മീനച്ചിൽ ജലസേചന പദ്ധതിക്ക് നടപടി; വറ്റുമോ മലങ്കര ജലാശയം
text_fieldsമുട്ടം: മീനച്ചിൽ കുടിവെള്ള പദ്ധതിക്ക് പുറമെ മീനച്ചിൽ ജലസേചന പദ്ധതിക്കും നടപടി ആരംഭിച്ചതോടെ ആശങ്കയിലായി ജനം. രണ്ട് പദ്ധതിക്കുമായി ജലം മീനച്ചിലാറ്റിലേക്ക് ഒഴുക്കുമ്പോൾ മലങ്കര ജലാശയം വറ്റിവരളുമോ?, 70 കിലോമീറ്ററോളം ദൂരത്തിലുള്ള ഇടത്-വലതുകര കനാലുകൾ വെറുതെയാകുമോ?, മലങ്കര ചെറുകിട വൈദ്യുതി നിലയത്തിന്റെ പ്രവർത്തനം അവതാളത്തിലാകുമോ?, തൊടുപുഴ, മൂവാറ്റുപുഴ നദീതടം മണൽപരപ്പ് ആകുമോ... തുടങ്ങി അനവധി ചോദ്യങ്ങളാണ് ഉയരുന്നത്.
മൂലമറ്റം നിലയത്തിൽ വൈദ്യുതി ഉൽപാദനത്തിനുശേഷം പുറംതള്ളുന്ന ജലം മീനച്ചിലാറ്റില്‍ എത്തിച്ച് കുടിവെള്ളത്തിനും ജലസേചനത്തിനും ഉപയോഗപ്പെടുത്തുന്നതിന് മീനച്ചില്‍ നദീതട പദ്ധതിയുടെ വിശദ പഠന റിപ്പോർട്ട് (ഡി.പി.ആര്) തയാറാക്കുന്നതിന് കേന്ദ്ര ഏജന്‍സിയായ വാപ്കോസുമായി ജലസേചന വകുപ്പ് ധാരണപത്രം ഒപ്പിട്ടതോടുകൂടിയാണ് ജനം ആശങ്കയിലായത്.
ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ സാന്നിധ്യത്തില്‍ ജലസേചന വകുപ്പ് അഡീ. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയാണ് സംസ്ഥാനത്തിനുവേണ്ടി കഴിഞ്ഞ ദിവസം ധാരണപത്രം ഒപ്പുവെച്ചത്. പദ്ധതിയുടെ പ്രാഥമിക പഠന റിപ്പോര്‍ട്ട് മന്ത്രി റോഷി അഗസ്റ്റിന് വാപ്കോസ് പ്രതിനിധി അമിതാഭ് ത്രിപാഠി നേരത്തേ കൈമാറിയിരുന്നു. ഇതുവരെ വിശദാംശം പുറത്തുവിട്ടിട്ടില്ല.
എന്താണ് മീനച്ചില്‍ നദീതട പദ്ധതി?
അറക്കുളം മൂന്നുങ്കവയലില്‍ ചെക്ഡാം പണിത് ഇവിടെനിന്ന് 500 മീറ്റര്‍ കനാല്‍ നിര്‍മിച്ച് അതിലൂടെ എത്തുന്ന വെള്ളം 6.5 കിലോമീറ്റര്‍ ടണല്‍ നിര്‍മിച്ച് അതിലൂടെ കോട്ടയം ജില്ലയിലെ മൂന്നിലവ് പഞ്ചായത്തില്‍ എത്തിക്കും. ഇവിടെനിന്ന് 200 മീറ്റര്‍ ചാലുകീറി വെള്ളം കടപുഴയിലേക്ക് എത്തിക്കുന്നതാണ് പദ്ധതി. മുന്‍ മന്ത്രി കെ.എം. മാണി വിഭാവനം ചെയ്ത പദ്ധതിയാണിത്. അന്ന് പഠന റിപ്പോര്‍ട്ട് ലഭിക്കുകയും ടണലിനായി ഭൂമിക്കടിയിലെ പാറ നിര്‍ണയിക്കാനുള്ള റിഫ്രാക്ഷന് സര്‍വേക്ക് ബംഗളൂരു ആസ്ഥാനമായ ഏജന്‍സിയുമായി ചര്‍ച്ച പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. പിന്നീട് സാങ്കേതിക കാരണങ്ങളാല്‍ പദ്ധതി മുടങ്ങി.
മീനച്ചില്‍ തടത്തില്‍ 75 മീറ്റര്‍ ഉയരത്തില്‍ 228 ഹെക്ടര്‍ ജലസംഭരണി വിസ്തൃതിയുള്ള അണക്കെട്ട് നിര്‍മിക്കാനായിരുന്നു പ്രാഥമിക നിര്‍ദേശം. കെ.എസ്.ഇ.ബി മീനച്ചില്‍ തടത്തില്‍ വഴിക്കടവില്‍നിന്ന് ഇടുക്കി അണക്കെട്ടിലേക്ക് തുരങ്കം നിര്‍മിച്ച് ഡൈവെര്‍ഷന്‍ വെയര്‍ വഴി വെള്ളം തിരിച്ചുവിടാന്‍ തുടങ്ങിയതോടെ പദ്ധതി തടസ്സപ്പെട്ടു. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി, അടുക്കത്ത് അണക്കെട്ട് നിര്‍മാണം അസാധ്യമാണെന്ന് കണ്ടെത്തി. അതിനുപകരം മലങ്കര അണക്കെട്ടിന്റെ മുകള്‍ഭാഗത്തുനിന്ന് വെള്ളം തിരിച്ചുവിടുന്നതിനും മീനച്ചിലിലും അതിന്റെ മൂന്ന് പ്രധാന കൈവഴികളിലും മിനി ഡാമുകള്‍ നിര്‍മിക്കുന്നതിനും ബദല്‍ പദ്ധതി ശിപാര്‍ശ ചെയ്തു.
മൂവാറ്റുപുഴയാറും എറണാകുളത്തിന്റെ കിഴക്കൻ പ്രദേശങ്ങളും ആശങ്കയിൽ
കണക്കുകൾ നിരത്തിയാണ് മൂവാറ്റുപുഴ ജനത മീനച്ചിൽ ജലസേചന പദ്ധതിക്കെതിരെ പ്രതിഷേധം ഉയർത്തുന്നത്. മൂലമറ്റം റിസർവോയറിൽനിന്ന് ഒരുസെക്കൻഡിൽ 80 ഘനമീറ്റർ ജലമാണ് മലങ്കര ഡാമിലേക്ക് ഒഴുകുന്നത്. ഇതിൽനിന്ന് 37 ഘനമീറ്റർ മൂവാറ്റുപുഴ വാലിയിലേക്ക് എടുക്കുന്നു.
എം.വി.ഐ.പിയുടെ ഈ ജലമാണ് മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളിലെ തെക്കൻ മേഖലകളിലും ഏറ്റുമാനൂർ താലൂക്കിലെ വിവിധ പ്രദേശങ്ങളിലെ കൃഷിക്കും കുടിവെള്ളത്തിനും ആശ്രയിക്കുന്നത്. ഇതിനുശേഷമുള്ള ജലം തൊടുപുഴ, മൂവാറ്റുപുഴ ആറുകളിലൂടെ ഒഴുകി ആലപ്പുഴ ജില്ലവരെ എത്തുന്നു. മൂവാറ്റുപുഴയാറിന്റെ ഇരുകരയെയും ബന്ധപ്പെടുത്തി 16 ശുദ്ധജല വിതരണ പദ്ധതിയും 27 ജലസേചനപദ്ധതിയും നിലവിലുണ്ട്.
ഇതിൽ ജപ്പാൻ കുടിവെള്ള പദ്ധതിയിലൂടെ ചേർത്തലക്ക് 10 കോടി ലിറ്റർ വെള്ളവും വൈക്കത്തിന് അഞ്ചുകോടി ലിറ്റർ ജലവുമാണ് വേണ്ടത്. കൊച്ചി നഗര പദ്ധതിയിലേക്ക് 1.16 ഘനമീറ്റർ ജലവും വേണം. പുറമെ വെള്ളൂർ സ്യൂസ് പ്രിന്റ് ഫാക്ടറിയിലേക്ക് 10 ഘനമീറ്റർ ജലവും വേണം. ഇതല്ലാത്തിനും കൂടി ആവശ്യത്തിന് വെള്ളം മൂവാറ്റുപുഴയാറ്റിൽ ഇല്ലാതിരിക്കെയാണ് മീനച്ചിൽ പദ്ധതിയുടെ പേരിൽ ജലം ചോർത്താൻ നീക്കം നടക്കുന്നതെന്നാണ് ആക്ഷേപം.
കനാൽവഴിയുള്ള ജലസേചനം അവതാളത്തിലാകുമോ ?
കടുത്ത ചൂടിൽ ഉറവകൾ വറ്റുമ്പോൾ കർഷകരുടെ ഏക ആശ്രയം മലങ്കരയിൽനിന്ന് തുടങ്ങുന്ന ഇടത് വലത് കനാലുകളാണ്. ഡിസംബർ ആദ്യവാരം മുതൽ ഇവിടെ നിന്ന് ജലസേചനം ആരംഭിക്കും. കനാലിലെ വെള്ളമാണ് സമീപവാസികൾ കുളിക്കുന്നതിനും അലക്കുന്നതിനും ഉപയോഗിക്കുന്നത്. സമീപത്തെ ചെറുതോടുകളും ജലസംഭരണികളും സജീവമാകുന്നതും ഈ വെള്ളമെത്തുന്നത് കൊണ്ടുമാത്രമാണ്. ഇരുകനാലുകൾ വഴിയും ജലമൊഴുക്ക് നിലച്ചാൽ കൃഷിയും മറ്റും അവതാളത്തിലാകും.
ഇടത്-വലതുകര എന്നിങ്ങനെ 70 കിലോമീറ്ററോളം ദൂരമാണ് മലങ്കര കനാലൊഴുകുന്നത്. പെരുമറ്റം കൂടി കോലാനി മണക്കാട് അരിക്കുഴ ഭാഗത്തുകൂടി ഒഴുകുന്ന വലതുകര കനാൽ 27 കിലോമീറ്റർ ദൂരവും തെക്കുഭാഗം, ഇടവെട്ടി, കുമാരമംഗലം കല്ലൂർക്കാട് വഴി ഒഴുകുന്ന ഇടത് കര കനാൽ 30 കിലോമീറ്ററിൽ അധികവുമാണ് ഒഴുകുന്നത്. മൂലമറ്റം നിലയത്തിലെ വൈദ്യുതി ഉൽപാദനത്തിനുശേഷം പുറംതള്ളുന്ന ജലമാണ് മലങ്കര ജലാശയത്തിലേക്ക് എത്തുന്നത്. ഈ ജലം ഉപയോഗിച്ച് മുട്ടം മിനി പവർ ഹൗസിൽ 4.8 മെഗാവാട്ടോളം വൈദ്യുതി ഉൽപാദിപ്പിക്കുന്നുണ്ട്. കനാലിലൂടെ വെള്ളം ഒഴുക്കണമെങ്കിൽ ഡാമിൽ 41 മീറ്റർ വെള്ളമാണ് അവശ്യമായുള്ളത്.
പദ്ധതി വരുന്നതിൽ ആശങ്കയുണ്ട്
മീനച്ചിൽ കുടിവെള്ള പദ്ധതിക്ക് പുറമെ ജലസേചന പദ്ധതികൂടി വരുന്നതിൽ ആശങ്കയുണ്ട്. ഈ രണ്ട് പദ്ധതിമൂലം മൂവാറ്റുപുഴയിലേതടക്കം മറ്റ് 150ലധികം കുടിവെള്ള പദ്ധതികൾ മുടങ്ങുന്ന സ്ഥിതി ഉണ്ടാകാൻ പാടില്ല. ജനത്തെ വിശ്വാസത്തിലെടുത്തും കൂടുതൽ ആലോചന നടത്തിയും മാത്രമേ പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ കഴിയൂ. ഏകപക്ഷീയ തീരുമാനം അംഗീകരിക്കില്ല. പദ്ധതിയെക്കുറിച്ച് കൂടുതൽ പഠിച്ചുവരുകയാണ്. ശേഷം തുടർനടപടി സ്വീകരിക്കും.-മാത്യു കുഴൽനാടൻ (മൂവാറ്റുപുഴ എം.എൽ.എ)
‘ആശങ്ക വേണ്ട; ഉപയോഗപ്പെടുത്തുന്നത് പാഴാകുന്ന ജലം’
കുടിവെള്ള പദ്ധതിക്ക് പുറമെ മീനച്ചിൽ ജലസേചന പദ്ധതികൂടി വന്നാലും മലങ്കര ഡാം വറ്റുമെന്ന ആശങ്ക വേണ്ടെന്ന് പദ്ധതിയെ അനുകൂലിക്കുന്നവരുടെ പക്ഷം. മൂലമറ്റം വൈദ്യുതി നിലയത്തിൽ ഉൽപാദനം കഴിഞ്ഞ് പുറത്തേക്കൊഴുകുന്ന ജലത്തിന്റെ പകുതി മാത്രം മതിയാകും രണ്ട് മീനച്ചിൽ പദ്ധതിക്കുമായി. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലാണ് പ്രധാനമായും ജലക്ഷാമം രൂപപ്പെടുന്നത്. ഈ സമയങ്ങളിൽ മൂലമറ്റം വൈദ്യുതി നിലയത്തിൽ ഉൽപാദനം പരമാവധി ആയിരിക്കും. അതായത് 1.5 ലക്ഷം ലിറ്റർ ജലം ഒരോ സെക്കൻഡിലും മലങ്കര ജലാശയത്തിലേക്ക് പുറംതള്ളും.
ഇതിൽ ശരാശരി 25,000 ലിറ്റർ ജലം വീതം മലങ്കരയിലെ ഓരോ കനാൽ വഴിയും ജലസേചനത്തിനായി തുറന്നുവിടും. 25,000 ലിറ്റർ മലങ്കരയിൽ വൈദ്യുതി ഉൽപാദനത്തിനും ഉപയോഗിക്കും. മിച്ചമുള്ളത് പലപ്പോഴും ഷട്ടറുകൾ ഉയർത്തി ഒഴുക്കി കളയുകയാണ് ചെയ്യുന്നത്. മലങ്കര ഡാമിൽ ശരാശരി 41 മീറ്റർ ജലം വേനൽ കാലത്ത് നിലനിർത്തുകയും ചെയ്യുന്നു. പദ്ധതിയെക്കുറിച്ച് പഠിച്ച് ഡി.പി.ആർ തയാറാക്കുന്നത് കേന്ദ്രസർക്കാർ സ്ഥാപനമായ വാപ്കോസ് ആണ്. റിപ്പോർട്ട് ലഭിച്ച് തുടർ പഠനങ്ങളും നടത്തിയ ശേഷമെ പദ്ധതി നടപ്പാക്കുകയുള്ളൂവെന്നും അധികൃതർ പറയുന്നു.
എന്തിനീ രണ്ട് പദ്ധതി ?
വര്‍ഷം മുഴുവന്‍ മീനച്ചിലാർ ജലസമൃദ്ധമാകുന്നതോടൊപ്പം കുടിവെള്ള ക്ഷാമം പരിഹരിക്കാനും പുതുതായി ഒപ്പുവെച്ച ജലസേചന പദ്ധതിക്ക് കഴിയുമെന്നാണ് മന്ത്രി റോഷി അഗസ്റ്റിൻ പറയുന്നത്. പിന്നെ എന്തിനാണ് നിലവിൽ പണി പുരോഗമിക്കുന്ന (പൈപ്പ് സ്ഥാപിച്ച് കൊണ്ടിരിക്കുന്ന) മലങ്കര-മീനച്ചിൽ കുടിവെള്ള പദ്ധതി എന്ന ചോദ്യം ഉയരുന്നു. 1243 കോടി മുതൽമുടക്കിലാണ് മലങ്കര-മീനച്ചിൽ കുടിവെള്ള പദ്ധതി നടപ്പാക്കുന്നത്.
മലങ്കര ഡാമിന്റെ ഭാഗമായ മുട്ടത്തുനിന്ന് ഒരു മീറ്റർ വ്യാസമുള്ള പൈപ്പ് വഴി വെള്ളം പമ്പ് ചെയ്ത് പാലാ നിയോജക മണ്ഡലത്തിലെ എട്ടു പഞ്ചായത്തിലും പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ അഞ്ചു പഞ്ചായത്തിലും കുടിവെള്ളം എത്തിക്കുക എന്നതാണ് പദ്ധതി. ജലസേചന പദ്ധതിവഴി മീനച്ചിലാറ്റിൽ വെള്ളമെത്തുകയാണെങ്കിൽ ഇത് 13 പഞ്ചായത്തിലേക്ക് എത്തിക്കുന്നത് അല്ലേ എളുപ്പം. അതുവഴി ചെലവും കുറക്കാനാവില്ലേ എന്നതാണ് ചോദ്യം?.
പദ്ധതി ഉപേക്ഷിക്കണം
മൂവാറ്റുപുഴയാർ ഊഷരഭൂമിയായി മാറുമെന്ന പരാതി കണക്കിലെടുക്കാതെയാണ് മീനച്ചിൽ പദ്ധതിയുമായി മുന്നോട്ടുപോകുന്നത്.1986ലും 2006ൽ പദ്ധതി നടപ്പാക്കാൻ ശ്രമം നടന്നെങ്കിലും പദ്ധതി നടപ്പാക്കിയാൽ വൻപാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് കണ്ടെത്തിയതോടെ ഉപേക്ഷിക്കുകയായിരുന്നു. പദ്ധതി നടപ്പാക്കിയാൽ മൂവാറ്റുപുഴയാറ്റിൽ വെള്ളം ഉണ്ടാകില്ല. ഇത് കുടിവെള്ളത്തെ അടക്കം ബാധിക്കും. ഈ സാഹചര്യത്തിൽ പദ്ധതി ഉപേക്ഷിക്കണം.-ബാബു പോൾ (സി.പി.ഐ നേതാവ്, മുൻ എം.എൽ.എ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.