മലങ്കര പാർക്ക് വഴി പൈപ്പ് സ്ഥാപിക്കൽ: മീനച്ചിൽ പദ്ധതിക്ക് അനുമതി; മുട്ടം -കുടയത്തൂർ-കരിങ്കുന്നത്തിന് ഇല്ല
text_fieldsമുട്ടം: കോട്ടയം ജില്ലയെ ജലസമൃദ്ധമാക്കുന്ന മലങ്കര മീനച്ചിൽ പദ്ധതിക്ക് അനുമതി നൽകിയ ജലസേചന വകുപ്പ് മുട്ടം - കുടയത്തൂർ - കരിങ്കുന്നം പദ്ധതിക്ക് അനുമതി നൽകിയില്ല. മലങ്കര ജലാശയത്തിൽ നിന്ന് പെരുമറ്റത്തെ ശുചീകരണ ശാലയിലേക്കും തിരിച്ചും പൈപ്പ് കടന്നു പോകേണ്ടത് മലങ്കര പാർക്ക് വഴിയാണ്. എന്നാൽ, ഇടുക്കി ജില്ലയിലെ പദ്ധതിക്ക് അനുമതി നൽകിയിട്ടില്ല. കാരണവും വ്യക്തമാക്കിയിട്ടില്ല. മുട്ടം പദ്ധതിക്ക് അനുമതി നൽകിയാൽ മീനച്ചിൽ പദ്ധതിക്ക് ഒപ്പം പൈപ്പ് സ്ഥാപിക്കാം.
അനുമതി വൈകിയാൽ രണ്ട് ഘട്ടമായി പൈപ്പ് സ്ഥാപിക്കേണ്ടി വരും. ഇത് പാർക്ക് പ്രവർത്തനത്തെ ബാധിക്കുകയും ചെലവ് ഇരട്ടിയാക്കുകയും ചെയ്യും. ഒരാഴ്ചക്കകം പാർക്കിന് സമീപത്തെ പൈപ്പ് സ്ഥാപിക്കൽ പൂർത്തിയാകും. ശേഷം പാർക്കിലേക്കാണ് പൈപ്പ് സ്ഥാപിക്കേണ്ടത്. അകാരണമായി അനുമതി വൈകിപ്പിക്കുന്ന എം.വി.ഐ.പി നടപടിക്കെതിരെ പ്രതിഷേധം ശക്തമാണ്.
കൂടാതെ നിർദിഷ്ടവനഭൂമി വഴി ശങ്കരപ്പള്ളിയിലേക്കും പൈപ്പ് സ്ഥാപിക്കണം. ഇതിനുള്ള അനുമതി പൂർത്തിയാകുന്നതേ ഉള്ളു. വനഭൂമിയിലൂടെ പൈപ്പ് സ്ഥാപിക്കാൻ 1,89,000 രൂപയാണ് ഫീസ് ഇനത്തിൽ വനം വകുപ്പ് ആവശ്യപ്പെട്ടത്. ഈ ഫീസ് അടച്ചാൽ ഉടൻ അനുമതി ലഭിക്കുമെന്നാണ് ജലവിഭവ വകുപ്പിന്റെ പ്രതീക്ഷ. അനുമതികൾ വേഗത്തിലാക്കി കുടിവെള്ള പദ്ധതികൾ യാഥാർഥ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.