ട്രയൽ റൺ പൂർത്തിയാക്കി; ഇടത് കനാൽ വഴി ജലസേചനം ആരംഭിച്ചു
text_fieldsമുട്ടം: മലങ്കരയിലെ ഇടത് കനാൽ വഴിയുള്ള ജലസേചനം തിങ്കളാഴ്ച മുതൽ ആരംഭിച്ചു. നാല്, അഞ്ച് തീയതികളിൽ നടത്തിയ ട്രയൽ റണ്ണിൽ അപാകതയൊന്നും കണ്ടെത്താത്തതിനെ തുടർന്നാണ് പൂർണതോതിൽ തുറന്നത്.
മലങ്കര അണക്കെട്ടിലെ കനാൽ ഷട്ടർ 1.5 മീറ്റർ ഉയർത്തിയാണ് ജലം ഒഴുക്കുന്നത്. കഴിഞ്ഞ ആഴ്ച മുതൽ ഷട്ടറുകൾ അടച്ച് ജലം സംഭരിച്ച് തുടങ്ങിയിരുന്നു. ഇരു കനാലിലൂടെയും വെള്ളം ഒഴുക്കണമെങ്കിൽ ഡാമിൽ 40.5 മീറ്റർ വെള്ളമാണ് അവശ്യമായുള്ളത്. 41.12 മീറ്ററാണ് മലങ്കര അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്. വലതുകര കനാലിൽ അറ്റകുറ്റപ്പണി ആവശ്യമായുള്ളതിനാൽ അത് തുറക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. സാധാരണ ഡിസംബർ ആദ്യവാരത്തോടെയാണ് മലങ്കര ജലാശയത്തിൽ നിന്നുള്ള ഇടത്-വലത് കര കനാലുകളിൽ വെള്ളം തുറന്നുവിടാറുള്ളതാണ്.
എന്നാൽ, ഇത്തവണ വൈകി. ഇടത്-വലത് കര എന്നിങ്ങനെ 70 കിലോമീറ്ററോളം ദൂരമാണ് മലങ്കര കനാലൊഴുകുന്നത്. പെരുമറ്റം കൂടി കോലാനി മണക്കാട് അരിക്കുഴ ഭാഗത്ത് കൂടി ഒഴുകുന്ന വലത് കര കനാൽ 27 കിലോമീറ്റർ ദൂരവും തെക്കുഭാഗം, ഇടവെട്ടി, കുമാരമംഗലം കല്ലൂർക്കാട് വഴി ഒഴുകുന്ന ഇടത് കര കനാൽ 30 കിലോമീറ്ററിലധികവുമാണ് ഒഴുകുന്നത്.
മൂലമറ്റം നിലയത്തിലെ വൈദ്യുതി ഉൽപാദനത്തിന് ശേഷം പുറന്തള്ളുന്ന ജലമാണ് മലങ്കര ജലാശയത്തിലേക്ക് എത്തുന്നത്. ഈ വെള്ളം ഉപയോഗിച്ച് മുട്ടം മിനി പവർ ഹൗസിൽ മൂന്ന് മെഗാ യൂനിറ്റോളം വൈദ്യുതി ഉൽപാദിപ്പിക്കുന്നുണ്ട്.
ആയിരങ്ങളുടെ ആശ്രയം
കടുത്ത ചൂടിൽ കനാൽ വരണ്ടതോടെ കനാലിനെ ആശ്രയിച്ച് കഴിയുന്നവരും കൃഷിക്കാരും വലയുകയാണ്. മലങ്കര കനാലിലൂടെ എത്തുന്ന വെള്ളമാണ് കനാലിന് ചുറ്റുപാടുമായി താമസിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളുടെ കിണറുകളിൽ ഉറവയായി എത്തുന്നത്. കനാലിലെ വെള്ളമാണ് സമീപവാസികൾ കുളിക്കുന്നതിനും അലക്കുന്നതിനും ഉപയോഗിക്കുന്നത്.
സമീപത്തുള്ള ഏക്കറ് കണക്കിന് കൃഷിക്കും കനാൽ വെള്ളത്തെയാണ് ആശ്രയിക്കുന്നത്.സമീപത്തെ ചെറുതോടുകളും ജല സംഭരണികളും സജീവമാകുന്നതും ഈ വെള്ളമെത്തുന്നത് കൊണ്ട് മാത്രമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.