വേണം മുട്ടത്തും പൊതുകളിക്കളം
text_fieldsമുട്ടം: മുട്ടത്ത് സ്വകാര്യ മേഖലയിൽ മൈതാനങ്ങൾ ഉണ്ടെങ്കിലും പൊതുകളിക്കളം ഒന്ന് മാത്രമേ ഉള്ളൂ. അത് മുട്ടം പഞ്ചായത്തിലെ വോളിബാൾ കോർട്ടാണ്. കഴിഞ്ഞവർഷം ഈ കോർട്ടിൽ രാത്രിയും കളിക്കാൻ പാകത്തിന് ഫ്ലഡ്ലൈറ്റ് സ്ഥാപിക്കുകയും ചെയ്തു. എന്നാൽ, പഞ്ചായത്ത് കെട്ടിടത്തിലെതന്നെ വെള്ളം ഈ കോർട്ടിലേക്ക് വീഴുന്നതിനാൽ മൈതാനം മിക്കപ്പോഴും വെള്ളത്തിലാണ്. കുണ്ടും കുഴിയും നിറഞ്ഞ ഇവിടെ കളിക്കുമ്പോൾ പരിക്കേൽക്കുന്നതായി പരാതിയും ഉണ്ട്. ഇൻഡോർ സ്റ്റേഡിയമായി ഇത് ഉയർത്തിയാൽ മാത്രമെ പൂർണതോതിൽ ഒരു സ്റ്റേഡിയം തയാറായി എന്ന് പറയാനാകൂ.
ഒരോ പഞ്ചായത്തിലും ഒരോ കളിക്കളങ്ങൾ എന്ന പ്രഖ്യാപനം മുട്ടത്തും യാഥാർഥ്യമാക്കേണ്ടതുണ്ട്. നൂറുകണക്കിന് യുവാക്കളാണ് കളിക്കളം ഇല്ലാത്തതിനാൽ സ്വകാര്യ കളിക്കളങ്ങളിൽ പണം മുടക്കി കളിക്കാൻ ഇറങ്ങുന്നത്. സാമ്പത്തികം മുടക്കി കളിക്കാൻ കഴിവില്ലാത്തവർ അതിൽനിന്നും പിന്തിരിയുകയാണ്. മുട്ടം പഞ്ചായത്തിൽതന്നെ വിജിലൻസ് ഓഫിസിന് സമീപം ഒരേക്കറോളം സ്ഥലം ഉപയോഗശൂന്യമായി കിടക്കുന്നുണ്ട്. തുടങ്ങനാട് കരിമ്പാനി ഭാഗത്തും അര ഏക്കറോളം ഭൂമി തരിശായി കിടക്കുന്നുണ്ട്.
(തുടരും...)
മുട്ടം പൊളിടെക്നിക് കോളജ് ഗ്രൗണ്ട് നവീകരിച്ച് തുറന്ന് നൽകണം
രണ്ട് ഏക്കറോളം പ്രദേശത്ത് വിശാലമായി കിടക്കുന്ന മുട്ടം പോളിടെക്നിക് കോളജ് ഗ്രൗണ്ട് നവീകരിച്ച് കായിക വിനോദത്തിന് തുറന്ന് നൽകണം. ലോറേഞ്ചിൽ എല്ലാ മത്സരങ്ങളും നടത്താൻ കഴിയുന്ന ഗ്രൗണ്ടാണ് നിയമക്കുരുക്കിൽ നിർമാണം നിലച്ചത്. പി.ജെ. ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ ഈ ഗ്രൗണ്ട് സിന്തറ്റിക് ട്രാക് ആക്കാൻ ശ്രമം നടത്തിയെങ്കിലും പൊളിടെക്നിക് അധികൃതർ അനുകൂല നടപടി സ്വീകരിക്കാത്തതിനാലാണ് സ്റ്റേഡിയം നവീകരണം നിലച്ചത്. കോളജിന് ആവശ്യമായ സ്ഥലവും ഗ്രൗണ്ടുമാണ് നിലവിലുള്ളത്. ടെക്നിക്കൽ വിദ്യാഭ്യാസ വകുപ്പിന് ഗ്രൗണ്ട് നവീകരണത്തിന് ഫണ്ടില്ല. മറ്റൊരു ഏജൻസിക്ക് ഗ്രൗണ്ട് വിട്ടുകൊടുത്താൽ ആവശ്യമായ സ്ഥലമില്ലാത്തതിനാൽ കോളജിന്റെ അംഗീകാരം നഷ്ടമാകുമോ എന്നതാണ് ആശങ്കക്ക് കാരണം.
സ്പോട്സ് കൗൺസിലും ഗ്രൗണ്ട് നവീകരിക്കാൻ തയാറായതായിരുന്നു. എന്നാൽ, നിയമതടസ്സംമൂലം പൊളിടെക്നിക് അധികാരികൾ അനുമതി നൽകിയില്ല. 900ലധികം വിദ്യാർഥികൾ പഠിക്കുന്ന കോളജ് ഗ്രൗണ്ടാണ് നിയമക്കുരുക്കുമൂലം കാടുകയറിക്കിടക്കുന്നത്. ടെക്നിക്കൽ എജുക്കേഷൻ ഡിപ്പാർട്മെന്റും സ്പോർട്സ് കൗൺസിലും കൈകോർത്താൻ ജില്ലയിൽ ഒരു നല്ല സ്റ്റേഡിയം മുട്ടത്ത് നിർമിക്കാൻ സാധിക്കും. ഇതിന് ജനപ്രതിനിധികളും മുന്നോട്ടുവരണം.
കളിക്കളം അടച്ച് മതിൽ കെട്ടി
മാത്തപ്പറയിലെ നാട്ടുകാർ കളിച്ചുകൊണ്ടിരുന്ന കളിക്കളം അടച്ചുപൂട്ടി മതിൽ കെട്ടി അതിന് മുകളിൽ മുള്ളുവേലിയും സ്ഥാപിച്ചത് ശരിയായ നടപടിയല്ല. പതിറ്റാണ്ടുകളായി പ്രദേശവാസികൾ കളിച്ചുകൊണ്ടിരുന്ന കളിക്കളമാണ് അടച്ചുപൂട്ടിയത്. ടൂറിസം പദ്ധതി എത്താത്ത പ്രദേശം കെട്ടിയടച്ചതും അവിടെ കളിക്കുന്നത് നിരോധിച്ചതും എന്തിനാണെന്നും അധികൃതർ മറുപടി പറയണം. - അനന്തു റോയ് മുഞ്ഞനാട്ട്
ടർഫ് യാഥാർഥ്യമാക്കണം
നിരവധി സ്ഥലങ്ങളാണ് സർക്കാറിന്റെ കൈവശം ഉപയോഗശൂന്യമായി കിടക്കുന്നത്. അവ ഏറ്റെടുത്ത് നൂതന രീതിയിൽ ടർഫ് പണിയാവുന്നതാണ്. രാവിലെ മുതൽ ജോലിക്ക് പോകുന്നവർ മിക്കവരും ഇന്ന് വിനോദങ്ങളിൽ ഏർപ്പെടുന്നത് വൈകീട്ട് ആറു മുതർ രാത്രി 11 വരെയാണ്. നിലവിൽ ഇതിനുള്ള സൗകര്യം മുട്ടത്ത് ഇല്ലാത്തതിനാൽ തൊടുപുഴക്കാണ് പോകുന്നത്. - എം.എസ്. ഷാനവാസ് മഠത്തിപ്പറമ്പിൽ
മൾട്ടി പർപ്പസ് സ്റ്റേഡിയത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തണം
തൊടുപുഴ-പുളിയന്മല സംസ്ഥാനപാതയുടെ തീരത്ത് മുട്ടം വില്ലേജ് ഓഫിസിന് സമീപം ഒരേക്കറിലധികം സ്ഥലം ഉപയോഗശൂന്യമായി കിടക്കുന്നുണ്ട്. എം.വി.ഐ.പിയുടെ അധീനതയിലുള്ള ഈ സ്ഥലം മൾട്ടി പർപ്പസ് സ്റ്റേഡിയത്തിനായി വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് മാസങ്ങൾക്ക് മുന്നേ കത്ത് നൽകിയതായി പറയുന്നു.
എന്നാൽ, തുടർനടപടിക്ക് വേഗം പോരാ. സ്ഥലം പഞ്ചായത്തിന് ഏറ്റെടുക്കാനായാൽ ഒന്നിലധികം കളിക്കളങ്ങൾ ഇവിടെ യാഥാർഥ്യമാക്കാൻ കഴിയും. അതിനുള്ള ഊർജിതശ്രമം വേണം. - എബി ജോർജ് തറയിൽ
ശക്തി സ്റ്റേഡിയം ഇൻഡോർ ആക്കുമോ
ഇന്ത്യൻ വോളിബാളിന്റെ ഇടിമുഴക്കമായിരുന്ന കെ.എൻ. രാജീവൻ നായർ ഉൾപ്പെടെ കളിച്ചുവളർന്ന മുട്ടം ശക്തി സ്റ്റേഡിയം ഇൻഡോർ ആക്കുമോ?. നിരവധി കായികതാരങ്ങളെ സംഭാവന ചെയ്ത ഈ കളിക്കളം ഇൻഡോറാക്കി നവീകരിച്ചാൽ കായിക പ്രേമികൾക്ക് നൽകാൻ പറ്റിയ ഏറ്റവും വലിയ സമ്മാനമാകും അത്. വർഷങ്ങളോളം മുട്ടത്തെ വൈകുന്നേരങ്ങളെ ചലനാത്മമാക്കിയിരുന്നത് ഈ സ്റ്റേഡിയമായിരുന്നു. - ജോബി കെ. ചാക്കോ കൊറ്റംകോട്ടിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.