താം. വ്യൂ പോയിന്റുമുണ്ട്.
തമിഴ് നാട്ടിലെ കുറ്റാലം വെള്ളച്ചാട്ടത്തിന്റെ ചെറിയ പതിപ്പ് ആണിത്. നല്ല വഴുക്കലുള്ള പാറകൾ ഉള്ളതിനാൽ താഴെ കുളിക്കുന്നത് അപകടമാണ്. വെള്ളച്ചാട്ടത്തിന് മുകൾ ഭാഗത്തുള്ള സുരക്ഷാ വേലിയുള്ള പാറയിൽ നിന്നാൽ വെള്ളച്ചാട്ടം ഭംഗിയായി കാണാം. മനോഹാരിത കൂടുതലാണ് എന്നത് പോലെ തന്നെ അപകട സാധ്യതയും കൂടുതലാണ്.
കൈക്കുളം
മൂലമറ്റം- വാഗമൺ റൂട്ടിൽ മൂന്ന് കിലോമീറ്റർ അകലെ മണപ്പാടിക്കു സമീപമുള്ള മനോഹരമായ വെള്ളച്ചാട്ടമാണ് കൈക്കുളം. ഒട്ടേറെ യാത്രക്കാർ ഇവിടെയെത്തി കുളിക്കാനും ഫോട്ടോ എടുക്കാനും സമയം ചെലവഴിക്കുന്നു.
കാഴ്ചയിൽ മനോഹരമാണെങ്കിലും അപകട സാധ്യത കൂടുതലാണ്. പായൽ പിടിച്ച് വഴുവഴുപ്പുള്ള പാറകളുള്ളതിനാൽ ഇറങ്ങുന്നത് വളരെ സൂക്ഷിച്ച് വേണം. വാഗമൺ പ്രദേശത്ത് മഴ പെയ്താൽ പെട്ടെന്ന് ഇവിടെ ജലനിരപ്പ് ഉയരും. ഇതും അപകടങ്ങൾക്ക് കാരണമാകും. ശ്രദ്ധയോടെ മാത്രമേ വെള്ളച്ചാട്ടത്തിൽ ഇറങ്ങാവൂ.
സുരക്ഷ ഇല്ല, അടിസ്ഥാന സൗകര്യങ്ങളും
നാട്ടിൻ പുറങ്ങളിൽ അനവധി വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഉണ്ടെങ്കിലും അവ മിക്കതും നാഥനില്ലാകളരി പോലെയാണ്. വരേണ്ടവർ വരിക കാണേണ്ടത് കണ്ട് മടങ്ങുക എന്നതാണ് രീതി. ഫീസ് ഈടാക്കി പ്രവേശനം നൽകുന്ന സ്ഥലങ്ങളിൽ പോലും അടിസ്ഥാന സൗകര്യങ്ങളോ സുരക്ഷാ മുൻകരുതലുകളോ ഇല്ല. ദിനംപ്രതി നൂറ് കണക്കിന് സഞ്ചാരികൾ എത്തുന്ന കേന്ദ്രങ്ങളിൽ പോലും ശുചിമുറികളൊ കഫറ്റീരിയകളോ ഇല്ല.
സുരക്ഷാ ബോർഡുകൾ പോലും കാണില്ല. മലയോര ജില്ലയുടെ പ്രത്യേകതകൾ അറിയാതെ ഇതര ജില്ലകളിൽ നിന്നെത്തുന്നവർ ഇടുക്കിയിൽ അപകടത്തിൽ പെടുന്നതും മരണമടയുന്നതും നിത്യസംഭവങ്ങളാണ്. വിനോദ സഞ്ചാരികൾക്ക് നിർദേശം നൽകാനോ അവരെ സഹായിക്കാനോ ഗാർഡുകളെ പോലും നിയമിക്കുന്ന രീതി കാണുന്നില്ല. വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്ന് മാസങ്ങൾക്ക് അകം തന്നെ അത് നാശത്തിന്റെ വക്കിലെത്തിയിട്ടുണ്ടാവും. പ്രദേശമാകെ മാലിന്യക്കൂമ്പാരവും ആയിട്ടുണ്ടാകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.