കുടിവെള്ള പദ്ധതികൾ അനിശ്ചിതത്വത്തിൽ ഇടപെടാതെ ജനപ്രതിനിധികൾ
text_fieldsമുട്ടം: മൂന്ന് പഞ്ചായത്തുകളിലെ മുപ്പതിനായിരത്തിലധികം ജനങ്ങൾക്ക് കുടിവെള്ളം ലഭിക്കേണ്ട പദ്ധതി തടഞ്ഞിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. മുട്ടം - കരിങ്കുന്നം - കുടയത്തൂർ പദ്ധതികളുടെ പൈപ്പിടൽ ജോലികളാണ് വനം വകുപ്പ് തടഞ്ഞിരിക്കുന്നത്.
ശങ്കരപ്പള്ളി വില്ലേജിന് സമീപത്ത് നിന്നും പൈപ്പിടൽ ആരംഭിച്ച് നിർദിഷ്ട വനഭൂമിയിലേക്ക് കടന്നതോടെയാണ് തടസ്സവുമായി വനംവകുപ്പ് എത്തിയത്. എം.വി.ഐ.പി ഭൂമി വനഭൂമിയാക്കി വിജ്ഞാപനം ഇറക്കിയതിന് ശേഷം പരാതികൾ കേൾക്കാനും പരിഹരിക്കാനുമായി സെറ്റിൽമെന്റ് ഓഫിസറായി സബ് കലക്ടറെ നിയോഗിച്ചിരുന്നു.
സബ് കലക്ടർക്ക് ജലവകുപ്പ് നൽകിയ അപേക്ഷ പരിഗണിച്ച് അനുമതി നൽകുകയും ചെയ്തു. എന്നാൽ വനം വകുപ്പിന്റെ അനുമതി ഇല്ലാതെ നിർമാണം നടത്താൻ കഴിയില്ലന്നാണ് കോതമംഗലം ഡി.എഫ്.ഒ പറയുന്നത്. പരിവേഷൻ പോർട്ടലിൽ അപേക്ഷ നൽകി അനുമതി വാങ്ങണമെന്നും പറയുന്നു.
എന്നാൽ ഇതിന് കാലതാമസം വേണ്ടിവരും. 100 കോടിയോളം രൂപയാണ് മുട്ടം - കരിങ്കുന്നം സമ്പൂർണ്ണ കുടിവെള്ള പദ്ധതിക്കായി വേണ്ടിവരുന്നത്. നബാർഡിൻ്റേയും ജൽ ജീവൻ മിഷന്റെയും ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്. ഇതിലേക്കായി 61 കോടി വീതം ഇരു വിഭാഗങ്ങളിൽ നിന്നും അനുവദിച്ചിട്ടുണ്ട്.
കുടിവെള്ള പദ്ധതി ശുചീകരണ ശാലയുടെ നിർമാണം പെരുമറ്റത്ത് പുരോഗമിക്കുകയാണ്. എം.വി.ഐ.പി യിൽ നിന്നും ഏറ്റെടുത്ത പെരുമറ്റത്തെ 60 സെന്റ് സ്ഥലത്താണ് ശുചീകരണ പ്ലാന്റ് നിർമിക്കുന്നത്. പ്രതിദിനം 11 ദശലക്ഷം ലിറ്റർ ജലം ശുചീകരിക്കാൻ കഴിയുന്ന പ്ലാന്റ് നിർമിക്കാൻ ചിലവാകുന്നത് 11 കോടി 35 ലക്ഷം രൂപയാണ്. നബാർഡ് ഫണ്ട് ഉപയോഗിച്ചാണ് ട്രീറ്റ് പ്ലാന്റ് നിർമിക്കുന്നത്. ഇതിന്റെ നിർമാണം പൂർത്തിയായെങ്കിലും പൈപ്പിടൽ ആരംഭിക്കുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.
നിലവിലെ കുടിവെള്ള പദ്ധതിക്ക് മൂന്ന് പതിറ്റാണ്ടിലധികം പഴക്കമുണ്ട്. മോട്ടറുകളും വിതരണ പൈപ്പുകളും കാലപ്പഴക്കം മൂലം ദിനേനയെന്നോണം തകരാറിലാകുന്നുണ്ട്. വേനലാകുന്നതോടെ പൈപ്പുകൾ പൊട്ടിയും മോട്ടറുകൾ കേടായും ദിവസങ്ങളോളം കുടിവെള്ള വിതരണം തടസ്സപ്പെടാറുണ്ട്.
വേനൽ കടുക്കുമ്പോൾ മത്തപ്പാറ, കണ്ണാടിപ്പാറ, കരിക്കനാംപാറ, മുഞ്ഞനാട്ട്കുന്ന്, കൊല്ലംകുന്ന് പ്രദേശളിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം ഉണ്ടാകാറുണ്ട്. ഞ്ചായത്തിലേക്കും ജലസേചന വകുപ്പ് ഓഫീസിലേക്കും പ്രതിഷേധങ്ങളും സംഘടിപ്പിക്കാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.