സ്പൈസസ് പാർക്ക്; രണ്ടാംഘട്ടം ഉടൻ തുടങ്ങും
text_fieldsമുട്ടം: തുടങ്ങനാട് സ്പൈസസ് പാർക്കിന്റെ രണ്ടാം ഘട്ട നിർമാണം ഉടൻ ആരംഭിക്കും. 18 ഏക്കറിലാണ് രണ്ടാം ഘട്ട നിർമാണം നടത്തുക. ഈ മാസം തന്നെ ഇത് സംബന്ധിച്ച ടെൻഡര്‍ നടപടികൾ ഉണ്ടാവുമെന്ന് അധികൃതർ പറഞ്ഞു. കുന്നിടിച്ച് സ്ഥലം ഒരുക്കലാണ് ആദ്യ നടപടി. ശേഷം വൈദ്യുതി, വെള്ളം, റോഡ് എന്നിവ ഒരുക്കണം. തുടർന്നാവും സംരംഭകർക്ക് നൽകുക. 2023 ഒക്ടോബർ 14 നാണ് സ്പൈസസ് പാർക്കിന്റെ ഉദ്ഘാടനം നടന്നത്.
20 കോടി രൂപ മുതൽ മുടക്കിലാണ് സ്പൈസസ് പാർക്കിന്റെ ഒന്നാം ഘട്ടം പൂർത്തിയാക്കിയത്. തുടങ്ങനാട്ടെ 15 ഏക്കറിലാണ് നിലവിൽ പാർക്ക് നിർമിച്ചിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾക്കായി നീക്കിവെച്ച ശേഷം 9.5 ഏക്കറാണ് സ്ഥാപനങ്ങൾക്കായി വാടകക്ക് നൽകുന്നത്. ഇതിൽ എട്ട് ഏക്കർ 12 സ്ഥാപനങ്ങൾ വാടകക്ക് എടുത്തു കഴിഞ്ഞു. ആദ്യം 30 വർഷത്തേക്കാണ് കരാർ തീരുമാനിച്ചിരുന്നത്. പുതിയ നിയമം വന്നതോടെ 60 വർഷം ആയി വർധിച്ചു. ഇത് സംരംഭകർക്ക് ആശ്വാസം നൽകും. ഒരു സെന്റ് സ്ഥലത്തിന് 1.75 ലക്ഷം രൂപയാണ് വാടക. സ്ഥലം വാടകക്ക് എടുത്ത സ്ഥാപനങ്ങൾ അവർക്ക് ആവശ്യമായ കെട്ടിടങ്ങൾ സ്വന്തം ചെലവിൽ നിർമിക്കണം. എന്നാൽ വൈദ്യുതി, വെള്ളം, ഗതാഗത സൗകര്യം, ശൗചാലയം എന്നിവ സ്പൈസസ് ബോർഡ് ഒരുക്കി നൽകും.
വെള്ളം, കാവൽക്കാരൻ തുടങ്ങിയവർക്കായി നിശ്ചിത ശതമാനം തുകയും സംരംഭകർ നൽകണം. ആറ് മാസം കഴിഞ്ഞിട്ടും ഒരു സ്ഥാപനം പോലും പ്രവർത്തനം ആരംഭിക്കാത്തതിനാൽ നാട്ടുകാർ ആശങ്കയിലായിരുന്നു. സ്പൈസസ് പാർക്കിൽ സ്ഥാപനങ്ങൾ പ്രവർത്തനം ആരംഭിക്കുമ്പോൾ നാട് വികസിക്കുമെന്നും അത് വഴി അനവധി തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നും പ്രാദേശവാസികൾക്ക് തൊഴിൽ ലഭിക്കുമെന്നും നാട്ടുകാർ പ്രതീക്ഷിക്കുന്നു.
ഓണത്തിന് ശേഷം സംരംഭകർ കെട്ടിട നിർമാണം ആരംഭിക്കും. 90 ഏക്കർ ഏറ്റെടുക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും 33.57 ഏക്കർ മാത്രമാണ് ഏറ്റെടുത്തത്. ഏലം, കുരുമുളക് എന്നിവ സംസ്കരണവും കയറ്റുമതിയും ലക്ഷ്യമിട്ട് 2007 കേന്ദ്രസർക്കാർ സംസ്ഥാനത്തിന് 27 കോടി രൂപ അനുവദിച്ചതോടെയാണ് പദ്ധതിയുടെ തുടക്കം.
പ്രസ്തുത പാര്‍ക്കില്‍ അഡ്മിനിസ്ട്രേറ്റിവ് ഓഫിസ് കെട്ടിടം, ഡോക്യുമെന്റേഷൻ സെന്റർ, കോണ്‍ഫറന്‍സ് ഹാള്‍, ബാങ്ക്, പോസ്റ്റ് ഓഫിസ്, അസംസ്കൃത വസ്തുക്കള്‍ സൂക്ഷിക്കാനുള്ള സൗകര്യം, മാര്‍ക്കറ്റിങ് സൗകര്യം, കാൻറീൻ എന്നീ സൗകര്യങ്ങൾ സ്പൈസസ് പാർക്കിന്റെ ചുമതലക്കാരായ കിന്‍ഫ്ര സജ്ജമാക്കിയിട്ടുണ്ട്. ജലം, വൈദ്യുതി, റോഡുകള്‍, മലിനീകരണ നിയന്ത്രണ പ്ലാൻറ്, സ്ട്രീറ്റ് ലൈറ്റുകള്‍, മഴവെള്ള സംഭരണി തുടങ്ങിയവയും സജ്ജമാണ്.
സുഗന്ധ വ്യഞ്ജന തൈലങ്ങള്‍, സുഗന്ധവ്യഞ്ജന കൂട്ടുകള്‍, ചേരുവകകള്‍, കറിപ്പൊടികള്‍, കറി മസാലകള്‍, നിർജലീകരണം ചെയ്ത സുഗന്ധവ്യഞ്ജനങ്ങള്‍, സുഗന്ധവ്യഞ്ജന പൊടികള്‍, ഉണക്കിയ സുഗന്ധവ്യഞ്ജനങ്ങള്‍ ഫ്രീസ് ചെയ്യുക തുടങ്ങിയ സംരംഭങ്ങളാണ് ഇവിടെ പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.