ടാറിങ്ങിന് നടപടിയുണ്ടോ?
text_fieldsമുട്ടം: മീനച്ചിൽ കുടിവെള്ള പദ്ധതിക്കായി റോഡിന്റെ പകുതി വെട്ടിപ്പൊളിച്ചിട്ട് മാസങ്ങളായെങ്കിലും ടാറിങ്ങിന് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം കനക്കുന്നു. തോട്ടുംകര മുതൽ ചള്ളാവയൽ വരെയുള്ള ഒരു കിലോമീറ്റർ ദൂരമാണ് ടാറിങ് നടത്താതെ കിടക്കുന്നത്. റോഡിന്റെ പകുതിയിലധികം ഭാഗം മണ്ണും കല്ലും ചിതറിത്തെറിച്ച് ഗതാഗതത്തിന് തടസ്സമായി കിടക്കുകയാണ്. മഴ പെയ്താൽ ചളിക്കളമാവുകയും ചെയ്യും. ഇരുചക്രവാഹനങ്ങൾ ഉൾപ്പടെ അപകടത്തിൽ പെടുന്നത് പതിവാണ്. വാഹനങ്ങൾ ഗട്ടറിൽ വീണ് കേട് പാട് സംഭവിക്കുന്നതും നിത്യസംഭവമാണ്.
മുമ്പ് പലതവണ ദുരനുഭവമുള്ള നാട്ടുകാർ റോഡ് വെട്ടിപൊളിക്കും മുമ്പുതന്നെ പ്രതിഷേധിച്ചതാണ്. അന്ന് പഞ്ചായത്തിൽ യോഗം ചേർന്ന് പൈപ്പ് സ്ഥാപിച്ച ഉടൻ ടാറിങ്ങ് നടത്താമെന്ന് ഉറപ്പ് നൽകിയിരുന്നു. 500 മീറ്റർ വീതം ടാറിങ് നടത്താമെന്നാണ് അന്ന് ജലവകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയത്. എന്നാൽ കിലോമീറ്റർ ഒന്ന് ആയെങ്കിലും ടാറിങ് നടത്താൻ കഴിഞ്ഞിട്ടില്ല. മഴക്കാലത്തിന് മുൻപെങ്കിലും ടാറിങ്ങ് നടത്തുമൊ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.കോട്ടയം ജില്ലയിലെ 13 പഞ്ചായത്തുകളിലേക്ക് കുടിവെള്ളം എത്തിക്കുന്ന മീനച്ചിൽ കുടിവെള്ള പദ്ധതിയുടെ നിർമാണ പ്രവർത്തികൾ നിർത്തിവച്ച് കരാറുകാർ മടങ്ങിയിരിക്കുകയാണ്.കരാറുകാർക്ക് 60 കോടി രൂപയുടെ കുടിശ്ശിക ആയതിനെത്തുടർന്നാണ് നിർമാണം നിർത്തിവച്ചിരിക്കുന്നത്. സംസ്ഥാനം നൽകേണ്ട വിഹിതത്തിൽ മുടക്കം വരുത്തിയതോടെ കേന്ദ്രവും ഫണ്ട് നൽകുന്നിലെന്ന് ഉദ്യോഗസ്ഥർ പറയുന്നു.1243 കോടി രൂപയാണ് പദ്ധതിക്ക് വേണ്ടി വരുന്ന ആകെ ചിലവ്.15കരാറുകളായിട്ട് പദ്ധതി നടപ്പാക്കുന്നത്. ഇതിൽ പണം ലഭിക്കാത്ത കരാറുകാർ പണി നിർത്തിവച്ചിരിക്കുകയാണ്. കുടിശ്ശിക ലഭിക്കാതെ തുടർ പ്രവർത്തികൾ നടത്താൻ സാധിക്കില്ല എന്നാണ് കരാറുകാരുടെ നിലപാട്.
അപകടങ്ങൾ നിത്യസംഭവം
പൈപ്പിനെടുത്ത ഗട്ടറിൽ വീണ് അപകടങ്ങൾ ഉണ്ടാകുന്നത് നിത്യസംഭവമാണ്. അപകടത്തിൽ പെടുന്നതിൽ കൂടുതലും ഇരുചക്ര വാഹന യാത്രികരാണ്.മഴ പെയ്താൽ ഇവിടം ചെളിക്കളവും അല്ലാത്തപ്പോൾ പൊടിശല്യത്താൽ രൂക്ഷവുമാണ്. നടപടി വൈകും തോറും അപകട തോത് വർധിക്കും.-എം.എൻ. നൗഫൽ , മഠത്തിപ്പറമ്പിൽ, വ്യാപാരി
'അപകടത്തിൽ നിന്ന് രക്ഷപെടുന്നത് തലനാരിഴക്ക്’
ഗട്ടർ ഒഴിവാക്കി ടാറിങ്ങിലൂടെ സഞ്ചരിക്കാൻ ശ്രമിക്കുന്നത് വലിയ അപകടത്തിന് കാരണമാകുന്നുണ്ട്. ഇത് പലപ്പോഴും എതിർ ദിശയിൽ വരുന്ന വാഹനങ്ങളുടെ അടിയിൽപ്പെടാൻ സാധ്യത കൂടുതലാണ്. റോഡിന്റെ പകുതി മാത്രമാണ് ടാറിങ്ങ് ഉള്ളത്. എതിർ ദിശയിൽ വരുന്ന വാഹനങ്ങൾ തെറ്റായ ദിശയിലൂടെയാണ് കൂടുതലും സഞ്ചരിക്കുന്നത്. ഗട്ടറിലൂടെ തുള്ളിച്ചാടി വേണം വാഹനം കൊണ്ടുപോകാൻ. ഇത് യാത്രികർക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. -മനോജ് കരിമ്പാനിയിൽ, മുട്ടം, ബസ് ഡ്രൈവർ
വാഹനങ്ങൾക്ക് കേടുപാട് സംഭവിക്കുന്നു
തോട്ടുംകര മുതൽ ചള്ളാവയൽ വരെയുള്ള പ്രദേശത്തെ ടാറിങ് നടത്താതെ കിടക്കുന്നത് വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്. കുടിവെള്ള പൈപ്പ് സ്ഥാപിച്ചിട്ട് ഒരു മാസത്തിലധികമായിട്ടും ടാറിങ് ചെയ്യുന്നില്ല. കുത്തിപ്പൊളിച്ച പ്രദേശം ടാറിങ് നടത്താത്തതിനാൽ വാഹനങ്ങൾക്ക് കേടുപാട് സംഭവിക്കുകയാണ്. ഒട്ടോറിക്ഷകളുടെ കോൺസെറ്റ് ഉൾപ്പടെ തകരുകയാണ്. അധികൃതരുടെ അലംഭാവമാണ് ടാറിങ് വൈകാൻ കാരണമെന്ന് സംശയിക്കുന്നു.-സി.എം. ജമാൽ ചിറക്കൽ, ഓട്ടോറിക്ഷ ഡ്രൈവർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.