പുലിപ്പേടിയിൽ കരിങ്കുന്നവും മുട്ടവും; ഇന്ന് കൂട് സ്ഥാപിക്കും
text_fieldsമുട്ടം: മുട്ടം, കരിങ്കുന്നം പഞ്ചായത്തുകളുടെ അതിർത്തിയായ ഇല്യാരിയിൽ പുലിയെ കണ്ടതോടെ പുറത്തിറങ്ങാൻ പോലും ഭയന്ന് നാട്ടുകാർ. സന്ധ്യ മയങ്ങിയാൽ വീട്ടിനകത്ത് തന്നെ കഴിഞ്ഞ് കൂടുകയാണ് ഇന്നാട്ടുകാർ.ആടിനും പശുവിനും പുല്ലു വെട്ടാൻ പോലും പുറത്തിറങ്ങാൻ ഭയമാണ്. രണ്ട് മാസക്കാലമായി പുലിയുടെ സാന്നിധ്യം ഉണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ 16 ന് വനം വകുപ്പിന്‍റെ കാമറയിൽ ദൃശ്യം പതിഞ്ഞതോടെയാണ് സ്ഥിരീകരണം ഉണ്ടായത്.
ശേഷം അടിയന്തര യോഗം ചേർന്നെങ്കിലും പുലിയെ പിടികൂടാനുള്ള നടപടിക്രമങ്ങൾക്ക് കാലതാമസം നേരിട്ടു. നടപടികൾ പൂർത്തീകരിച്ച് ഇന്ന് കൂട് എത്തിക്കുമെന്നാണ് വനംവകുപ്പ് അധികൃതർ പറയുന്നത്. പീരുമേട്ടിൽനിന്നാമാണ് കൂട് എത്തിക്കുക. ശേഷം അതിൽ ഇരയെ നിർത്തി കെണി ഒരുക്കും.
പുലിയെ കെണിയിലാക്കി നാടുകടത്തിയാൽ മാത്രമെ നാട്ടുകാർക്ക് സമാധാനത്തോടെ കിടന്ന് ഉറങ്ങാൻ കഴിയുകയുള്ളു. വീടിന്‍റെ മുറ്റത്ത് പൂച്ചയുടേയൊ പട്ടിയുടേയൊ കാൽപാട് കണ്ടാൽ പോലും പുലിയുടേതെന്ന ഭയം നിലനിൽക്കുകയാണ്.
കഴിഞ്ഞ മാസം വരെ കാട്ടുപന്നിയുടേയും കുരങ്ങന്‍റെയും ശല്യമായിരുന്നു ഇല്യാരിക്കാർ അനുഭവിച്ചിരുന്നത്. ഇവ കൃഷിക്കാണ് നാശം വരുത്തിയിരുന്നത് എങ്കിൽ ഇപ്പോൾ പുലി ഇറങ്ങിയതോടെ മനുഷ്യ ജീവന് തന്നെ ഭീഷണിയാണ്. പുലിയുടേതെന്ന് സംശയിക്കുന്ന കാൽപാടുകൾ തുടങ്ങനാട്ടിൽ കണ്ടതായി നാട്ടുകാർ പറയുന്നു. ജനസാന്ദ്രത കുറഞ്ഞ ഭാഗത്ത്നിന്ന് ജനവാസ മേഖലയിലേക്ക് പുലി ഇറങ്ങിയാൽ അത് വലിയ പ്രതിസന്ധി ശ്രിഷ്ടിക്കും.
മുമ്പ് രണ്ട് തവണ തൊടുപുഴയിൽ പുലി ഇറങ്ങിയെങ്കിലും രണ്ടിനേയും നാട്ടുകാർ കൊന്നു. ഒന്ന് 1979 ലും മറ്റൊന്ന് 2009 ലുമാണ്. ഒന്നിനെ തല്ലി കൊല്ലുകയും ഒന്നിനെ വെടിവെച്ച് കൊല്ലുകയും ചെയ്തു. തൊടുപുഴയിൽനിന്ന് എട്ട് കിലോമീറ്റർ മാത്രമാണ് നിലവിൽ പുലിയെ കണ്ട കരങ്കുന്നത്തേക്ക് ഉള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.