മഴക്കുറവിൽ കൃഷി നശിക്കുന്നു; മലങ്കര കനാൽ വഴി ജലസേചനം ആരംഭിച്ചു
text_fieldsമുട്ടം: മലങ്കര കനാൽ വഴിയുള്ള ജലസേചനം ആരംഭിച്ചു. ഇടതുകര കനാലിന്റെ ഷട്ടർ 1.5 മീറ്റർ ഉയർത്തിയാണ് ജലസേചനം ആരംഭിച്ചത്. വർഷകാല മഴക്കുറവിൽ കൃഷി നശിക്കുന്നു എന്ന കർഷകരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ജലസേചനം ആരംഭിച്ചത്.
കഴിഞ്ഞ ആഴ്ച മുതൽ ഷട്ടറുകൾ അടച്ച് ജലം സംഭരിച്ച് തുടങ്ങിയിരുന്നു. ഇരു കനാലിലൂടെയും വെള്ളം ഒഴുക്കണമെങ്കിൽ ഡാമിൽ 40.5 മീറ്റർ വെള്ളമാണ് ആവശ്യമായുള്ളത്. വലതുകര കനാലിൽ അറ്റകുറ്റപ്പണി ആവശ്യമായതിനാൽ തുറക്കുന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല. ഡിസംബർ ആദ്യവാരത്തോടെയാണ് മലങ്കര ജലാശയത്തിൽ നിന്നുള്ള ഇടത്-വലത് കര കനാലുകളിൽ വെള്ളം തുറന്ന് വിടാറുള്ളത്. എന്നാൽ, ഇത്തവണ മഴ ലഭിക്കാത്തതിനാലാണ് കനാൽ തുറക്കാൻ തീരുമാനിച്ചത്.
ഇടത്-വലതുകര എന്നിങ്ങനെ 70 കിലോമീറ്ററോളം ദൂരമാണ് മലങ്കര കനാലൊഴുകുന്നത്. പെരുമറ്റം കൂടി കോലാനി മണക്കാട് അരിക്കുഴ ഭാഗത്ത് കൂടി ഒഴുകുന്ന വലതുകര കനാൽ 27 കിലോമീറ്റർ ദൂരവും തെക്കുഭാഗം, ഇടവെട്ടി, കുമാരമംഗലം കല്ലൂർക്കാട് വഴി ഒഴുകുന്ന ഇടത് കര കനാൽ 30 കിലോമീറ്ററിലധികവുമാണ് ഒഴുകുന്നത്. മൂലമറ്റം നിലയത്തിലെ വൈദ്യുതി ഉൽപാദനത്തിന് ശേഷം പുറംതള്ളുന്ന ജലമാണ് മലങ്കര ജലാശയത്തിലേക്ക് എത്തുന്നത്. ഈ ജലം ഉപയോഗിച്ച് മുട്ടം മിനി പവ്വർ ഹൗസിൽ 3 മെഗാ യൂനിറ്റോളം വൈദ്യുതി ഉൽപാദിപ്പിക്കുന്നുണ്ട്.
കടുത്ത ചൂടിൽ കനാൽ വരണ്ടതോടെ കനാലിനെ ആശ്രയിച്ച് കഴിയുന്നവരും കൃഷിക്കാരും ഏറെ വലഞ്ഞ് തുടങ്ങി. മലങ്കര കനാലിലൂടെ എത്തുന്ന വെള്ളമാണ് കനാലിന് ചുറ്റുപാടുമായി താമസിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളുടെ കിണറുകളിൽ എത്തുന്നത്. കനാലിലെ വെള്ളമാണ് സമീപവാസികൾ കുളിക്കുന്നതിനും അലക്കുന്നതിനും ഉപയോഗിക്കുന്നത്. സമീപത്തെ ഏക്കറ് കണക്കിന് കൃഷിക്കും കനാലിലെ വെള്ളമാണ് ആശ്രയിക്കുന്നത്. സമീപത്തെ ചെറു തോടുകളും ജലസംഭരണികളും സജീവമാകുന്നതും ഈ വെള്ളമെത്തുന്നത് കൊണ്ടു മാത്രമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.