മലങ്കര ടോൾ പ്ലാസ: അടിമുടി അഴിമതി; തുടരന്വേഷണത്തിന് സർക്കാർ അനുമതിയില്ല
text_fieldsമുട്ടം: മലങ്കര ടൂറിസം പ്രദേശത്തെ എൻട്രൻസ് പ്ലാസയുടെ നിർമാണത്തിൽ വലിയ അഴിമതി കണ്ടെത്തിയെങ്കിലും തുടർനടപടിക്ക് സർക്കാർ അനുമതി നൽകുന്നില്ലെന്ന് ആക്ഷേപം. 2018ൽ പൂർത്തിയായെങ്കിലും നിർമാണത്തിലെ അപാകത കാരണം ഇതുവരെ എൻട്രൻസ് പ്ലാസ തുറന്ന് നൽകാനായിട്ടില്ല. തുടർന്നാണ് നിർമാണത്തിലെ അഴിമതി സംബന്ധിച്ച് പൊതുപ്രവർത്തകനായ മുട്ടം സ്വദേശി ബേബി ജോസഫ് വണ്ടനാനിക്കൽ വിജിലൻസിൽ പരാതി നൽകിയത്.
തിരുവനന്തപുരം വിജിലൻസ് ഡയറക്ടറേറ്റിൽ നിന്നുള്ള എൻജീനിയർ ഹരി, പൊതുമരാമത്ത് കെട്ടിടവിഭാഗം അസി. എക്സിക്യൂട്ടീവ് എൻജിനീയർ മിനു, പൊതുമരാമത്ത് റോഡ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, വിജിലൻസ് ഇൻസ്പെക്ടർ ഫിലിപ്പ് സാം, എസ്.ഐ ദാനിയേൽ, പൊലീസ് ഉദ്യോഗസ്ഥരായ റഷീദ്, പ്രതീപ്, പൊതുമരാമത്ത് ഓവർസിയർ, അസിസ്റ്റൻറ് എൻജിനീയർ, എം.വി.ഐ.പി ഓവർസിയർ എന്നിവർ ഉൾപ്പെടെ 15 അംഗ സംഘം സ്ഥലത്ത് എത്തി വിശദ പരിശോധന നടത്തി. ജില്ല വിജിലൻസ് സംഘം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ എൻട്രൻസ് പ്ലാസയുടെ നിർമാണത്തിൽ അഴിമതിയും അപാകതയും കണ്ടെത്തിയതിനെത്തുടർന്നാണ് വിദഗ്ധ സംഘം തുടർ അന്വേഷണം നടത്തിയത്. ഇവരും അഴിമതി ശരിവെക്കുന്ന റിപ്പോർട്ടാണ് സർക്കാരിന് നൽകിയത്. എന്നിട്ടും തുടർ അന്വേഷണത്തിന് സർക്കാർ അനുമതി നൽകുന്നില്ല.
വിദഗ്ധ സംഘം നടത്തിയ അന്വേഷണത്തിൽ അനവധി അപാകതകളാണ് കണ്ടെത്തിയത്. വൈദ്യുതീകരണ ജോലികൾ കൈകാര്യം ചെയ്തിരുന്നത് തീർത്തും സുരക്ഷ ഇല്ലാതെയാണ്. അടുത്ത നാളിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചതോടെയാണ് എർത്തിങ് പ്രവർത്തികൾ പോലും ചെയ്തത്. ഈർപ്പം ഒലിച്ചിറങ്ങി ഭിത്തിയിൽ നിന്നും ഷോക്ക് ഏൽക്കുന്ന അവസ്ഥ ഉണ്ട്. ഇത് പരിഹരിക്കുന്നതിനായി സ്വിച്ച് ബോർഡുകളും പാനൽ ബോർഡുകളും മാറ്റി സ്ഥാപിക്കുന്ന ജോലികൾ ഇപ്പോഴാണ് നടത്തുന്നത്. കെട്ടിടത്തിലെ ലൈറ്റുകൾ, ഫാനുകൾ തുടങ്ങിയ ഇലക്ട്രിക് കണക്ഷനുകളും കൃത്യമായിട്ടല്ല സ്ഥാപിച്ചിരുന്നത്. റൂഫിങിലെ ഷിംഗിൾസ് പൊളിഞ്ഞ് പൊങ്ങിയ നിലയിലാണ്. സൺഷേഡിലെ പർഗോള ഓപ്പണിങ്ങിൽ ഒട്ടിച്ചിരുന്ന പോളി കാർബണേറ്റ് ഷീറ്റ് ഇളകി മാറിയ അവസ്ഥയിലാണ്.
അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ നിർമാണം സംബന്ധിച്ച മുഴുവൻ രേഖകളും നിർമാണ ഏജൻസിയായ ഹാബിറ്റാറ്റിൽ നിന്ന് വരുത്തിയിരുന്നു. ഇതുമായി ഒത്തു നോക്കിയ അന്വേഷണ സംഘത്തിന് അനവധി ക്രമക്കേടുകൾ വീണ്ടും കണ്ടെത്താനായി. രണ്ടാം ഘട്ടം പ്ലാസ പൊളിച്ച് പണിതപ്പോൾ പാലിക്കേണ്ട നിബന്ധനകൾ പാലിച്ചിട്ടില്ല. മൂന്ന് ലക്ഷം രൂപയുടെ നിർമാണ പ്രവൃത്തിക്ക് 12 ലക്ഷം രൂപ ചെലവഴിച്ചതായും കണ്ടെത്തി. എൻട്രൻസ് പ്ലാസക്ക് മൂന്ന് കോടിയോളമാണ് ചെലവ് വന്നിട്ടുള്ളത്.
ഏഴ് അപാകതകൾ പരിഹരിച്ചാൽ കെട്ടിട നമ്പർ ലഭിക്കും
വ്യക്തമായ അഴിമതി നടന്നുവെങ്കിലും അനിശ്ചിത കാലം പ്ലാസ അടച്ചിടുന്നതിനെതിരെ ശക്തമായ എതിർപ്പ് ഉയർന്നതിനെ തുടർന്ന് തുറന്ന് നൽകാൻ തീരുമാനം എടുത്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കെട്ടിട നമ്പറിന് പഞ്ചായത്തിൽ അപേക്ഷ നൽകി. പഞ്ചായത്ത് എൻജിനീയറിങ് വിഭാഗം നടത്തിയ പരിശോധനയിൽ കെട്ടിട നമ്പർ നൽകണമെങ്കിൽ ഏഴ് അപാകതകൾ പരിഹരിക്കണമെന്ന് നിർദേശിച്ചു. കെട്ടിടത്തിന്റെ വിനിയോഗം ഡി ഗണത്തിൽ വരുന്നതിനാൽ ഫയർ എൻ.ഒ.സി ആവശ്യമാണ്. ഭിന്നശേഷിക്കാർക്ക് കൂടി ഉപയോഗിക്കാൻ പാകത്തിൽ ശുചി മുറിയിൽ മാറ്റം വരുത്തൽ, പാർക്കിങ് പ്ലാനിലെ അപാകത പരിഹരിക്കൽ, സെപ്ടിക് ടാങ്കിന് സമീപം കുടിവെള്ള സ്രോതസ്സ് ഇല്ല എന്നുള്ള സർട്ടിഫിക്കറ്റ് നൽകൽ, നമ്പർ ഇടേണ്ട മുറികളുടെ ഏരിയ തരം തിരിച്ച് ലഭ്യമാക്കൽ, സോളാർ വൈദ്യുത സംവിധാനം സ്ഥാപിക്കൽ, സോളാർ വാട്ടർ ഹീറ്റിങ്ങ് സംവിധാനം ഉൾപ്പെടുത്തൽ തുടങ്ങിയവയാണ് കെട്ടിട നമ്പർ ലഭിക്കാൻ വരുത്തേണ്ട മാറ്റങ്ങൾ. മാറ്റങ്ങൾ വരുത്തിയ ശേഷം കെട്ടിട നമ്പർ ലഭിച്ച് കഴിഞ്ഞാൽ അഞ്ച് മുറികളും കോൺഫറൻസ് ഹാളും വാടകക്ക് നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.