മലങ്കര പാർക്കിന് പുതുമോടി; കൂടുതൽ കളിയുപകരണങ്ങൾ എത്തി
text_fieldsമുട്ടം: ഓണത്തെ വരവേൽക്കാൻ മലങ്കര പാർക്ക് ഒരുങ്ങി. കുട്ടികളുടെ പാർക്കിൽ കളിയുപകരണങ്ങൾ, ഇരിപ്പിടം, ഇലുമിനേഷൻ ലൈറ്റുകൾ എന്നിവയാണ് സ്ഥാപിച്ചിട്ടുള്ളത്. ആറ് ലക്ഷത്തോളം രൂപ മുതൽ മുടക്കിയാണ് മലങ്കര പാർക്ക് നവീകരിച്ചത്.
പ്രവേശന ഫീസിനത്തിൽ ലഭിച്ച വരുമാനം ഉപയോഗിച്ചാണ് പാർക്ക് നവീകരിച്ചത്. 20 ലക്ഷത്തോളം രൂപ ഫീസിനത്തിൽ ടൂറിസം കമ്മിറ്റിയുടെ കൈവശമുണ്ട്. എം.വി.ഐ.പിയും ഡി.ടി.പി.സിയും ചേർന്നാണ് പാർക്ക് പ്രവർത്തിപ്പിക്കുന്നത്. മലങ്കരയിലേത് ഡെസ്റ്റിനേഷൻ ടൂറിസം ആയതിനാൽ അതിൽനിന്നു ലഭിക്കുന്ന വരുമാനം മലങ്കര ടൂറിസം പദ്ധതിയിൽ തന്നെ വിനിയോഗിക്കണം.
വർഷങ്ങൾക്ക് മുമ്പ് പ്രവർത്തനം ആരംഭിച്ച മലങ്കര പാർക്ക് വേണ്ടത്ര പുരോഗതി കൈവരിച്ചിട്ടില്ല. നിർമാണം പൂർത്തീകരിച്ച എൻട്രൻസ് പ്ലാസയും തുറന്ന് നൽകാൻ കഴിഞ്ഞിട്ടില്ല. നിർമാണ കരാർ ഏജൻസിയായ ഹാബിറ്റാറ്റും എം.വി.ഐ.പിയും തമ്മിലുള്ള ചക്കുളത്തിപ്പോരാണ് കാരണം. മൂന്നു കോടിയോളം രൂപ മുതൽ മുടക്കിയാണ് പ്ലാസ നിർമിച്ചത്. മലമ്പുഴ മോഡൽ ടൂറിസം പദ്ധതി യാഥാർഥ്യമാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, തൊടുപുഴ പാർക്കിനോളംപോലും നവീകരണം നടത്താൻ മലങ്കരയിലെ അധികൃതർക്കാവുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.