പാർക്ക് നവീകരണം വൈകുന്നു; മലങ്കരയിലേക്ക് സഞ്ചാരികളുടെ വരവ് കുറഞ്ഞു
text_fieldsമുട്ടം: നവീകരണം വൈകുന്നതിനാൽ മലങ്കര പാർക്കിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ്. ദിനംപ്രതി 300ഓളം പേർ എത്തിയിരുന്ന ഇവിടെ നിലവിൽ എത്തുന്നത് 150ൽ താഴെ പേർ മാത്രമാണ്. പൊതുഅവധി ദിവസങ്ങളിൽ 800 മുതൽ 1500 പേർ വരെ എത്തിയിരുന്നതായി അധികൃതർ പറയുന്നു. എന്നാൽ, ഇപ്പോൾ അവധി ദിവസങ്ങളിൽ എത്തുന്ന സഞ്ചാരികളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. മുൻകാലങ്ങളിൽ മൂന്നുലക്ഷം വരെ മാസവരുമാനം ലഭിച്ചിരുന്ന സ്ഥാനത്ത് നിലവിൽ ലഭിക്കുന്നത് ഒന്നര ലക്ഷത്തോളം മാത്രമാണ്.
ഉല്ലാസ സാമഗ്രികളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും അഭാവമാണ് സന്ദർശക എണ്ണം കുറയാനുള്ള പ്രധാന കാരണം. മഴയിൽനിന്നും വെയിലിൽനിന്നും രക്ഷനേടാൻ ഇവിടെ ഒരു മാർഗവുമില്ല. വെയിലത്തും മഴയത്തും കുട ചൂടി വേണം നടക്കാൻ. തണൽമരങ്ങളും വളരെ കുറവാണ്. ഷെൽട്ടർ സ്ഥാപിക്കുമെന്ന് പറഞ്ഞെങ്കിലും നടപടിയായില്ല. കുടിവെള്ളം വേണമെങ്കിൽപോലും ഒരു കിലോമീറ്റർ സഞ്ചരിച്ച് പുറത്ത് എത്തണം. മൂന്നുകോടി മുടക്കി നിർമിച്ച എൻട്രൻസ് പ്ലാസ ഇതുവരെ തുറന്ന് നൽകിയിട്ടില്ല.
20 രൂപ പ്രവേശന ഫീസ് നൽകി പാർക്കിന് അകത്തുകയറുന്നർ അസൗകര്യങ്ങൾമൂലം നിരാശരായാണ് മടങ്ങുന്നത്. വെയിൽ കടുക്കുന്നതോടെ മലങ്കരയിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണം ഇനിയും കുറയും. നഗരമധ്യത്തിലുള്ള തൊടുപുഴ പാർക്കിൽപോലും 10 രൂപ മാത്രമേ ഫീസ് ഉള്ളൂ.പാർക്ക് നവീകരിക്കാനും ബോട്ടിങ് ഉൾപ്പെടെ ആരംഭിക്കാനും പലതവണ യോഗം ചേർന്നെങ്കിലും ഒന്നും യാഥാർഥ്യമായില്ല. വർഷങ്ങൾക്ക് മുമ്പ് നിർമിച്ച എൻട്രൻസ് പ്ലാസപോലും തുറന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.