മലങ്കര പുനരധിവാസ ഭൂമി വാസയോഗ്യമാക്കിയില്ല; പകരംഭൂമി വേണമെന്ന് ആവശ്യം
text_fieldsമുട്ടം: മലങ്കര ഡാമിന് സമീപം കുടിൽ കെട്ടി താമസിക്കുന്നവർക്ക് അനുവദിച്ച ഭൂമി വാസയോഗ്യമാക്കിയില്ലെന്ന് പരാതി. 13 കുടുംബങ്ങൾക്കായി 51 സെൻറ് ഭൂമിയാണ് മലങ്കരയിൽ അനുവദിച്ചത്. ഇതിൽ അഞ്ച് കുടുംബങ്ങൾക്ക് ലൈഫ് ഭവനപദ്ധതിയിൽ പെടുത്തി വീട് നിർമിച്ചുനൽകി.
ബാക്കി എട്ട് പേർക്ക് വീടെന്ന സ്വപ്നം ഇനിയും യാഥാർഥ്യമായിട്ടില്ല. ഇതിൽ നാല് വീട്ടുകാരാണ് മുട്ടം പഞ്ചായത്തിൽ പരാതി നൽകിയിരുന്നത്. സമീപത്തെ ഉപയോഗശൂന്യമായിക്കിടക്കുന്ന സ്ഥലം അനുവദിച്ച് നൽകണമെന്നാണ് ആവശ്യം. തീരുമാനം പഞ്ചായത്തിന് തന്നെ എടുക്കാൻ കഴിയാത്തതിനാൽ മന്ത്രിമാർക്കും എം.എൽ.എമാർക്കും അപേക്ഷ സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് പഞ്ചായത്ത് ഭരണസമിതി. സ്ഥലം അനുവദിച്ച് കഴിഞ്ഞതിനാൽ മാറ്റി മറ്റൊരു ഭൂമി അനുവദിക്കാൻ ഏറെ കടമ്പകൾ കടക്കണം.
മലങ്കര ഹില്ലി അക്വ കുടിവെള്ള ഫാക്ടറിക്ക് സമീപത്തെ എം.വി.ഐ.പി വക സ്ഥലമാണ് ഇവർക്കായി അനുവദിച്ച് നൽകിയിട്ടുള്ളത്. ബാക്കി എട്ട് വീടുകൾ നിർമിക്കണമെങ്കിൽ കുന്നിൻ ചെരിവായ ഈ പ്രദേശത്ത് ഉയരത്തിൽ മതിൽ കെട്ടി സംരക്ഷിക്കണം. ശേഷം 30 അടിയോളം ഉയരത്തിൽ മണ്ണിട്ട് നികത്തണം. അതിന് ലക്ഷക്കണക്കിന് രൂപ വേണ്ടിവരും. ഈ തുക പഞ്ചായത്തിന് കണ്ടെത്താൻ പ്രയാസമായതിനാൽ ബ്ലോക്ക് പഞ്ചായത്ത്, ജില്ല പഞ്ചായത്ത്, എം.എൽ.എ, എം.പി എന്നിവർക്ക് നിവേദനം നൽകി കാത്തിരിക്കുകയാണ്.
പെരുമറ്റത്ത് അനുവദിച്ച ഭൂമി പരുവപ്പെടുത്തുന്നതിന് 27 ലക്ഷത്തിലധികം രൂപ ചിലവ് വരുമെന്നാണ് മുട്ടം ഗ്രാമപഞ്ചായത്ത് ഓവർസിയർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. അൽപം കൂടി ചിലവ് ചുരുക്കി ചെറിയ രീതിയിൽ മതിൽ നിർമിച്ചാലും വീടുകൾ നിർമിക്കാൻ കഴിയുമെന്ന് മറ്റ് എൻജിനീയർമാർ പറയുന്നു. സ്വകാര്യ വ്യക്തികൾക്ക് വേണ്ടി എം.പി ഫണ്ട് ചിലവഴിക്കാൻ കഴിയില്ല. എന്നാൽ എം.എൽ.എ, ത്രിതല പഞ്ചായത്ത് എന്നിവർക്ക് തോട് പുറംപോക്ക് കെട്ടി സംരക്ഷിക്കുന്നതിന് ഫണ്ട് ചിലവഴികൾ കഴിയും. വർഷം 15 ലക്ഷം രൂപ വീതം മാറ്റിവെച്ചാൽ പോലും രണ്ട് വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കാൻ കഴിയുമെന്ന് പ്രദേശവാസികൾ പറയുന്നു.
ഏഴ് കുടുംബങ്ങളും നിലവിൽ ഡാമിന് സമീപം മലങ്കര ടൂറിസം പ്രദേശത്ത് കുടിൽ കെട്ടി താമാസിച്ചുവരികയാണ്. മലങ്കര ഡാമിന്റെ നിർമാണത്തിനായി വിവിധ സ്ഥലങ്ങളിൽ നിന്ന് എത്തിയവരാണ് ഇവർ. ഡാം സൈറ്റിൽ അഞ്ച് രൂപയായിരുന്ന അന്ന് കൂലിയായി നൽകിയിരുന്നത്. ഡാം സൈറ്റിന് പുറത്ത് ഒമ്പത് രൂപ കൂലിയുണ്ടായിരുന്നപ്പോൾ കുറഞ്ഞ കൂലിക്ക് പണിയെടുക്കുന്നതിന് തൊഴിലാളികൾ വിസമ്മതിച്ചിരുന്നു. അന്ന് അവിടെ ജോലി ചെയ്യുന്നവർക്ക് വീട് വെക്കാൻ സൗജന്യ ഭൂമി നൽകാമെന്ന ഉറപ്പിൻമേൽ ഇവർ ഡാമിന് സമീപം കുടിൽ കെട്ടി താമസിക്കുകയായിരുന്നു.
പിന്നീട് മാറി മാറി വന്ന സർക്കാരുകൾ സ്ഥലം വാഗ്ദാനം ചെയ്തതോടെ കുറഞ്ഞകൂലിക്ക് ഡാം നിർമാണത്തിലും അനുബന്ധ ജോലികളിലും തുടരുകയായിരുന്നു.
ഇതിനിടെ ഇലപ്പള്ളി വില്ലേജിൽ ഇവർക്ക് സ്ഥലം നൽകാൻ ആലോചിച്ചെങ്കിലും ഈ പ്രദേശെത്ത് താമസിച്ചാൽ ജോലി കിട്ടാനുള്ള ബുദ്ധിമുട്ടും കുട്ടികളുടെ പഠനത്തെ ബാധിക്കുമെന്നും കാണിച്ച് മുട്ടത്തെ വിവിധ രാഷ്ട്രീയ പ്രവർത്തകർ ഉമ്മൻ ചാണ്ടി സർക്കാരിന് ൽകിയ നിവേദനത്തിലാണ് ഇവരെ പെരുമറ്റത്ത് മൂന്ന് സെന്റ് വീതം ഭൂമി നൽകി പുനരധിവസിപ്പിക്കുന്നതിന് നടപടിയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.