പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി മർദിച്ചതായി പരാതി; എസ്.െഎക്ക് സ്ഥലം മാറ്റം
text_fieldsനെടുങ്കണ്ടം: പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി യുവാവിനെ മർദിെച്ചന്ന പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെ എസ്.ഐക്ക് സ്ഥലം മാറ്റം. നെടുങ്കണ്ടം എസ്.ഐ കെ. ദിലീപ്കുമാറിനെയാണ് കട്ടപ്പനയിലേക്ക് സ്ഥലം മാറ്റിയത്. വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥരുടെ പരാതിയെത്തുടർന്ന് പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ച ഇയാളെ എസ്.ഐയുടെ നേതൃത്വത്തിൽ മർദിച്ചതായാണ് പരാതി. മർദനമേറ്റ തേർഡ്ക്യാമ്പ് ചെറിയാത്ത് ഷാജിമോനെ (46) തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ലോക്ഡൗൺ കാലത്ത് വീട്ടിലെ വൈദ്യുതി ബിൽതുക റീഡിങ് പരിശോധിക്കാൻ വന്നയാളെ ഏൽപിച്ചിരുന്നതായി ഷാജിമോൻ പറയുന്നു. എന്നാൽ, അടുത്തമാസത്തെ തുകയോടൊപ്പം മുൻ മാസത്തെ തുകയും ഫൈനും ചേർത്താണ് ബിൽ വന്നത്. കുടിശ്ശികയുള്ള ബില്ല് അടച്ചതാണെന്ന് പറഞ്ഞെങ്കിലും വകവെക്കാതെ തൂക്കുപാലം സെക്ഷനിലെ ഉദ്യോഗസ്ഥർ വീട്ടിലെ ഫ്യൂസ് ഉൗരി.
ഇതുസംബന്ധിച്ച് ഷാജിമോൻ സെക്ഷൻ ഓഫിസിൽ വിളിച്ച് അറിയിച്ചു. പിന്നീട് ഉദ്യോഗസ്ഥർ പരാതി നൽകിയിട്ടുണ്ടെന്ന് പറഞ്ഞ് നെടുങ്കണ്ടം എസ്.ഐ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും സ്റ്റേഷനിൽ എത്തിയ സമയത്ത് കഴുത്തിൽ പിടിച്ചുതള്ളുകയും തല ലോക്കപ്പ് മുറിയുടെ കമ്പിയിൽ ഇടിക്കുകയും ചെയ്തതായാണ് ഷാജി പറയുന്നത്. ഇതിനുപുറമെ ലാത്തിക്ക് പകരം ഉപയോഗിക്കുന്ന കെയ്ൻ ഉപയോഗിച്ച് പുറത്തും നെഞ്ചിലും അടിച്ചതായും ബൂട്ടിട്ട് ചവിട്ടിവീഴ്ത്താൻ ശ്രമിച്ചെന്നും പരാതിയുണ്ട്.
എന്നാൽ, ഷാജിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് എസ്.ഐ പറയുന്നത്. ഷാജിമോൻ വൈദ്യുതി ബോർഡ് ജീവനക്കാരനായ ദലിത് യുവാവിനെ അസഭ്യം പറയുകയും മർദിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തതായി കെ.എസ്.ഇ.ബി അസിസ്റ്റൻറ് എൻജിനീയർ നൽകിയ പരാതിയെത്തുടർന്ന് ഷാജിയെയും വൈദ്യുതി ബോർഡ് ജിവനക്കാരനെയും വിളിച്ചുവരുത്തി പ്രശ്നം രമ്യമായി പരിഹരിച്ചിരുന്നു.
വൈകീട്ട് തനിക്ക് കേസ് വേണമെന്ന് പറഞ്ഞ് വൈദ്യുതി ജീവനക്കാരൻ എത്തിയതിനെത്തുടർന്നാണ് ഷാജിക്കെതിരെ കേസെടുത്തതെന്ന് എസ്.ഐ പറഞ്ഞു. സംഭവത്തിൽ നെടുങ്കണ്ടം സി.ഐയുടെ നേതൃത്വത്തിൽ അന്വേഷണവും ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.