അതിവേഗ വികസനം കൊതിച്ച് മലങ്കര; ടൂറിസം പദ്ധതികൾ അവഗണനയിൽ
text_fieldsമുട്ടം: വർഷങ്ങൾക്ക് മുമ്പ് നിർമാണം പൂർത്തീകരിച്ച് വിനോദസഞ്ചാരികൾക്കായി തുറന്നുനൽകിയ മലങ്കര ടൂറിസം പദ്ധതി തീർത്തും അവഗണനയിൽ. വിശ്രമിക്കാൻ ആവശ്യത്തിന് ഇരിപ്പിടങ്ങളോ തണൽ മരങ്ങളോ ഇവിടെയില്ല. ദാഹം അകറ്റണമെങ്കിൽ പാർക്കിൽ നിന്ന് പുറത്തിറങ്ങി 500 മീറ്റർ അകലെ പോകേണ്ട അവസ്ഥയാണ്. 2.50 കോടിയിലധികം രൂപ മുടക്കി നിർമിച്ചിട്ടിരിക്കുന്ന എൻട്രൻസ് പ്ലാസ ഇതുവരെ തുറന്ന് നൽകിയിട്ടില്ല.
ഇതിൽ കഫറ്റേരിയ ഉൾപ്പടെ തുറക്കാൻ സൗകര്യം ഉണ്ടെങ്കിലും നടപടിയില്ല. മാസംതോറും ലക്ഷക്കണക്കിന് രൂപ വരുമാനം ലഭിച്ചിട്ടും അത് അടിസ്ഥാന വികസനത്തിന് വിനിയോഗിക്കാൻ അധികൃതർ തയാറാകുന്നില്ല.
മലങ്കരയിലെ ടൂറിസം പദ്ധതി പ്രകാരം അവിടെ നിന്ന് ലഭിക്കുന്ന വരുമാനം അവിടെ തന്നെ ചെലവഴിക്കേണ്ടതാണ്. എം.വി.ഐ.പിയുടെയും ടൂറിസം വകുപ്പിന്റെയും മേൽനോട്ടത്തിലാണ് മലങ്കര ടൂറിസം പദ്ധതി നടപ്പാക്കി വരുന്നത്.
മലങ്കര ഫെസ്റ്റ് പുനരാരംഭിക്കണം; കാർഷികമേളയും വേണം
മുട്ടം: അനന്തമായ ടൂറിസം സാദ്ധ്യതയുള്ള പ്രകൃതി രമണീയമായ മലങ്കര ഡാമും പരിസരങ്ങളും കാണുന്നതിനും ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിനുമായി മലങ്കര ടൂറിസം ഫെസ്റ്റ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാണ്. തുടർച്ചയായി രണ്ട് തവണ വിജയകരമായി നടപ്പാക്കിയ മലങ്കര ഫെസ്റ്റ് കോവിഡ് മഹാമാരി മൂലമാണ് മുടങ്ങിപ്പോയത്.
ഇത് പുനരാരംഭിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. മുട്ടം പഞ്ചായത്ത്, സഹകരണ ബാങ്ക്, മർച്ചന്റ്സ് അസോസിയേഷൻ, ഡി.ടി.പി.സി, മറ്റ് സർക്കാർ ഏജൻസികൾ, വിവിധ രാഷ്ട്രീയ സാമൂഹ്യ സന്നദ്ധ സംഘടനകൾ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഫെസ്റ്റ് നടത്തിവന്നിരുന്നത്. മലങ്കര ടൂറിസത്തിന്റെ വിവിധ സാധ്യതകൾ ചർച്ച ചെയ്യുന്നതിനും അത് പ്രാവർത്തികമാക്കുന്നതിനും ടൂറിസം ഫെസ്റ്റ് ഏറെ പ്രയോജനപ്രദമായിരുന്നു. പി.ജെ ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ നടത്തിവരാറുള്ള കാർഷിക മേള ഇത്തവണ മുട്ടം ടൂറിസം മേഖലയിൽ നടത്തിയാൽ അത് ഗുണകരമാകുമെന്നും നാട്ടുകാർ പറയുന്നു.
ജലവിഭവ വകുപ്പിന്റെ കീഴിലുള്ള മലങ്കര പ്രദേശങ്ങളുടെ വികസനത്തിന് സമീപ മണ്ഡലത്തിലെ പ്രതിനിധിയും മന്ത്രിയുമായ റോഷി അഗസ്റ്റിന് ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നും നാട്ടുകാർ കരുതുന്നു. തൊടുപുഴ സഹകരണ ബാങ്ക്, മലങ്കര ജലാശയത്തിൽ ബോട്ടിങ്ങ് നടത്തുന്നതിന് അപേക്ഷ നൽകി കാത്തിരിക്കുകയാണ്. മലങ്കര ടൂറിസം മേഖലയുടെ സാധ്യതകളെക്കുറിച്ച് വിശദപഠനം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ബോട്ട് ഇറക്കാൻ തയാറായത്.
മലങ്കര മുതൽ അറക്കുളം വരെ പരന്നു കിടക്കുന്ന ജലാശയവും അതിന് സമീപത്തായുള്ള ഇലവീഴാപൂഞ്ചിറ, കാഞ്ഞാർ പാർക്ക്, പച്ചിലാംകുന്ന് വ്യൂ പോയിന്റ്, ത്രിവേണി സംഗമം, പെരുംകൊഴുപ്പ് ടൂറിസം മേഖല എന്നിവ കോർത്തിണക്കി ഒരു ഫെസ്റ്റ് സംഘടിപ്പിച്ചാൽ മുട്ടം, കുടയത്തൂർ, അറക്കുളം, വെള്ളിയാമറ്റം പഞ്ചായത്തുകളുടെ ടൂറിസം വികസനത്തിന് ഏറെ പ്രയോജനകരമാകും.
അപകട മേഖല; സുരക്ഷാമുൻകരുതലില്ല
മുട്ടം: ജില്ലയിൽ ലോറേഞ്ചിലെ ഏറ്റവും വലിയ വിനോദ കേന്ദ്രമാണ് മലങ്കര ടൂറിസം പദ്ധതി പ്രദേശം. അതിനെ ചുറ്റിപ്പറ്റിയുള്ള കാഞ്ഞാർ പാർക്കും തൊട്ടുപിന്നിൽ നിൽക്കുന്നു. ഈ രണ്ട് ടൂറിസം കേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്നത് മലങ്കര ജലാശയത്തിന്റെ തീരത്താണ്.
എന്നിട്ടും ജലാശയത്തിലേക്ക് അപകടരഹിതമായി ഇറങ്ങാൻ അധികൃതർ സൗകര്യം ഒരുക്കിയിട്ടില്ല. അപകട സാധ്യതയുള്ള പ്രദേശത്തേക്ക് ഇറങ്ങാതിരിക്കുന്നതിന് വേണ്ട മുൻകരുതലുകളും എടുത്തിട്ടില്ല. ചുരുങ്ങിയ കാലത്തിനുള്ളിൽ നിരവധി ജീവനുകളാണ് അധികൃതരുടെ അനാസ്ഥ മൂലം ഹോമിക്കപ്പെട്ടത്. മുന്നറിയിപ്പ് ബോർഡുകളും സുരക്ഷാഉദ്യോഗസ്ഥരും ഇല്ലാത്തതാണ് അപകടം ആവർത്തിക്കാൻ പ്രധാന കാരണം. കാഞ്ഞാർ, മുട്ടം പ്രദേശങ്ങളിലാണ് കൂടുതൽ അപകടവും ഉണ്ടാകുന്നത്.
ജലാശയത്തിൽ മരണപ്പെട്ടവരെല്ലാം തന്നെ യുവാക്കളാണെന്നതും ശ്രദ്ധേയമാണ്. നീന്തൽ അറിയാവുന്നവരും അപകടത്തിൽ പെടുന്നത് ജലാശയത്തെക്കുറിച്ച് വ്യക്തമായ ധാരണ ഇല്ലാത്തതിനാലാണ്. പുറമേ ശാന്തമെന്ന് തോന്നുമെങ്കിലും ഈ പ്രദേശങ്ങളിൽ അടിയൊഴുക്ക് വളരെ ശക്തമാണ്. ഒഴുക്കിൽ പെട്ടാൽ ആളെ രക്ഷിക്കൽ പ്രയാസകരവുമാണ്.
നിരവധി സഞ്ചാരികൾ വിശ്രമത്തിന് തെരഞ്ഞെടുക്കുന്ന കാഞ്ഞാറിലെ വാട്ടർഷെഡ് തീം പാർക്കിന് സമീപം പരന്നുകിടക്കുന്ന ജലാശയത്തിൽ കുളിക്കാൻ ഇറങ്ങുമ്പോഴാണ് അപകടം സംഭവിക്കുന്നത്.
കാഴ്ചയിൽ ജലാശയത്തിന് ആഴവും ഒഴുക്കും തോന്നില്ല. രണ്ട് തട്ടുകളായാണ് ഇവിടെ പുഴ ഒഴുകുന്നത്. ഇതിന്റെ മധ്യഭാഗത്ത് ശക്തമായ ഒഴുക്കും ആഴവും ഉണ്ട്.
മരണങ്ങളും നിരവധി
മലങ്കര ജലാശയത്തിൽ വിനോദ സഞ്ചാരികൾ ഒഴുക്കിൽപ്പെടുന്നതും മരണമടയുന്നതും തുടർക്കഥയാണ്. 2022 സെപ്റ്റംബർ 17ന് രണ്ട് യുവാക്കൾ മുങ്ങി മരിച്ചതാണ് ഒടുവിലത്തേത്. ചങ്ങനാശ്ശേരി അറക്കൽ അമൻ ഷാബു (23), കോട്ടയം താഴത്തങ്ങാടി ജാസിൻ മൻസിൽ ഫിർദോസ് (20) എന്നിവരാണ് മരിച്ചത്. ബന്ധുവീട്ടിൽ വിവാഹ ചടങ്ങിനെത്തിയ യുവാക്കൾ ജലാശയത്തിൽ ഇറങ്ങുന്നതിനിടെ കാൽ വഴുതി വീണ് മുങ്ങി മരിക്കുകയായിരുന്നു. ഇടുക്കി കാണാനെത്തിയ കോഴിക്കോട് സ്വദേശി മുഹമ്മദ് ഷിൻസ് മുങ്ങി മരിച്ചതും ഇതിന് സമീപമാണ്.
നാലുവർഷം മുമ്പ് എഫ്.എ.സി.ടി ജീവനക്കാരൻ കുളിക്കാൻ ഇറങ്ങി ഒഴുക്കിൽ പെട്ട് മരിച്ചു. കാഞ്ഞാറിലെ ഇതേ കടവിന് സമീപമാണ് 2020 സെപ്റ്റംബറിൽ ജലനിധി ജോലിക്കായി എത്തിയ യുവാവ് അപകടത്തിൽ പെട്ട് മരിച്ചത്. ചീനിക്കുഴി ബൗണ്ടറിക്ക് സമീപം കട്ടക്കൽ ജോണിന്റെ മകൻ മോബിനാണ് (19) അന്ന് മുങ്ങിമരിച്ചത്. അറക്കുളം ആശുപത്രിപ്പടിയിലെ കുളിക്കടവിൽ സുഹൃത്തുക്കളോടൊത്ത് കുളിക്കാനിറങ്ങിയതായിരുന്നു മോബിൻ. വർഷങ്ങൾക്ക് മുമ്പ്മുട്ടം ഡാമിന് സമീപത്തും ഇതേ രീതിയിൽ മുങ്ങിമരണം സംഭവിച്ചിരുന്നു. മുട്ടം എൻജിനീയറിങ് കോളജ് വിദ്യാർത്ഥി അശ്വിനാണ് അന്ന് മുങ്ങി മരിച്ചത്. 2020ലാണ് മലങ്കര ടൂറിസം പ്രദേശത്ത് സിനിമാനടൻ അനിൽ നെടുമങ്ങാട് മുങ്ങി മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.