മലങ്കര ടൂറിസം ഹബ്: ജനറൽ കൗൺസിൽ ചേർന്നു; 10 ലക്ഷത്തിന്റെ നവീകരണത്തിന് തീരുമാനം
text_fieldsമുട്ടം: 10 ലക്ഷത്തോളം രൂപ ചെലവഴിച്ച് മലങ്കര ടൂറിസം ഹബ്ബിൽ പുതിയ വികസന പ്രവർത്തനം നടത്താൻ ജനറൽ കൗൺസിൽ യോഗത്തിൽ തീരുമാനമായി. അടിയന്തരമായി കുട്ടികളുടെ പാർക്കിൽ കൂടുതൽ റൈഡുകൾ വാങ്ങും.
ഇതിനായി മൂന്ന് ലക്ഷം രൂപ നീക്കിവെച്ചു. പാർക്കിൽനിന്ന് ഫീസ് ഇനത്തിൽ പിരിഞ്ഞ് കിട്ടിയ 18 ലക്ഷത്തിലധികം രൂപ ടൂറിസം കൗൺസിലിന്റെ കൈവശമുണ്ട്. ഇത് ഉപയോഗിച്ചാണ് വികസന പ്രവർത്തനങ്ങൾ നടത്തുക.
ടൂറിസം സ്പോട്ടിൽ കുടിൽ കെട്ടിക്കിടക്കുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനും ആലോചന ഉണ്ടായി. ഇതിനായി കണ്ടെത്തിയ ഭൂമി ഉപയോഗപ്രദമല്ലെങ്കിൽ പകരം ഭൂമി കണ്ടെത്താനാാണ് തീരുമാനം. ടൂറിസം ഹബിൽ മഴക്കാലത്ത് നനയാതെ കയറി നിൽക്കാൻ സംവിധാനമില്ല. ഇതിനായി നടപ്പാതയോടു ചേർന്ന് സംവിധാനം ഒരുക്കും.
എൻട്രൻസ് പ്ലാസ തുറക്കാൻ താൽപര്യപത്രം ക്ഷണിക്കും
മലങ്കര ജലാശയത്തിൽ പെഡൽ ബോട്ട് ഇറക്കാനും എൻട്രൻസ് പ്ലാസ തുറക്കാനും ആലോചന ഉണ്ടായി. സ്വകാര്യ പങ്കാളിത്തത്തോടെ താൽപര്യപത്രം ക്ഷണിക്കാനാണ് തീരുമാനം.
എൻട്രൻസ് പ്ലാസ തുറക്കാൻ 20 ലക്ഷം രൂപയോളം വേണ്ടിവരും. ഫയർ എൻ.ഒ.സി എടുക്കാൻ 16 ലക്ഷം രൂപയും ജലസംഭരണി സ്ഥാപിക്കാൻ രണ്ടുലക്ഷം രൂപയും ശുചിമുറി ഉൾപ്പെടെ മറ്റ് സൗകര്യങ്ങൾ ഒരുക്കാൻ രണ്ടു ലക്ഷം രൂപയും വേണ്ടിവരും.
ഇത്രയും രൂപ മുടക്കാൻ ടൂറിസം ഡിപ്പാർട്ട്മെന്റോ എം.വി.ഐ.പിയോ തയാറല്ല. അതിനാൽ സ്വകാര്യ വ്യക്തികളോ സംഘടനകളോ തയാറെങ്കിൽ അവർക്ക് നൽകി പ്ലാസയുടെ നടത്തിപ്പ് അവകാശം വിട്ട് നൽകാനാണ് തീരുമാനം. ഇതേരീതിയിൽ തന്നെ പെഡൽ ബോട്ട് ഇറക്കാൻ താൽപര്യമുള്ളവരെ കണ്ടെത്തി നടത്തിപ്പ് അവകാശം വിട്ടുനൽകും. ഇതിനായി ഉടൻ താൽപര്യപത്രം ക്ഷണിക്കും. മൂന്ന് മാസം കഴിഞ്ഞ് വീണ്ടും ജനറൽ കൗൺസിൽ കൂടാനും പ്രവർത്തനം വിലയിരുത്താനും തീരുമാനമായിട്ടുണ്ട്. തൊടുപുഴ എം.എൽ.എ പി.ജെ. ജോസഫ് അധ്യക്ഷതവഹിച്ച യോഗത്തിൽ കലക്ടർ വി. വിഘ്നേശ്വരി, എം.വി.ഐ.പി, ടൂറിസം, ഡി.ടി.പി.സി ഉദ്യോഗസ്ഥർ, മുട്ടം പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.