യാഥാർഥ്യമാകുമോ മലങ്കരയിൽ രണ്ടാം വൈദ്യുതി നിലയം
text_fieldsമുട്ടം: മലങ്കരയിൽ രണ്ടാം വൈദ്യുതി നിലയത്തെക്കുറിച്ച് ആലോചനകളും ചർച്ചകളും നടന്നെങ്കിലും തുടർനടപടികൾ എങ്ങുമെത്തിയില്ല. മലങ്കരയിൽ നിലവിലുള്ള വൈദ്യുതി നിലയത്തിന്‍റെ ശേഷി 10.5 മെഗാവാട്ട് മാത്രമാണ്. എങ്കിലും ആറ് മെഗാവാട്ടിൽ താഴെ മാത്രമേ ഉൽപാദനം സാധ്യമാവുന്നുള്ളൂ.
നിലവിലെ വൈദ്യുതി നിലയം ഡാമിന് വലതു വശത്താണ്. ഇടതു ഭാഗത്ത് മറ്റൊരു നിലയം സ്ഥാപിക്കാൻ സൗകര്യം ലഭ്യമാണ്. വർഷങ്ങൾക്ക് മുന്നെ മലങ്കരയിലെ രണ്ടാം വൈദ്യുതി നിലയത്തെക്കുറിച്ച് ചർച്ചകൾ നടന്നെങ്കിലും പിന്നീട് കാര്യമായ പുരോഗതി ഉണ്ടായില്ല. വൈദ്യുതി ഉൽപാദനത്തിൽ വർധനയും പാഴാക്കിക്കളയുന്ന ജലത്തിന്‍റെ തോത് കുറക്കാനും ഇതുവഴി സാധിക്കും.
നിലവിൽ വർഷത്തിൽ എട്ടു മാസത്തിലധികവും ഷട്ടറുകൾ ഉയർത്തി ജലം ഒഴുക്കിക്കളയുകയാണ്. ഇത് പലപ്പോഴും തൊടുപുഴയിലും മൂവാറ്റുപുഴയിലും വെള്ളപ്പൊക്കത്തിന് കാരണമാകാറുണ്ട്. മലങ്കര ജലാശയവും സമീപ പ്രദേശങ്ങളും മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതിയുടെ അധീനതയിലാണ്.
മൂലമറ്റത്ത് നിർദിഷ്ട രണ്ടാം വൈദ്യുതി നിലയം യാഥാർഥ്യമാകുന്നതോടെ മലങ്കര ഡാമിലേക്ക് ഒഴുകിയെത്തുന്ന ജലത്തിന്‍റെ അളവ് ഇരട്ടിയിലധികമാകും. നിലവിൽ മൂലമറ്റം വൈദ്യുതി നിലയത്തിന്‍റെ ശേഷി 780 വെഗാവാട്ടാണ്. നിർദിഷ്ട രണ്ടാം വൈദ്യുതി നിലയത്തിന്‍റെ ശേഷി 800 മെഗാവാട്ടുമാണ്. രണ്ട് നിലയവും പ്രവർത്തിപ്പിക്കാൻ ഉദ്ദേശിക്കുന്നത് വൈകീട്ട് ആറു മുതൽ രാത്രി 12വരെയുള്ള സമയത്താണ്.
ഈ രണ്ട് നിലയവും പ്രവർത്തിപ്പിച്ചതിന് ശേഷമുള്ള ജലം ഒഴുകി മലങ്കരയിൽ എത്തുമ്പോൾ വെറുതെ പാഴാക്കിക്കളയേണ്ടതായി വരും. ജലം ഫലപ്രദമായി ഉപയോഗപ്പെടുത്തി മലങ്കരയിലും രണ്ടാം വൈദ്യുതി നിലയം സ്ഥാപിക്കണമെന്നാണ് വൈദ്യുതി വകുപ്പിലെ ജനറേഷൻ വിഭാഗം എൻജിനീയർമാരും ചൂണ്ടിക്കാട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.