പൊടി ഒതുങ്ങി ചളി വന്നു; ഇനി മഴ മാറിയിട്ട് ടാർ ചെയ്യാം
text_fieldsമുട്ടം: മീനച്ചിൽ കുടിവെള്ള പദ്ധതിക്കായി രണ്ടു മാസം മുമ്പ് കുത്തിപ്പൊളിച്ച റോഡ് ചെളിക്കുളമായി മാറി. സർക്കാർ പണം നൽകാത്തതിനാൽ പണി നിർത്തി കരാറുകാരും മടങ്ങി. ഇനി സർക്കാർ പണം നൽകിയാൽ തന്നെ മഴയെ പഴിചാരി രണ്ടു മാസമെങ്കിലും ടാറിങ്ങ് നടത്താതെ അധികൃതർ ജനങ്ങളെ ബുദ്ധിമുട്ടിക്കും.
മുട്ടത്ത് നിന്നും കോട്ടയം ജില്ലയിലെ 13 പഞ്ചായത്തുകളെ ജലസമൃദ്ധമാക്കാൻ ആരംഭിച്ച മീനച്ചിൽ പദ്ധതിക്കായി കുഴിച്ച റോഡുകളാണ് ടാറിങ് നടത്താതെ കിടക്കുന്നത്. നൂറുകണക്കിന് വാഹനങ്ങൾ ദിനംപ്രതി സഞ്ചരിക്കുന്ന മുട്ടം-ഈരാറ്റുപേട്ട റോഡിന്റെ ഭാഗമായ തോട്ടുംകര മുതൽ ചള്ളാവയൽ വരെയുള്ള ഒന്നര കിലോമീറ്ററോളം ദൂരമാണ് ചളിക്കുളമായി കിടക്കുന്നത്.
പദ്ധതിയെക്കുറിച്ച് അറിഞ്ഞപ്പോൾ തന്നെ നാട്ടുകാരും വ്യാപാരികളും ആശങ്ക അറിയച്ചതാണ്. മുൻകാല അനുഭവങ്ങൾ നിരവധിയുള്ള നാട്ടുകാർ പ്രതിഷേധവും അറിയിച്ചു.
ഇതേ തുടർന്ന് പഞ്ചായത്തിൽ ജലവകുപ്പ് അധികൃതർ എത്തി എല്ലാ വാഗ്ദാനങ്ങളും നടത്തി മടങ്ങി. 500 മീറ്റർ ദൂരം നിർമാണം പിന്നിടുമ്പോൾ ഉന്നത നിലവാരത്തിൽ തന്നെ ടാറിങ് നടത്തും. ആ സമയം വരെ പൊടിശല്യം, ചെളി ശല്യം എന്നിവ ഇല്ലാതെ സംരക്ഷിക്കും. രാത്രി കാലങ്ങളിൽ മാത്രം നിർമാണ പ്രവർത്തി തുടങ്ങിയ അനവധി വാഗ്ദാനങ്ങളായിരുന്നു ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ നടത്തിയത്.
എന്നാൽ, അവയെല്ലാം അധികൃതർ ലംഘിച്ചിരിക്കുകയാണ്. വേനൽക്കാലത്ത് കുഴിയിൽ വീണ് അനവധി ഇരുചക്രവാഹന യാത്രക്കാർക്കാണ് പരിക്കേറ്റത്. മഴ ആരംഭിച്ചതോടെ ചളിക്കുളമായ റോഡിൽ വീണാകും ഇനി അപകടങ്ങൾ. ചളിയിൽ വാഹനങ്ങൾ താഴ്ന്നുപോകാനും സാധ്യതയുണ്ട്. ആയതിനാൽ കരാറുകാരെയും ഉദ്യോഗസ്ഥരേയും വിളിച്ചു വരുത്തി അടിയന്തിര നടപടിക്ക് നിർദേശം നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മുതലക്കോടം നിവാസികൾക്ക് തീരാദുരിതമായി നഗരസഭാ റോഡുകൾ
മുതലക്കോടം: മഴ പെയ്താല്‍ കുളമാകുന്ന റോഡുകൾ മുതലക്കോടം നിവാസികൾക്ക് ദുരിതമാവുന്നു. നഗരസഭ ഒമ്പത്, പത്ത് വാര്‍ഡുകളിലെ റോഡുകള്‍ നിറയെ വലിയ കുഴികളാണ്. പലയിടത്തും മെറ്റൽ ഇളകിക്കിടക്കുന്നതിനാല്‍ ഇരുചക്രവാഹനങ്ങള്‍ തെന്നി മറിഞ്ഞ് അപകടമുണ്ടാകുന്നതും പതിവ്.
മുതലക്കോടം ഹയര്‍സെക്കന്‍ഡറി സ്കൂളിനും ഹൈസ്കൂളിനും മുന്നിലൂടെ കടന്നുപോകുന്ന മുതലക്കോടം-മഠത്തിക്കണ്ടം, മുതലക്കോടം-പഴേരി-പുതുച്ചിറ റോഡുമാണ് കാല്‍നടയാത്ര പോലും അസാധ്യമായ വിധത്തില്‍ തകര്‍ന്നുകിടക്കുന്നത്. നാട്ടുകാര്‍ നഗരസഭയില്‍ പരാതിപ്പെടുകയും നഗരസഭക്ക് മുന്നില്‍ ധര്‍ണ്ണ സംഘടിപ്പിച്ചും പ്രതിഷേധിച്ചിരുന്നു. എന്നിട്ടും പരിഹാരമൊന്നുമായില്ല. വേനൽ മഴ പെയ്തപ്പോൾ തന്നെ റോഡുകളുടെ അവസ്ഥ പരിതാപകരമായി. കാലവർഷം തുടങ്ങുന്നതോടെ ഈ റോഡുകളിലൂടെയുള്ള യാത്ര ആകെ ദുരിതപൂർണവും അപകടത്തിന് വഴിവെക്കുന്നതുമാകും.
മുതലക്കോടം-മഠത്തിക്കണ്ടം റോഡും മുതലക്കോടം-പഴേരി-പുതുച്ചിറ റോഡും തകർന്നിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. മുതലക്കോടം- മഠത്തിക്കണ്ടം റോഡിന്റെ ഏഴല്ലൂര്‍ കവല മുതല്‍ മഠത്തിക്കണ്ടം പെട്ടേനാട് വരെ ഭാഗം ഏഴ് വര്‍ഷമായി കേസില്പ്പെട്ടുകിടക്കുകയാണ്. കരാറുകാരനും ഉദ്യോഗസ്ഥരും തമ്മിലെ തര്‍ക്കം കേസിലേക്ക് നീങ്ങുകയായിരുന്നു. ഉദ്യോഗസ്ഥരുടെ ഭാഗത്തെ ദുര്‍വാശിയാണ് പ്രശ്നപരിഹാരത്തിന് തടസ്സമെന്ന് ആക്ഷേപമുണ്ട്.
പ്രശ്നം പരിഹരിക്കേണ്ട ഉദ്യോഗസ്ഥർ ഭരണാനുകൂല സംഘടനയില്‍പ്പെട്ടവരായതിനാല്‍ ഇവരെ സംരക്ഷിക്കുന്ന നിലപാട് നഗരസഭയും കൈക്കൊള്ളുന്നതായും നാട്ടുകാര്‍ പറയുന്നു. പ്രശ്നം പരിഹരിക്കാൻ കൗൺസിൽ മുൻകൈ എടുക്കുന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.
ജലവിതരണ പൈപ്പിടാൻ വെട്ടിപ്പൊളിച്ച റോഡ് നന്നാക്കിയില്ല
നെടുങ്കണ്ടം: പാമ്പാടുംപാറ പഞ്ചായത്തിലെ വിവിധ റോഡുകള്‍ ജലവിതരണ പൈപ്പിടാന്‍ വെട്ടിപ്പൊളിച്ച് താറുമാറാക്കിയതായി പരാതി. ത്രിതല പഞ്ചായത്തുകളും പൊതുമരാമത്ത് വകുപ്പും നിർമിച്ച വിവിധ റോഡുകളാണ് പൈപ്പിടാനായി വെട്ടിപ്പൊളിച്ചത്. മഴ പെയ്തതോടെ റോഡരികിലെല്ലാം കുഴികള്‍ രൂപപ്പെട്ടു.
കുമളി-മൂന്നാര്‍ സംസ്ഥാന പാതയിലടക്കം മണ്ണും ചളിയും കുമിഞ്ഞു കൂടിയിരിക്കുകയാണ്. ടാറിങ്ങും കോൺക്രീറ്റുമാണ് പൊളിച്ചത്. മഴ പെയ്തപ്പോള്‍ പൊളിച്ചിട്ട കല്ലും മണ്ണും റോഡിലൂടെ ഒലിച്ചു പോയി. റോഡ് നിറയെ മണ്ണും ചളിയുമായേതാടെ വാഹന ഗതാഗതവും കാൽനടയാത്രയും അസാധ്യമായി.
സ്വകാര്യ വ്യക്തികള്‍ വീടിന്റെ വാതില്ക്കല് പതിനായിരങ്ങള്‍ മുടക്കി കോണ്‍ക്രീറ്റ് ചെയ്തതും വെട്ടിപ്പെളിച്ചിട്ടുണ്ട്. കോണ്‍ക്രീറ്റ് ചെയ്യാമെന്ന് പറഞ്ഞാണ് പൊളിച്ചത്. പൈപ്പിട്ടശേഷം കോണ്‍ക്രീറ്റ് ചെയ്യാതെ മണ്ണിട്ട് മൂടുകയാണ് ചെയ്തിട്ടുള്ളത്.
പാമ്പാടുംപാറ ടൗണ്‍, പത്തിനിപ്പാറ, വലിയതോവാള, മന്നാക്കുടി തുടങ്ങി വിവിധ റോഡുകള്‍ കിലോമീറ്ററുകളോളമാണ് പൊളിച്ചത്. മാസങ്ങള്‍ കഴിഞ്ഞിട്ടും ഇവയൊന്നും കോൺക്രീറ്റ് ചെയ്തിട്ടില്ല.
വേനല്‍ മഴ ശക്തമായതോടെ ഇരുചക്രവാഹനങ്ങള്‍ അപകടത്തിൽപ്പെടുന്നതും പതിവായി. മാത്രമല്ല, മണ്ണൊലിച്ചു പോയതോടെ പൈപ്പുകള്‍ പലതും മണ്ണിനു മീതെ കാണുന്ന അവസ്ഥയിലുമായി. എന്നാല്‍ ജൽജീവന്‍ മിഷനും സര്‍ക്കാറും തമ്മിലെ കരാർ പ്രകാരമാണ് റോഡരികിലെ കോണ്‍ക്രീറ്റ് വെട്ടിപ്പൊളിച്ചതെന്നും പൈപ്പുകള്‍ ഇട്ടുകഴിയുമ്പോള്‍ പൊളിച്ച ഭാഗം കോണ്‍ക്രീറ്റ് ചെയ്യുമെന്നും പാമ്പാടുംപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ഇരുചക്ര വാഹനങ്ങൾ മറിഞ്ഞ് മൂന്നു പേർക്ക് പരിക്ക്
കട്ടപ്പന: കട്ടപ്പനയിൽ കനത്ത മഴക്കിടയിൽ റോഡിലേക്ക് ഒഴുകി വന്ന ചെറിയ കല്ലുകളിൽ കയറി മൂന്ന് ഇരുചക്ര വാഹനങ്ങൾ മറിഞ്ഞു. മുന്നു പേർക്ക് പരിക്കേറ്റു. കട്ടപ്പന-അടിമാലി ദേശീയ പാതയിൽ വെള്ളയാംകുടിക്ക് സമീപമാണ് കനത്ത മഴയിൽ റോഡിലേക്ക് കല്ലുകൾ ഒഴുകിവന്നത്. റോഡിൽ ചരലുകളും ചെറിയ കല്ലുകളും കിടക്കുന്നത് അറിയാതെ വേഗതയിൽ വന്ന ഇരുചക്ര വാഹനങ്ങൾ കല്ലുകൾക്ക് മുകളിൽ കയറി നിയന്ത്രണം വിട്ടുമറിഞ്ഞു. ഒന്നിന് പുറകെ മറ്റൊന്നായി മുന്ന് ബൈക്കുകളാണ് മറിഞ്ഞത്.
മുന്ന് പേർക്ക് അപകടത്തിൽ പരിക്കേറ്റു. ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പെയ്ത ശക്തമായ മഴയിൽ റോഡിലേക്ക് ഒഴുകിവന്ന ചരലിൽ കയറി ഒരു സ്കൂട്ടിയാണ് ആദ്യം മറിഞ്ഞത്. തുടർന്ന് പിറകേവന്ന രണ്ട് ബൈക്കുകളും മറിഞ്ഞു. നാട്ടുകാർ തന്നെ കല്ലുകൾ നീക്കം ചെയ്ത് അപകടസാധ്യത ഒഴിവാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.