മുട്ടത്തെ ഗതാഗതക്കുരുക്ക്; കോടതി നിർദേശം നടപ്പായില്ല
text_fieldsമുട്ടം: മുട്ടം ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ കോടതി സമർപ്പിച്ച നിർശേദങ്ങളിൽ ഒന്നുപോലും നടപ്പായില്ല. 10 വർഷം മുമ്പാണ് മുട്ടം ലീഗൽ സർവിസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ ടൗണിലെ ബസ് സ്റ്റോപ്പുകളും ഓട്ടോ സ്റ്റാൻഡുകളും പുനർനിർണയിച്ച് നിർദേശം പുറപ്പെടുവിച്ചത്. മുട്ടം എസ്.ഐ, പഞ്ചായത്ത് സെക്രട്ടറി, ഹെൽത്ത് ഇൻസ്പെക്ടർ എന്നിവരെ കോടതി അദാലത്തിൽ വിളിച്ചുവരുത്തിയാണ് നിർദേശം നടപ്പാക്കാൻ ആവശ്യപ്പെട്ടത്. അദാലത്തിലെ നിർദേശത്തെ തുടർന്ന് മുട്ടം പഞ്ചായത്തിൽ ഉപദേശക സമിതി യോഗം ചേരുകയും ബസ് സ്റ്റോപ്പുകൾ അശാസ്ത്രീയവും ഗതാഗത തടസ്സം ഉണ്ടാകുന്നതുമാണെന്ന് കണ്ടെത്തി.
തുടർന്ന് ഈരാട്ടുപേട്ട, പാലാ ഭാഗത്തേക്ക് പോകുന്ന ബസുകൾ സ്റ്റാൻഡിൽ കയറണമെന്നും തൊടുപുഴ റൂട്ടിൽ പോകുന്ന ബസുകൾ സിനിമ തിയറ്ററിന് മുൻവശവും മൂലമറ്റം റൂട്ടിൽ പോകുന്ന ബസുകൾ പാൽ സൊസൈറ്റിയുടെ സമീപത്തും നിർത്തണമെന്നും ധാരണയായി. കോടതി കവലയിൽ തൊടുപുഴ റൂട്ടിൽ പോകുന്ന ബസുകൾ വെയിറ്റിങ് ഷെഡിന് സമീപത്തും തൊടുപുഴയിൽനിന്ന് വരുന്ന ബസുകൾ യാക്കോബൈറ്റ് ഓർത്തഡോക്സ് പള്ളിയുടെ സമീപത്തും നിർത്തണമെന്നും തീരുമാനിച്ചു. ശങ്കരപ്പള്ളി വില്ലേജ് ഓഫിസിന് സമീപം ബസ് സ്റ്റോപ് അനുവദിച്ചും ഉത്തരവായിരുന്നു.
കൂടാതെ ബസ് സ്റ്റാൻഡിൽ ഓട്ടോ, ടാക്സി, ബസ് എന്നിവക്ക് പാർക്കിങ് ഏരിയ മാർക്ക് ചെയ്തു കൊടുക്കണം. പഞ്ചായത്ത് ഓഫിസ് മുതൽ ബസ് സ്റ്റാൻഡുവരെയുള്ള ഭാഗത്ത് റോഡിന് ഒരു വശത്തുള്ള പാർക്കിങ് ഒഴിവാക്കും. പെരുമറ്റം മുതൽ മുട്ടം വരെ റോഡ് വക്കിൽ മാലിന്യം തള്ളൽ തടയാനും നിർദേശം വന്നിരുന്നു.
തീരുമാനങ്ങളെല്ലാം എടുത്തെങ്കിലും 10 വർഷം പിന്നിട്ടിട്ടും ഒന്നുപോലും നടപ്പാക്കിയിട്ടില്ല. മുട്ടം ടൗണിലും കോടതിക്കവലയിലും സീബ്രലൈനിലാണ് ബസ് നിർത്തി ആളുകളെ കയറ്റി ഇറക്കുന്നത്. ഇതുമൂലം റോഡ് മുറിച്ചുകടക്കേണ്ടവർക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ട്. ബസ് സ്റ്റോപ്പുകൾ പുനർനിർണയിച്ച് ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കണെമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.