മലങ്കര എൻട്രൻസ് പ്ലാസയിൽ വിജിലൻസ് മിന്നൽ പരിശോധന
text_fieldsമുട്ടം: മലങ്കര ടൂറിസം ഹബിലെ എൻട്രൻസ് പ്ലാസയിൽ വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തി. പ്ലാസ നിർമാണത്തിലെ അഴിമതി സംബന്ധിച്ച പൊതുപ്രവർത്തകൻ മുട്ടം സ്വദേശി ബേബി ജോസഫ് വണ്ടനാനിക്കൽ നൽകിയ പരാതിയിലാണ് അന്വേഷണം.
തിരുവനന്തപുരം വിജിലൻസ് ഡയറക്ടറേറ്റിൽനിന്നുള്ള എൻജിനീയർ ഹരി, പൊതുമരാമത്ത് കെട്ടിടവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ മിനു, പൊതുമരാമത്ത് റോഡ് വിഭാഗം അസി. എക്സിക്യൂട്ടിവ് എൻജിനീയർ, വിജിലൻസ് ഇൻസ്പെക്ടർ ഫിലിപ് സാം, എസ്.ഐ ദാനിയേൽ, പൊലീസ് ഉദ്യോഗസ്ഥരായ റഷീദ്, പ്രദീപ്, പൊതുമരാമത്ത് ഓവർസിയർ, അസിസ്റ്റന്റ് എൻജിനീയർ, എം.വി.ഐ.പി ഓവർസിയർ എന്നിവർ ഉൾപ്പെടെ 15 അംഗ സംഘമാണ് പരിശോധന നടത്തിയത്. പ്രാഥമിക അന്വേഷണത്തിൽ എൻട്രൻസ് പ്ലാസയുടെ നിർമാണത്തിൽ അഴിമതിയും അപാകതയും കണ്ടെത്തിയതിനെത്തുടർന്നാണ് തുടർ അന്വേഷണം നടത്തുന്നത്.
വിദഗ്ധ സംഘം നടത്തിയ അന്വേഷണത്തിൽ നിരവധി അപാകതകളാണ് കണ്ടെത്തിയത്. ഇലക്ട്രിഫിക്കേഷൻ വർക്കുകൾ കൈകാര്യം ചെയ്തിരുന്നത് സുരക്ഷ ഇല്ലാതെയാണ്. മഴവെള്ളം ഭിത്തിയിലൂടെ ഒലിച്ചിറങ്ങുന്നുണ്ട്.
അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ നിർമാണം സംബന്ധിച്ച മുഴുവൻ രേഖകളും നിർമാണ ഏജൻസിയായ ഹാബിറ്റാറ്റിൽനിന്ന് വിളിച്ചുവരുത്തിയിരുന്നു. മൂന്നുലക്ഷം രൂപയുടെ ഒരു നിർമാണ പ്രവൃത്തിക്ക് 12 ലക്ഷം രൂപ ചെലവഴിച്ചതായും കണ്ടെത്തി.
2018ലാണ് എൻട്രൻസ് പ്ലാസയുടെ നിർമാണം നടത്തിയത്. നിർമാണത്തിലെ അപാകതമൂലം ഇതുവരെ തുറന്നു നൽകാനായിട്ടില്ല. എൻട്രൻസ് പ്ലാസക്ക് 2.5 കോടിയോളം രൂപയാണ് ചെലവ് വന്നിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.