പണിതിട്ടും തീരാത്ത അനാസ്ഥ...!
text_fieldsമുട്ടം: കോടികൾ മുടക്കി നിർമിച്ച കെട്ടിടങ്ങളും നിർമിതികളും തുറന്നു നൽകിയാൽ പ്രതിമാസം വാടകയായി ലഭിക്കുക ലക്ഷക്കണക്കിന് രൂപയാണ്.
സാമ്പത്തിക പരാധീനതയിൽ നട്ടം തിരിയുന്ന സർക്കാറിന് ആശ്വാസവും നാട്ടിൽ വികസനവും കൈവരിക്കാനും സഹായകരമാകും. എന്നാൽ അധികൃതരോ രാഷ്ട്രീയ, സാമൂഹിക പ്രവർത്തകരോ ഇതിനുവേണ്ട യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. മുട്ടം പഞ്ചായത്തിൽ മാത്രം ഇത്തരത്തിൽ 10ലധികം സർക്കാർ കെട്ടിടങ്ങളാണ് വർഷങ്ങളായി അടഞ്ഞുകിടക്കുന്നത്.
നിർമിതി കേന്ദ്രം റീജണൽ ഓഫീസ്, ജില്ല ജയിൽ കാന്റീൻ, പോളിടെക്നിക് വനിത ഹോസ്റ്റൽ, പോളിടെക്നിക് കാന്റീൻ കെട്ടിടം, എം.വി.ഐ.പി റെസ്റ്റ് ഹൗസ്, മലങ്കര എൻട്രൻസ് പ്ലാസ, മലങ്കര ബോട്ട് ജെട്ടി എന്നിവയാണ് പണി പൂർത്തിയായിട്ടും അനാസ്ഥ മൂലം തുറക്കാത്തത്.
ജില്ല ക്രൈംബ്രാഞ്ച് ഓഫീസ്, എൻജിനീയറിങ്ങ് കോളജ് കാമ്പസിലെ ആർട്സ് കോളജ് കെട്ടിടം, ഹാഡ കാർഷിക വിപണന കേന്ദ്രം, കമ്യുണിറ്റി ഹെൽത്ത് സെന്റർ ക്വാർട്ടേഴ്സ്, മത്സ്യ മാർക്കറ്റ് എന്നിവ പാതി നിർമാണം നടത്തിയ നിലയിലുമാണ്.
10 വർഷം മുൻപ് പി.ടി. തോമസ് എം.പിയുടെ വികസന ഫണ്ട് ഉപയോഗിച്ച് നിർമാണം പൂർത്തിയാക്കിയതാണ് മുട്ടം പോളി ടെക്നിക് വനിത ഹോസ്റ്റൽ കെട്ടിടം. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഇതുവരെ തുറന്ന് നൽകിയിട്ടില്ല. ഏഴ് വർഷം മുൻപ് നിർമാണം നടത്തിയതാണ് മലങ്കര പാർക്കിലെ ബോട്ട് ജെട്ടിയും എൻട്രൻസ് പ്ലാസയും.
ബോട്ട് ജെട്ടിയിൽ കൊതുമ്പ് വള്ളം പോലും ഇറക്കാനായിട്ടില്ല. എൻട്രൻസ് പ്ലാസ അഴിമതിയിൽ കുരുങ്ങിക്കിടക്കുന്നു. ജില്ല ജയിലിന് മുന്നിൽ നിർമിച്ചിട്ടിരിക്കുന്ന കാന്റീനും തുറക്കാനായിട്ടില്ല. ജീവനക്കാരുടെ കുറവാണ് കാരണമായി പറയുന്നത്.
നിർമിതി കേന്ദ്രം റീജണൽ ഓഫീസ് 10 വർഷം മുൻപ് ജില്ല ആസ്ഥാനത്തേക്ക് മാറ്റി. അന്ന് മുതൽ മുട്ടത്തെ കെട്ടിടം അനാഥമായി കിടക്കുകയാണ്. പി.ടി. തോമസ് എം.പി ആയിരിക്കെ കോടതിക്കവലയിൽ നിർമിച്ച വിശ്രമകേന്ദ്രവും അനാഥമാണ്. ഇതിൽ ഒരു മുറി കുടുംബശ്രീ സംരഭത്തിന് നൽകിയെങ്കിലും അതും സാങ്കേതികത പറഞ്ഞ് തുറക്കാനായിട്ടില്ല.
മുട്ടം ടാക്സി സ്റ്റാന്റിൽ മത്സ്യ വിപണന കേന്ദ്രം നിർമിച്ചിട്ട് രണ്ട് വർഷം കഴിഞ്ഞെങ്കിലും തുറക്കാനായിട്ടില്ല. 10 വർഷം മുൻപ് പഞ്ചായത്ത് ഓഫീസിന് പുറകിലായി നിർമിച്ച കാർഷിക വിപണന കേന്ദ്രവും ഉപയോഗശൂന്യമായി നശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.