നിർമാണം കഴിഞ്ഞിട്ട് ഏഴുവർഷം; മുട്ടം പോളിടെക്നിക് വനിത ഹോസ്റ്റൽ കാട് കയറുന്നു
text_fieldsമുട്ടം: മുട്ടം പോളിടെക്നിക് ലേഡീസ് ഹോസ്റ്റലിന് നിർമിച്ച കെട്ടിടം കാടുകയറി നശിക്കുന്നു. 82 ലക്ഷം മുടക്കി നിർമിച്ച കെട്ടിടമാണ് ഉപയോഗിക്കാതെ കാടുകയറി നശിക്കുന്നത്. മുട്ടം പോളിടെക്നിക് കോളജിന് സമീപത്താണ് ഹോസ്റ്റൽ കെട്ടിടവും പണിതത്.കേന്ദ്ര സർക്കാറിന്റെ എം.എച്ച്.അർ.ഡി ഫണ്ടിൽനിന്നാണ് ഒരുകോടി രൂപ ഹോസ്റ്റൽ നിർമാണത്തിന് അനുവദിച്ചത്. ഇതിൽ 82 ലക്ഷം രൂപ മുടക്കി 80 ശതമാനത്തോളം നിർമാണം പൂർത്തീകരിച്ചു.
ബാക്കിയുള്ള 16 ലക്ഷം രൂപയെ ചൊല്ലി അധികൃതർ തമ്മിൽ ആശയക്കുഴപ്പം നിലനിന്നിരുന്നു. കെട്ടിടത്തിൽ ശേഷിക്കുന്ന ജോലികൾ അടിയന്തരമായി പൂർത്തീകരിക്കണമെന്ന് അന്നത്തെ പോളിടെക്നിക് പ്രിൻസിപ്പൽ പ്രകാശൻ ഡയറക്ടറോട് ആവശ്യപ്പെട്ടിരുന്നു. ഒരുകോടിയിൽനിന്ന് മിച്ചമുള്ള തുകക്ക് നിർമാണം പൂർത്തീകരിക്കാനായിരുന്നു ഡയറക്ടറേറ്റിന്റെ നിർദേശം.
ബാക്കി 16 ലക്ഷം പ്രിൻസിപ്പലിന്റെ പേരിലുള്ള അക്കൗണ്ടിൽ ഉണ്ടെന്നാണ് ഡയറക്ടറേറ്റിൽനിന്ന് പ്രിൻസിപ്പലിന് ലഭിച്ച കത്തിൽ പറഞ്ഞിരുന്നത്. എന്നാൽ, വെറും രണ്ട് ലക്ഷത്തോളം രൂപ മാത്രമേ അക്കൗണ്ടിൽ ഉള്ളൂവെന്ന് പ്രിൻസിപ്പലും അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് റിപ്പോർട്ട് നൽകിയെങ്കിലും പിന്നീട് ഒരു അറിയിപ്പും ലഭിച്ചിട്ടില്ലത്രെ. ഇതോടെ 16 ലക്ഷം എവിടെപ്പോയി എന്നത് സംബന്ധിച്ച് ഒരു വ്യക്തതയുമില്ല. ഇതുമൂലം ഹോസ്റ്റൽ നിർമാണം പൂർത്തിയാക്കാനായിട്ടില്ല.
അടുക്കള, സെക്യൂരിറ്റി മുറി, അലമാര തുടങ്ങിയ ചുരുങ്ങിയ സൗകര്യങ്ങളാണ് ഇനി ഒരുക്കേണ്ടത്. 35 വിദ്യാർഥിനികൾക്ക് താമസിക്കാൻ ഉതകുംവിധം നിർമിച്ചതാണ് കെട്ടിടം. ഹോസ്റ്റലിനായി വാങ്ങിയ ലക്ഷക്കണക്കിന് രൂപയുടെ തടി ഉപകരണങ്ങളും ഉള്ളിൽ കിടന്ന് നശിക്കുകയാണ്. നിലവിൽ വിദ്യാർഥികളിൽ അധികവും സ്വകാര്യ ഹോസ്റ്റലുകളെയാണ് ആശ്രയിക്കുന്നത്. സ്വകര്യ ഹോസ്റ്റലുകൾ വിദ്യാർഥികളിൽനിന്ന് അമിത വാടക ഈടാക്കുന്നതായി പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.