കുടയത്തൂർ-മുട്ടം-കരിങ്കുന്നം കുടിവെള്ള പദ്ധതി; ശുദ്ധീകരണ ശാലയുടെ നിർമാണം പുരോഗമിക്കുന്നു
text_fieldsമുട്ടം: കുടയത്തൂർ-മുട്ടം-കരിങ്കുന്നം പഞ്ചായത്തുകളിലെ മുപ്പതിനായിരത്തിലധികം വീടുകളിലേക്ക് കുടിവെള്ളം എത്തുന്ന പദ്ധതിയുടെ നിർമാണം പുരോഗമിക്കുന്നു. മൂന്ന് പഞ്ചായത്തിലേക്കും വെള്ളം വിതരണം ചെയ്യുന്ന ശുചീകരണ ശാലയുടെ നിർമാണമാണ് പെരുമറ്റത്ത് പുരോഗമിക്കുന്നത്. ഫിൽട്ടർ ഹൗസ്, ക്ലിയർ വാട്ടർ ടാങ്ക്, പമ്പ് ഹൗസ് എന്നിവയുടെ നിർമാണം പൂർത്തിയായി. ക്ലാരിഫെയറിന്റെ നിർമാണം പുരോഗമിക്കുന്നു. ജൂലൈയോടെ നിർമാണം പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
എം.വി.ഐ.പിയിൽനിന്ന് ഏറ്റെടുത്ത പെരുമറ്റത്തെ 60 സെന്റ് സ്ഥലത്താണ് പ്ലാന്റ് നിർമിക്കുന്നത്. പ്രതിദിനം 11 ദശലക്ഷം ലിറ്റർ ജലം ശുദ്ധീകരിക്കാൻ കഴിയുന്ന പ്ലാന്റ് നിർമിക്കാൻ ചെലവാകുന്നത് 11 കോടി 35 ലക്ഷം രൂപയാണ്. നബാർഡ് ഫണ്ട് ഉപയോഗിച്ചാണ് നിർമാണം. നിലവിലെ പാന്റുകളിൽനിന്ന് വ്യത്യസ്തമായി റാപിഡ് സാൻഡ് ഫിൽറ്ററിങ് രീതിയിലാണ് ജലം ശുദ്ധീകരിക്കുന്നത്. തട്ടുകളായി മെറ്റൽ, മിക്സ്ചർ മെറ്റൽ, മണൽ എന്നിവയിലൂടെ അരിച്ചിറക്കുന്ന ജലത്തിലേക്ക് ക്ലോറിൻ കടത്തിവിട്ടാണ് ജലം ശുദ്ധീകരിക്കുന്നത്.
കുടിവെള്ള പദ്ധതിയുടെ ശുദ്ധീകരണ രീതി സ്ലോ സാൻഡ് ഫിൽട്ടറിങ് ആണെങ്കിൽ പുതിയത് റാപിഡ് സാൻഡ് ഫിൽട്ടറിങ് രീതിയിലാണ്. ഇത് കുടിവെള്ളത്തെ കൂടുതൽ ശുദ്ധീകരിക്കും. മൂലമറ്റം നിലയത്തിൽനിന്ന് വൈദ്യുതി ഉൽപാദനശേഷം മലങ്കര ജലാശയത്തിലേക്ക് പുറം തള്ളുന്ന ജലമാണ് പ്ലാന്റിലേക്കെടുക്കുക. ഇത് ശുദ്ധീകരിച്ച് കുടയത്തൂർ, മുട്ടം, കരിങ്കുന്നം പഞ്ചായത്തുകളിലേക്ക് വിതരണം ചെയ്യും. വർഷം മുഴുവൻ മലങ്കര ജലാശയം ജലസമൃദ്ധമായതിനാൽ ജലലഭ്യത പ്രതിസന്ധി സൃഷ്ടിക്കില്ല.
നിർമാണം പുരോഗമിക്കുന്ന സമ്പൂർണ കുടിവെള്ള പദ്ധതിയുടെ ശുദ്ധീകരണ ശാല
100 കോടിയോളം രൂപയാണ് മുട്ടം-കരിങ്കുന്നം സമ്പൂർണ കുടിവെള്ള പദ്ധതിക്കായി വേണ്ടിവരുന്നത്. നബാർഡിന്റെയും ജൽ ജീവൻ മിഷന്റെയും ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്. ഇതിലേക്കായി 61 കോടി വീതം ഇരുവിഭാഗത്തിൽനിന്ന് അനുവദിച്ചിട്ടുണ്ട്. എന്നാൽ, 100 കോടിയോളം രൂപയാണ് പ്രതീക്ഷിക്കുന്നത്.
നിലവിലെ മാത്തപ്പാറയിലെ പമ്പ്ഹൗസ് നിലനിർത്തി കുതിരശക്തികൂടിയ മോട്ടോറുകൾ സ്ഥാപിക്കും. ഇവിടെ നിന്ന് പെരുമറ്റത്തിന് സമീപം നിർമിക്കുന്ന ശുചീകരണ ശാലയിലേക്ക് വെള്ളം പമ്പ് ചെയ്യും. ശുചീകരണ ശേഷം കൊല്ലംകുന്ന്, കാക്കൊമ്പ്, കണ്ണാടിപ്പാറ, പൊന്നംതാനം, വടക്കുംമുറി, നെല്ലാപ്പാറ, കുരിശുപാറ, പെരിങ്കോവ്, വള്ളിപ്പാറ കുടയത്തൂർ എന്നിവിടങ്ങളിലെ ടാങ്കുകളിലേക്ക് വെള്ളം എത്തിക്കും. ഇതിൽ കൊല്ലംകുന്ന്, മടത്തിപ്പാറ ഉൾപ്പടെയുള്ള ടാങ്കുകൾ നവീകരിക്കുമ്പോൾ ഒമ്പത് ടാങ്കുകൾ പുതിയതായി നിർമിക്കും. മുട്ടം-കരിങ്കുന്നം കുടിവെള്ള പദ്ധതിയാണെങ്കിൽ കൂടി ഒരു കണക്ഷൻ കുടയത്തൂരിലേക്കും നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.