130 ഏക്കർ വനംവകുപ്പിന് നൽകാനുള്ള നീക്കം; അതിരുകളിലെ താമസക്കാർക്ക് നോട്ടീസ് നൽകിത്തുടങ്ങി
text_fieldsമുട്ടം: ശങ്കരപ്പിള്ളി മുതൽ അറക്കുളം വരെ പ്രദേശത്തെ 130 ഏക്കർ വനഭൂമിയാക്കി മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമായി അതിരുകളിൽ താമസിക്കുന്നവർക്ക് നോട്ടീസ് നൽകിത്തുടങ്ങി. മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രോജക്ടിന്റെ (എം.വി.ഐ.പി) ഭൂമിയുടെ അതിരുകളിൽ താമസിക്കുന്ന ഭൂ ഉടമകൾക്കാണ് നോട്ടീസ് നൽകിയിട്ടുള്ളത്. കുടയത്തൂർ പഞ്ചായത്തിൽ മാത്രം 149 പേർക്ക് നോട്ടീസ് നൽകി. മുട്ടം, അറക്കുളം പഞ്ചായത്തുകളിലുള്ളവർക്കും നോട്ടീസ് നൽകിക്കഴിഞ്ഞു.
1965ലെ ഫോറസ്റ്റ് സെറ്റിൽമെന്റ് ചട്ടങ്ങളിലെ ചട്ടം മൂന്നിൽ സൂചിപ്പിച്ചിരിക്കുന്ന വനം നിയമത്തിലെ ആറാംവകുപ്പ് പ്രകാരമുള്ള പ്രഖ്യാപനം പുറപ്പെടുവിച്ചശേഷം നൽകുന്ന നോട്ടീസാണ് സ്ഥല ഉടമകൾക്ക് ഫോറസ്റ്റ് സെറ്റിൽമെന്റ് ഓഫിസർ കൈമാറിയത്. വിഷയം ചർച്ചചെയ്യാൻ കുടയത്തൂർ പഞ്ചായത്ത് മാർച്ച് ഒന്നിന് അടിയന്തര യോഗം ചേരുന്നുണ്ട്. എൽ.ഡി.എഫ് ഭരിക്കുന്ന കുടയത്തൂർ പഞ്ചായത്ത് എം.വി.ഐ.പി ഭൂമി വനഭൂമിയാക്കുന്നതിനെ എതിർക്കുമ്പോഴും അതിനെ അംഗീകരിക്കുന്ന നിലപാടാണ് സ്ഥലം എം.എൽ.എയും മന്ത്രിയുമായ റോഷി അഗസ്റ്റിന്റേത്.
എം.വി.ഐ.പിയുടെ കൈവശമിരുന്ന ഭൂമിയാണ് വനംവകുപ്പ് ഏറ്റെടുക്കുന്നത്. തൊടുപുഴ-പുളിയൻമല സംസ്ഥാന പാതയുടെയും മലങ്കര ജലാശയത്തിന്റെയും ഇടയിൽ വരുന്ന പ്രദേശമാകും വനഭൂമിയായി മാറുക. ഇടമലയാർ ജലസേചന പദ്ധതിക്കുവേണ്ടി വനംവകുപ്പ് എം.വി.ഐ.പിക്ക് 52 ഹെക്ടർ വിട്ടുനൽകിയിരുന്നു. ഇതിന് പകരമായി എം.വി.ഐയുടെ കൈവശത്തിലുള്ള ഭൂമി വിട്ടുനൽകാമെന്നായിരുന്നു കരാർ. ഇതുപ്രകാരം മുട്ടം, കുടയത്തൂർ, കാഞ്ഞാർ, അറക്കുളം മേഖലകളിലെ 52.59 ഹെക്ടർ എം.വി.ഐ.പി ഭൂമി വനംവകുപ്പിന് കൈമാറുന്ന നടപടി ഏറെനാളായി നടന്നുവരികയായിരുന്നു.
കഴിഞ്ഞ ഡിസംബറിലാണ് ഇക്കാര്യം വിജ്ഞാപനമായി പുറത്തിറങ്ങിയത്. മലങ്കര ജലാശയത്തിന്റെ അതിര് പ്രദേശങ്ങളാണ് വനംവകുപ്പിന് നൽകുന്നത്. വിജ്ഞാപനം സംബന്ധിച്ച് പരാതിയുള്ളവർ നാല് മാസത്തിനകം രേഖാമൂലം അറിയിക്കണം എന്നാവശ്യപ്പെട്ടാണ് ഇപ്പോൾ കത്ത് നൽകുന്നത്.
എം.വി.ഐ.പി ഭൂമി വനംഭൂമിയാകുന്നതോടെ സർക്കാറിന് സ്ഥലത്തിന്മേലുള്ള അധികാരങ്ങൾ ഇല്ലാതാകും. പിന്നീട് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിനാകും അധികാരം. ഭൂമി വനംവകുപ്പിന് നൽകിയാൽ മലങ്കര ടൂറിസം പദ്ധതിയെ സാരമായി ബാധിക്കുമെന്ന ആശങ്കയുണ്ട്. മലങ്കര ടൂറിസം പദ്ധതി വികസിപ്പിക്കാൻ ഇനിയും ഭൂമി ആവശ്യമാണ്. വനംവകുപ്പിന് ഈ ഭൂമിയെല്ലാം നൽകിയാൽ ടൂറിസത്തിന് വേറെ ഭൂമി ലഭിക്കാനില്ല. മലങ്കര ജലാശയത്തിന്റെ തീരത്ത് നൂറുകണക്കിന് ആളുകളാണ് അധിവസിക്കുന്നത്. ഇവർ കുടിവെള്ളം എടുക്കുന്നത് ജലാശയത്തിൽനിന്നാണ്. വെള്ളമെടുക്കാൻ വനംവകുപ്പിന്റെ ഭൂമിയിലൂടെ പൈപ്പിടുക എളുപ്പമാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.