കെട്ടിടം നിർമിക്കാൻ നാലുകോടി; അഗ്നിരക്ഷാസേന യൂനിറ്റിന് ശാപമോക്ഷം
text_fieldsനെടുങ്കണ്ടം: അഗ്നിരക്ഷാസേനക്ക് ആസ്ഥാനം നിർമിക്കാൻ നാലുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചതോടെ സേനക്ക് പുതുജീവൻ. ഒമ്പത് വര്‍ഷമായി അടിസ്ഥാന സൗകര്യങ്ങളില്ലാതെ മുടന്തി നീങ്ങുകയാണ് നെടുങ്കണ്ടത്തെ ഉടുമ്പൻചോല താലൂക്ക് അഗ്നിരക്ഷാസേന യൂനിറ്റ്. നെടുങ്കണ്ടം ഗവ. വൊക്കേഷനൽ ഹയർ സെക്കഡറി സ്കൂളിന് സമീപത്ത് സേനക്കുവേണ്ടി പഞ്ചായത്തു വിട്ടുനല്‍കിയ 84 സെന്റ് സ്ഥലത്താണ് കെട്ടിടം നിര്‍മിക്കാന്‍ നാല് കോടിയുടെ ഭരണാനുമതി ലഭിച്ചത്.
കെട്ടിടം നിര്‍മിച്ച് അങ്ങോട്ടേക്ക് യൂനിറ്റ് മാറിയാൽ മാത്രമേ ആവശ്യത്തിന് ജീവനക്കാരും മതിയായ താമസ സൗകര്യവും വെള്ളം സംഭരിക്കൽ തുടങ്ങിയവ ഒരുക്കാനാവൂ.
2016ലാണ് യൂനിറ്റ് കിഴക്കേ കവല പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന് സമീപം താല്‍ക്കാലികമായി പ്രവര്‍ത്തനം ആരംഭിച്ചത്. കമ്യൂണിറ്റി ഹാൾ കെട്ടിടത്തിലാണ് സേനയുടെ വാഹനങ്ങൾ പാര്‍ക്ക് ചെയ്യുന്നത്. ഇതിനോട് ചേര്‍ന്ന പഞ്ചായത്ത് വക കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് ഓഫിസ് പ്രവര്‍ത്തിക്കുന്നത്.
സ്റ്റേഡിയം നിർമാണവുമായി ബന്ധപ്പെട്ട് പഞ്ചായത്തിന് വിട്ടുകിട്ടിയ ക്വാര്‍ട്ടേഴ്സുകളിലാണ് ജീവനക്കാര്‍ക്ക് താമസ സൗകര്യം. 24 ഫയര്മാന്മാർ, നാല് ലീഡിങ് ഫയര്മാന്മാർ, ആറ് ഡ്രൈവര്‍മാർ, മെക്കാനിക്കൽ ഡ്രൈവർ, എല്‍.ഡി ക്ലാര്‍ക്ക്, സ്റ്റേഷന് ഓഫിസർ, അസി. ഓഫിസർ, പി.ടി.എസ് ഉള്‍പ്പെടെ 39 ജീവനക്കാർ, രണ്ട് വലിയ വാഹനങ്ങൾ, ആംബുലന്‍സ്, ജീപ്പ്, എന്നിവ അടങ്ങിയ പൂര്‍ണതോതിലുള്ള യൂനിറ്റ് നെടുങ്കണ്ടത്ത് ആരംഭിക്കുമെന്നായിരുന്നു പ്രഖ്യാപനം.
എന്നാൽ, ആരംഭിച്ചത് മിനി യൂനിറ്റാണ്. ഇതിന്റെ പ്രവര്‍ത്തനംപോലും കാര്യക്ഷമമല്ല. പുതിയ കെട്ടിടം നിര്‍മിക്കുന്നതോടെ അപ്ഗ്രേഡ് ചെയ്ത് കുറഞ്ഞപക്ഷം സിംഗിൾ സ്റ്റേഷനെങ്കിലും ആക്കുമെന്ന പ്രതീക്ഷയിലാണ് നെടുങ്കണ്ടം നിവാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.