എന്ന് യാഥാർഥ്യമാകും പെരുമറ്റം-ചള്ളാവയൽ ബൈപാസ്...?
text_fieldsമുട്ടം: മണ്ഡലകാലമാകുമ്പോൾ മാത്രം ഓർമ വരുന്ന ബൈപാസുണ്ട് ഇടുക്കിയിൽ. അതാണ് പെരുമറ്റം-ചള്ളാവയൽ ബൈപാസ്. 15 വർഷമായി പതിവായി നടന്നുവരുന്ന നാടകമാണിത്. പതിനായിരക്കണക്കിന് ശബരിമല തീർഥാടകർ കടന്നുപോകുന്ന പാതയാണ് മുട്ടം-ഈരാറ്റുപേട്ട റോഡ്. ഗ്രാമീണ റോഡുകളെക്കാൾ മോശം അവസ്ഥയിലാണ് ഈ സംസ്ഥാന പാത.
ഏറ്റവും തിരക്കുള്ള തോട്ടുംകര-ചള്ളാവയൽ റോഡ് കുടിവെള്ള പദ്ധതിക്കായി കുത്തിപ്പൊളിച്ചിട്ട് മാസം ആറ് കഴിഞ്ഞു. റോഡിന്റെ പകുതി ഭാഗം കുണ്ടുംകുഴിയുമായി കിടക്കുകയാണ്. തോട്ടുംകരക്ക് സമീപത്ത് സ്ലാബ് പൊളിഞ്ഞതിനാൽ റോഡിൽ സൂചന ബോർഡും ചെടികളും സ്ഥാപിച്ചിരിക്കുകയാണ്. ഗട്ടർ മൂലം റോഡിൽ ഗതാഗതക്കുരുക്കും പൊടിശല്യവും രൂക്ഷമാണ്. സമരങ്ങൾ ശക്തമാകുമ്പോൾ പാറമണലും പാറമക്കും വിതറി അധികാരികൾ സ്ഥലം കാലിയാക്കും.
ഇതിനെല്ലാം പരിഹാരമായിട്ടാണ് ബൈപാസ് എന്ന ആശയം മുന്നോട്ട് വെച്ചത്. ഇതിനുള്ള സ്ഥലം കണ്ടെത്തി സർവേക്കല്ലും നാട്ടിയതാണ്. എന്നാൽ, കല്ല് നാട്ടി പതിറ്റാണ്ട് ഒന്നര കഴിഞ്ഞിട്ടും പെരുമറ്റം-ചള്ളാവയൽ ബൈപാസ് മാത്രം യാഥാർഥ്യമായില്ല.
പെരുമറ്റം പാലം മുതൽ ചള്ളാവയൽ വരെ സ്ഥലം അളന്ന് തിട്ടപ്പെടുത്തി സർവേക്കല്ലുകൾ സ്ഥാപിച്ചിട്ട് പതിറ്റാണ്ട് ഒന്നര കഴിഞ്ഞു. ശേഷം ഇടത് വലത് കക്ഷികൾ മാറി മാറി ഭരിച്ചിട്ടും ബൈപാസ് മാത്രം യാഥാർഥ്യമായില്ല. ഇതു കാരണം തൊടുപുഴയുടെ ഉപനഗരമായി വളരുന്ന മുട്ടം ഗതാഗതക്കുരുക്കിൽ വീർപ്പ് മുട്ടുകയാണ്. ചില ഉടമകൾ സ്ഥലം ഏറ്റെടുപ്പിന് എതിര് നിന്നതോടെയാണ് അന്ന് ബൈപാസ് യഥാർഥ്യമാകാതെ പോയത്. എന്നാൽ, ശേഷം സ്ഥല ഉടമകൾ ഉൾപ്പെടെ അനുകൂലമായെങ്കിലും ഭരണകർത്താക്കളുടെ ഭാഗത്തുനിന്ന് അനുകൂല നടപടി ഉണ്ടായില്ല.
ആയിരക്കണക്കിന് വാഹനങ്ങൾ ദിനംപ്രതി സഞ്ചരിക്കുന്ന മുട്ടം ടൗണിൽ വേണ്ടത്ര വീതിയില്ലാത്തത് മൂലം ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
ഇതിന് ഒപ്പം അശാസ്ത്രീയ പാർക്കിങ് കൂടി ആകുന്നതോടെ വൈകുന്നേരങ്ങളിൽ മുട്ടം ഗതാഗതക്കുരുക്ക് മൂലം നിശ്ചലമാകുന്ന അവസ്ഥയാണ്. ബൈപാസ് വന്നാൽ ഈരാറ്റുപേട്ട, പാലാ ഭാഗത്തേക്ക് പോകുകയും വരുകയും ചെയ്യുന്നവർക്ക് ടൗണിൽ കയറാതെ ഗതാഗതക്കുരുക്ക് ഒഴിവാക്കി സഞ്ചരിക്കാൻ കഴിയും. കൂടാതെ പെരുമറ്റം ഭാഗത്തുനിന്നും മുട്ടം ടൗണിൽ കയറാതെ തന്നെ ശങ്കരപ്പള്ളി ഭാഗത്ത് എത്തുന്ന രീതിയിൽ ബൈപാസ് നിർമിക്കാനും പദ്ധതി വിഭാവനം ചെയ്തിരുന്നു. എന്നാൽ, ഇവയൊന്നും നടപ്പായില്ല.
മൂലമറ്റം ഭാഗത്തുനിന്നും ഈരാറ്റുപേട്ട, പാല ഭാഗത്തുനിന്നും മുട്ടം ടൗണിലേക്കെത്തുന്ന വാഹനങ്ങൾ ഒരേ സമയം ഇരു ദിശയിൽനിന്നുമാണ് തൊടുപുഴ റോഡിലേക്ക് പ്രവേശിക്കുന്നത്. തൊടുപുഴ ഭാഗത്തുനിന്നും ഈരാറ്റുപേട്ട, പാല ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളും മൂലമറ്റത്തുനിന്നും തൊടുപുഴ ഭാഗത്തേക്ക് വരുന്ന വാഹനങ്ങളും ടൗണിൽ മുഖാമുഖം എത്തുന്നു. പലപ്പോഴും തലനാരിഴക്കാണ് അപകടം ഒഴിവാകുന്നത്.
അതിവേഗത്തിലാണ് വാഹനങ്ങൾ മുട്ടം ടൗണിലേക്ക് പ്രവേശിക്കുന്നത്. ടൗണിൽ ഡ്യൂട്ടിയിലുള്ള ഒന്നോ രണ്ടോ പൊലീസുകാർക്ക് വാഹനത്തിന്റെ അതിവേഗത്തിലുള്ള നഗര പ്രവേശനം നിയന്ത്രിക്കാനും സാധിക്കില്ല. വേഗം നിയന്ത്രണ സംവിധാനം ഒന്നും മുട്ടത്ത് നിലവിലില്ല. സ്കൂൾ സമയങ്ങളിൽ പോലും വാഹനങ്ങൾ അതിവേഗത്തിലാണ് മുട്ടത്തേക്ക് എത്തുന്നത്.
ടൗണിലേക്കെത്തുന്ന വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാൻ സ്പീഡ് ബ്രേക്കറോ ഡിവൈഡറോ സ്ഥാപിച്ചാൽ അപകടസാധ്യത ഒഴിവാക്കാനാവും. ഇതിനെല്ലാം പരിഹാരം കണ്ടെത്താൻ അടിയന്തരമാരി ബൈപാസ് ഫയലുകൾ പൊടി തട്ടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.