മലങ്കര ഡാമിലെ ഷട്ടർ അറ്റകുറ്റപ്പണി വൈകുന്നു
text_fieldsമുട്ടം: മലങ്കര അണക്കെട്ടിലെ ഷട്ടർ അറ്റകുറ്റപ്പണി വൈകുന്നതിൽ ആശങ്ക. അടിയന്തരമായി അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ അപകടങ്ങൾക്കിടയാക്കുമെന്നാണ് ആശങ്ക. അണക്കെട്ടിലെ ഷട്ടറുകളും അതിനെ ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്ന സ്റ്റീൽ റോപ്പുകൾക്ക് ഗുരുതര തകരാർ സംഭവിച്ചിട്ടുണ്ട്. അത് എത്രയും വേഗം പരിഹരിക്കാത്തപക്ഷം അത്യാവശ്യ ഘട്ടത്തിൽ ഷട്ടർ ഉയർത്താൻപോലും സാധിക്കാതെ വരും.
സംസ്ഥാനത്തെ ഏറ്റവും ബലക്ഷയമുള്ള ഡാമുകളിൽ ഒന്നാണ് മലങ്കര ഡാമെന്ന് ഡാം സുരക്ഷ അതോറിറ്റിതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. 42 മീറ്റർ വരെ ഉയരത്തിൽ ജലം സംഭരിക്കാമെങ്കിലും 40 മീറ്ററിന് മുകളിൽ ജലനിരപ്പ് ഉയരാതിരിക്കാൻ പരമാവധി പരിശ്രമിക്കുകയാണ് അധികൃതർ.
മഴ തുടർച്ചായി പെയ്യുമ്പോൾ ഷട്ടർ ഉയർത്തിയും താഴ്ത്തിയും ജലനിരപ്പ് ക്രമീക്കരിക്കേണ്ടി വരും. ഇത് ഷട്ടറുകളിലും റബർ സീലുകളിലും റോപ്പിലും തേയ്മാനം വരുത്തിയിട്ടുണ്ട്. ഇത് പരിഹരിക്കാൻ ചുരുങ്ങിയത് ഒരാഴ്ച വേണ്ടിവരും. ഷട്ടർ അറ്റകുറ്റപ്പണി നടത്തണമെങ്കിൽ ജലനിരപ്പ് 36 മീറ്ററിലധികം താഴ്ത്തണം. ഇത്രത്തോളം ജലനിരപ്പ് താഴുമ്പോൾ ആറ് പഞ്ചായത്തിലെ കുടിവെള്ള വിതരണം പൂർണമായും നിലക്കും. മുട്ടം, കുടയത്തൂർ, അറക്കുളം, വെള്ളിയാമറ്റം, ആലക്കോട്, കരിങ്കുന്നം പഞ്ചായത്തുകളിലെ കുടിവെള്ള വിതരണമാണ് സ്തംഭനത്തിലാകുന്നത്. ഈ പഞ്ചായത്തുകളെല്ലാംതന്നെ മൂലമറ്റം വൈദ്യുതി നിലയത്തിൽനിന്ന് ഉൽപാദന ശേഷം പുറന്തള്ളുന്ന ജലം ഉപയോഗിച്ചാണ് കുടിവെള്ള വിതരണം നടത്തുന്നത്. ജലനിരപ്പ് താഴ്ത്തുന്നതോടെ കുടിവെള്ള വിതരണം മുടങ്ങുന്ന പഞ്ചായത്തുകളിലെല്ലാം ബദൽ മാർഗം കണ്ടെത്തേണ്ടതുണ്ട്. ഈ കാലയവളിൽ ജലവിതരണം പൂർണമായി നിലക്കുമെന്നതാണ് അറ്റകുറ്റപ്പണിക്കുള്ള തടസ്സം. ഇത് ചർച്ച ചെയ്യാൻ കുടിവെള്ള വിതരണത്തെ ബാധിക്കുന്ന പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം ചേർന്നെങ്കിലും ധാരണയാകാതെ പിരിഞ്ഞു. ശേഷം കലക്ടർ ഇടപെട്ടെങ്കിലും അതും തീരുമാനമായില്ല. ഇനി മന്ത്രിതലത്തിൽ ചർച്ച നടത്തി പ്രശ്ന പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് എം.വി.ഐ.പി അധികൃതർ.
അറ്റകുറ്റപ്പണിക്ക് അനുയോജ്യമായ സമയം ഇതാണെന്നും വൈകിയാൽ ഈ വർഷം അതിനു സാധിക്കാതെവരുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ജനുവരി മുതൽ വേനൽ ആരംഭിക്കുന്നതോടെ ജലക്ഷാമം രൂക്ഷമാകുകയും പിന്നീട് അറ്റകുറ്റപ്പണി നടക്കാതെയും വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.