മലങ്കരയിലെ പുനരധിവാസം: സ്ഥലം ഒരുക്കാൻ വേണ്ടത് 57 ലക്ഷം
text_fieldsമുട്ടം: മലങ്കര അണക്കെട്ടിന്റെ ക്യാച്ച്മെന്റ് ഏരിയയിൽ താമസിക്കുന്നവരെ പുനരധിവസിപ്പിക്കാൻ വേണ്ടത് 57 ലക്ഷം. പെരുമറ്റത്ത് ഇവർക്ക് അനുവദിച്ച ഭൂമി വാസയോഗ്യമാക്കാനാണ് 57 ലക്ഷം ചെലവ് പ്രതീക്ഷിക്കുന്നത്. മുട്ടം ഗ്രാമപഞ്ചായത്ത് ഓവർസിയർ നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തൽ.
13 കുടുംബത്തിനായി 51 സെന്റ് ഭൂമിയാണ് മലങ്കരയിൽ അനുവദിച്ചത്. ഇതിൽ അഞ്ച് കുടുംബത്തിന് ലൈഫ് ഭവനപദ്ധതിയിൽ വീട് നിർമിച്ചു നൽകിയിരുന്നു. മലങ്കര ഹില്ലി അക്വ കുടിവെള്ള ഫാക്ടറിക്ക് സമീപത്തെ എം.വി.ഐ.പിവക സ്ഥലത്താണ് വീട് നിർമിച്ചുനൽകിയത്. എന്നാൽ, ഇവർക്ക് വൈദ്യുതിയും വെള്ളവും ഇതുവരെ ലഭിച്ചിട്ടില്ല. താമസത്തിന് എത്തേണ്ട മുഴുവൻ പേരും ബി.പി.എൽ ലിസ്റ്റിൽപെട്ടവർ ആയതിനാൽ സൗജന്യമായി വൈദ്യുതി കണക്ഷന് അർഹരാണ്.
ബാക്കി എട്ട് വീടുകൾ നിർമിക്കണമെങ്കിൽ കുന്നിൻ ചരിവായ ഇവിടെ ഉയരത്തിൽ മതിൽകെട്ടി സംരക്ഷിക്കണം. തുടർന്ന് 30 അടിയോളം ഉയരത്തിൽ മണ്ണിട്ട് നികത്തണം. ഇതിനാണ് ചുരുങ്ങിയത് 57 ലക്ഷം രൂപ വേണ്ടിവരുമെന്ന് കണക്കാക്കുന്നത്. ഈ തുക പഞ്ചായത്തിന് കണ്ടെത്താൻ പ്രയാസമായതിനാൽ ബ്ലോക്ക് പഞ്ചായത്ത്, ജില്ല പഞ്ചായത്ത്, എം.എൽ.എ, എം.പി എന്നിവർക്ക് നിവേദനം നൽകി കാത്തിരിക്കുകയാണ്.
വ്യാഴാഴ്ച ടൂറിസം വികസനവുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ പഞ്ചായത്ത് പ്രസിഡൻറ് ഷൈജ ജോമോൻ ഇക്കാര്യം അവതരിപ്പിക്കുകയും ചർച്ച നടത്തുകയും ചെയ്തിരുന്നു. ഭൂമി ഒരുക്കുന്നതിന് മാത്രമായി 57 ലക്ഷം ലഭിക്കാൻ ബുദ്ധിമുട്ടാണെന്നും മറ്റ് അനുയോജ്യമായ ഭൂമി തരപ്പെടുത്തുന്നതാണ് ഉചിതമെന്നും ചർച്ചയിൽ അഭിപ്രായം ഉയർന്നു. ഈ സ്ഥലത്തിന് സമീപത്ത് എം.വി.ഐ.പി കിൻഫ്രക്ക് സ്ഥലം നൽകിയിരുന്നു.
ഈ സ്ഥലം ഏറെനാളായി അനാഥമായി കിടക്കുകയാണ്. ഇത് ഇവർക്കായി നൽകാനാകുമോ എന്ന് പരിശോധിക്കുമെന്ന് കലക്ടർ പറഞ്ഞു. 13 കുടുംബങ്ങളും നിലവിൽ ഡാമിന് സമീപത്ത് പുറമ്പോക്കിൽ കുടിൽ കെട്ടിത്താമസിക്കുകയാണ്. മലങ്കര ഡാം നിർമാണത്തിനായി വിവിധ സ്ഥലങ്ങളിൽനിന്ന് എത്തിയവരാണ് ഇവർ. ഡാം സൈറ്റിൽ അഞ്ചുരൂപയാണ് അന്ന് കൂലിയായി നൽകിയിരുന്നത്. ഡാം സൈറ്റിനു പുറത്ത് ഒമ്പതുരൂപ കൂലിയുണ്ടായിരുന്നപ്പോൾ കുറഞ്ഞകൂലിക്ക് പണിയെടുക്കുന്നതിന് തൊഴിലാളികൾ വിസമ്മതിച്ചിരുന്നു.
എന്നാൽ, വീടുവെക്കാൻ സൗജന്യമായി ഭൂമി നൽകാമെന്ന ഉറപ്പിൽ ഇവർ ഡാമിന് സമീപം കുടിൽ കെട്ടി താമസിച്ച് ജോലി ചെയ്യുകയായിരുന്നു.ഇതിനിടെ ഇലപ്പള്ളി വില്ലേജിൽ ഇവർക്ക് സ്ഥലം നൽകാൻ ആലോചിച്ചെങ്കിലും ഇവിടെ താമസിച്ചാൽ ജോലി കിട്ടാൻ ബുദ്ധിമുട്ടാണെന്നും കുട്ടികളുടെ പഠനത്തെ ബാധിക്കുമെന്നും കാണിച്ച് വിവിധ രാഷ്ട്രീയ കക്ഷികൾ സർക്കാറിന് നിവേദനം നൽകി. തുടർന്നാണ് പെരുമറ്റത്ത് മൂന്ന് സെന്റ് വീതം ഭൂമി നൽകി പുനരധിവസിപ്പിക്കാൻ സർക്കാർ നടപടിയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.