ഝാർഖണ്ഡ് സ്വദേശിനിക്ക് ആംബുലൻസിൽ പ്രസവം
text_fieldsഇടുക്കി: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അന്തർസംസ്ഥാന തൊഴിലാളിയായ യുവതിക്ക് ആംബുലൻസിൽ സുഖപ്രസവം. അമ്മക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. ഝാർഖണ്ഡ് സ്വദേശിനിയും ഇടുക്കി കാഞ്ചിയാറിൽ താമസക്കാരിയുമായ റീത്ത (21) ആണ് ആംബുലൻസിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. വെള്ളിയാഴ്ച രാത്രി 7.30ഓടെയാണ് റീത്തയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് തേനി മെഡിക്കൽ കോളജിലേക്ക് ഡോക്ടർ റഫർ ചെയ്തത്. റീത്തയുടെ ആരോഗ്യനില വഷളായതിനാൽ ഡോക്ടർ ഇതിനായി കനിവ് 108 ആംബുലൻസിന്റെ സേവനം തേടി. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസിനു കൈമാറി.
ആംബുലൻസ് പൈലറ്റ് അലൻ കെ തോമസ്, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ വി.ജെ. ബെനീറ്റ എന്നിവർ സ്വകാര്യ ആശുപത്രിയിൽ എത്തി റീത്തയുമായി തേനിയിലേക്ക് തിരിച്ചു. ആംബുലൻസ് തമിഴ്നാട്ടിലെ കമ്പത്ത് എത്തുമ്പോഴേക്കും റീത്തയുടെ ആരോഗ്യനില വഷളാവുകയും തുടർന്ന് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ബെനീറ്റ നടത്തിയ പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട്ട് പോകുന്നത് അമ്മക്കും കുഞ്ഞിനും സുരക്ഷിതമല്ല എന്ന് മനസിലാക്കി ആംബുലൻസിൽ തന്നെ സജ്ജീകരണങ്ങൾ ഒരുക്കി. രാത്രി പത്തോടെ ബെനീറ്റയുടെ പരിചരണത്തിൽ റീത്ത കുഞ്ഞിന് ജന്മം നൽകി. തുടർന്ന് ബെനീറ്റ അമ്മക്കും കുഞ്ഞിനും പ്രഥമ ശുശ്രൂഷ നൽകി. ഉടനെ ഇരുവരെയും ആംബുലൻസ് പൈലറ്റ് അലൻ കമ്പം ജനറൽ ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.