വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ അസാധു വോട്ട്: യു.ഡി.എഫിൽ കലഹം
text_fieldsമുട്ടം: മുട്ടം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ട് അസാധുവായ സംഭവത്തിൽ യു.ഡി.എഫിൽ കലഹം മുറുകുന്നു. കഴിഞ്ഞ 29ന് നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് കേരള കോൺഗ്രസ് അംഗം മാത്യു ജോസഫിന്റെ വോട്ട് അസാധുവായത്.
വോട്ട് രേഖപ്പെടുത്തിയ സ്ലിപ്പിൽ ഒപ്പ് ഇടാത്തതായിരുന്നു അസാധുവിന് കാരണം. ഇതിൽ കോൺഗ്രസ് പ്രവർത്തകർ രോഷാകുലരാവുകയും സംഘർഷത്തിലേക്ക് നീങ്ങുകയും ചെയ്തിരുന്നു. എന്നാൽ, നേതാക്കൾ ഇടപെട്ട് രംഗം ശാന്തമാക്കി. ഇതിനുശേഷം പഞ്ചായത്തിലെ മാത്യു ജോസഫിന്റെ പേരെഴുതിയ ബോർഡ് അപ്രത്യക്ഷമായി. ഇത് നീക്കം ചെയ്തവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് യൂത്ത്ഫ്രണ്ട് ആവശ്യപ്പെടുന്നു.
എന്നാൽ, അന്നേ ദിവസം രാവിലെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് അംഗത്തിന് സാധുവായ വോട്ട് ചെയ്ത മാത്യു എന്തുകൊണ്ട് ഉച്ചതിരിരിഞ്ഞ് നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അംഗം ജോസ് കടത്തലക്കുന്നേലിന്റെ വോട്ട് അസാധുവാക്കി എന്നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചോദിക്കുന്നത്.
വോട്ട് അസാധുവാക്കി വിപ്പ് ലംഘിച്ച മാത്യുവിനെതിരെ അയോഗ്യതാ നടപടി സ്വീകരിക്കണമെന്നാണ് യൂത്ത് കോൺഗ്രസ് ആവശ്യപ്പെടുന്നത്. പാർട്ടി നേതാക്കൾ പരസ്യ പ്രതികരണം നടത്തുന്നില്ലെങ്കിലും ഇരുപാർട്ടിയുടെയും യുവജന വിഭാഗങ്ങളുടെയും ഏറ്റുമുട്ടലിനെ ഇതുവരെ വിലക്കിയിട്ടില്ല. വരും ദിവസങ്ങളിലും ഇത് തുടർന്നാൽ മുട്ടത്ത് ഭരണ പ്രതിസന്ധി രൂപപ്പെടും.
ആദ്യ രണ്ടര വർഷം കോൺഗ്രസിന് പ്രസിഡന്റ് സ്ഥാനവും കേരള കോൺഗ്രസിന് വൈസ് പ്രസിഡന്റ് സ്ഥാനവും എന്നതായിരുന്നു യു.ഡി.എഫ് ധാരണ. തുടർന്നുള്ള രണ്ടര വർഷം ഇതേ സ്ഥാനങ്ങൾ വെച്ചുമാറാനാണ് ധാരണ. ഇതുപ്രകാരമാണ് തെരഞ്ഞെടുപ്പ് നടന്നത്.
യു.ഡി.എഫിന് വ്യക്തമായ ഭൂരിപക്ഷമുള്ള മുട്ടത്ത് നാലിനെതിരെ ഒമ്പത് വോട്ടിന് പ്രസിഡന്റായി ഷേർളി അഗസ്റ്റിനും നാലിനെതിരെ എട്ടു വോട്ടിന് ജോസ് ജോസഫും തെരഞ്ഞെടുക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.