പവർകട്ടില്ലെന്ന് കെ.എസ്.ഇ.ബി; ഉണ്ടെന്ന് ജനം
text_fieldsമുട്ടം: വൈദ്യുതി ഉപഭോഗം റെക്കോഡുകൾ ഭേദിച്ച് മുന്നേറുമ്പോഴും പവർകട്ടോ ലോഡ് ഷെഡിങ്ങോ ഏർപ്പെടുത്തിയിട്ടില്ലെന്നാണ് വൈദ്യുതി വകുപ്പ് പറയുന്നത്. എന്നാൽ, രാത്രി 10ന് ശേഷം 10 മുതൽ 15 മിനിറ്റ് വരെ വൈദ്യുതി മുടങ്ങുന്നതായി ജനങ്ങൾ പറയുന്നു. ഇത്തരത്തിൽ രണ്ടോ മൂന്നോ തവണ വരെ വൈദ്യുതി നിലക്കുന്നുണ്ട്. സബ് സ്റ്റേഷനിലേക്കോ വൈദ്യുതി ഓഫിസിലേക്കോ വിളിച്ചാൽ കളമശ്ശേരി ഡെസ്പാച്ചിൽനിന്ന് കട്ട് ചെയ്യുന്നതാണെന്ന മറുപടി ലഭിക്കും. എന്നാൽ, ഇത് പവർകട്ട് അല്ലെന്നാണ് വൈദ്യുതി മന്ത്രി ഉൾപ്പെടെ പറയുന്നത്.
വൈദ്യുതി കട്ട് ചെയ്യുന്നത് എ.ഡി.എം.എസ് സംവിധാനം വഴി
സംസ്ഥാനത്തെ മുഴുവൻ വൈദ്യുതി ഉപഭോഗവും ഉൽപാദനവും നിയന്ത്രിക്കുന്നത് കളമശ്ശേരി ലോഡ് ഡെസ്പാച്ച് സെൻററിലാണ്. ഉപഭോഗത്തിന് അനുസരിച്ച് വൈദ്യുതി ലഭ്യമാകാത്ത സാഹചര്യത്തിൽ ഓരോ സബ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ചും വൈദ്യുതി കട്ട് ചെയ്യാനുള്ള സംവിധാനം കളമശ്ശേരി ഡെസ്പാച്ചിൽ സജ്ജീകരിച്ചിട്ടുണ്ട്. ഓട്ടോമാറ്റിക് ഡിമാൻഡ് മാനേജ്മെൻറ് സിസ്റ്റം (എ.ഡി.എം.എസ്) എന്നാണ് ഇതിന്റെ പേര്. സബ് സ്റ്റേഷന്റെ അനുമതി ഇല്ലാതെതന്നെ ഡെസ്പാച്ചിന് ഓരോ സബ് സ്റ്റേഷനിലെയും വൈദ്യുതി കട്ട് ചെയ്യാൻ കഴിയും. വൈദ്യുതി നിലച്ച് ആലാറം അടിക്കുമ്പോൾ മാത്രമാണ് സബ് സ്റ്റേഷൻ വൈദ്യുതി നിലക്കുന്ന കാര്യം അറിയുക. സ്ക്രീനിൽ തെളിയുന്ന സമയത്തിന് ശേഷം സബ് സ്റ്റേഷൻ അധികൃതർ വൈദ്യുതി പുനഃസ്ഥാപിക്കണം. ദിവസത്തിൽ 10 മിനിറ്റ് വീതം രണ്ട് മുതൽ മൂന്ന് തവണ വരെ വൈദ്യുതി നിലക്കാറുണ്ടെന്ന് സബ് സ്റ്റേഷൻ അധികൃതരും പറയുന്നു.
വൈദ്യുതിയുടെ നാട്ടിലും പവർകട്ട്
സംസ്ഥാനത്തിന് ആവശ്യമായ 30 ശതമാനത്തോളം വൈദ്യുതി ഉൽപാദിപ്പിക്കുന്നത് മൂലമറ്റത്തുനിന്നാണ്. എന്നാൽ, ഇവിടെയും പല കാരണങ്ങൾ പറഞ്ഞ് വൈദ്യുതി മുടങ്ങുന്നുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ മുതൽ വൈദ്യുതിമുടക്കം പതിവായി. ചുട്ടുപൊള്ളുന്ന ഈ സമയത് വൈദ്യുതി വകുപ്പ് ജനങ്ങളോട് കാണിക്കുന്നത് കൊടുംക്രൂരതയാണ്. -ബിപിൻ തോമസ് ഈട്ടിക്കൽ, അറക്കുളം
പവർകട്ട് ഒഴിവാക്കാൻ സർക്കാർ പരമാവധി ചെയ്യുന്നുണ്ട്
ഏഴുവർഷമായി പവർകട്ട് എന്തെന്ന് കേരളീയർ അറിഞ്ഞിട്ടില്ല. പുറംസംസ്ഥാനങ്ങളിൽനിന്നും അമിത വിലയ്ക്ക് വൈദ്യുതി വാങ്ങിയാണ് പവർകട്ട് ഒഴിവാക്കുന്നത്. ബൃഹത്തായ വൈദ്യുതി വിതരണ ശൃംഖലയിൽ ചെറിയ പൊട്ടിത്തെറികൾ സ്വാഭാവികമാണ്. അതിനെ കുറ്റപ്പെടുത്തി സർക്കാറിന്റെ വീര്യം കെടുത്താനുള്ള ശ്രമമാണ് നിലവിലെ അപ്രഖ്യാപിത പവർകട്ട് എന്നത്. -അജ്സൽ ബഷീർ, പാക്കാട്ടുമുളയിൽ, മുട്ടം
പാതിരാത്രിയിലെ വൈദ്യുതിമുടക്കം ഉറക്കം കളയുന്നു
പകൽച്ചൂടിൽനിന്ന് രക്ഷപ്പെട്ട് ഉറക്കം തുടങ്ങുമ്പോഴാണ് വൈദ്യുതി പോകുന്നത്. ഇത് ഏറെ ദുരിതമായി. കുട്ടികൾക്ക് ചൂടുകാരണം ഉറങ്ങാൻപോലും കഴിയുന്നില്ല. എന്നാൽ, ബില്ലിന് ഒരു കുറവും ഇല്ല. കഴിഞ്ഞ തവണ വന്നത് സാധാരണയേക്കാൾ ഇരട്ടി ബില്ലാണ്. -അരുൺ മാത്യു, കണ്ണംപിള്ളി, മുട്ടം
പകൽ ടച്ച് വെട്ട്, രാത്രി ട്രാൻസ്ഫോർമർ തകരാർ
ദിവസത്തിൽ അഞ്ചുതവണ വരെ വൈദ്യുതി നിലക്കുന്നുണ്ട്. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ വിളിക്കുമ്പോൾ പകൽ ടച്ച് വെട്ടാണെന്നും രാത്രിയാണെങ്കിൽ ട്രാൻസ്ഫോർമർ തകരാറാണെന്നുമാണ് പറയുന്നത്. ആഡംബര ലൈറ്റുകളും അനാവശ്യ വൈദ്യുതി ഉപയോഗവും തടയാൻ നടപടി സ്വീകരിക്കണം. എന്നിട്ട് അവശ്യ ഉപയോഗത്തിന് തടസ്സമില്ലാതെ വൈദ്യുതി ഉറപ്പാക്കണം. -മാഹിൻ ഹനീഫ, നത്തേക്കാട്ടിൽ, മുട്ടം
ഇന്നലെ ഉപഭോഗം സർവകാല റെക്കോഡിൽ
വൈദ്യുതി ഉപഭോഗം ചൊവ്വാഴ്ച സർവകാല റെക്കോഡിലെത്തി. 113.15 ദശലക്ഷം യൂനിറ്റായിരുന്നു ചൊവ്വാഴ്ച രാവിലെ വരെയുള്ള ഉപഭോഗം. ഇതിൽ 88.45 ദശലക്ഷം യൂനിറ്റും പുറം സംസ്ഥാനങ്ങളിൽനിന്ന് വാങ്ങുകയായിരുന്നു. 24.70 ദശലക്ഷം യൂനിറ്റ് മാത്രമാണ് ആഭ്യന്തരമായി ഉൽപാദിപ്പിച്ചത്. പുറംസംസ്ഥാനങ്ങളിൽനിന്ന് പീക് സമയങ്ങളിൽ വൈദ്യുതി വാങ്ങുന്നത് ഉയർന്ന വില നൽകിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.