ഇടുക്കിയിൽ നശിച്ചത് 4500 ഹെക്ടർ കൃഷി
text_fieldsനെടുങ്കണ്ടം: വേനല്‍ചൂടില്‍ ഇടുക്കി ജില്ലയില്‍ 4500ലധികം ഹെക്ടര്‍ സ്ഥലത്തെ കൃഷി പൂര്‍ണമായും നശിച്ചതായി വിദഗ്ധ സംഘത്തിന്റെ കണ്ടെത്തൽ. കടുത്തവരള്‍ച്ച മൂലം ഇടുക്കിയിലെ കാര്‍ഷിക മേഖലയിലുണ്ടായ ആഘാതം വിലയിരുത്താൻ കൃഷിമന്ത്രി നിയോഗിച്ച കാര്‍ഷിക വിദഗ്ദധരടങ്ങുന്ന ഉന്നതതല സംഘം നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തല്‍. ഇതില്‍ ഏലം മാത്രം 2500ലധികം ഹെക്ടര്‍ പൂര്‍ണമായി നശിച്ചതായാണ് കണ്ടെത്തിയത്. ഏലം കൃഷി മുമ്പെങ്ങും നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഏലത്തിനു പുറമെ കുരുമുളക്, കാപ്പി, വാഴ, ജാതി, പച്ചക്കറികള്‍ എന്നിവയും വന്‍തോതില്‍ നശിച്ചതായി സംഘം കണ്ടെത്തി.
തിങ്കളാഴ്ച മാത്രം നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തല്‍. ഇതിലും കൂടുതല്‍ നാശനഷ്ടങ്ങള്‍ക്കാണ് സാധ്യത. നാല് ദിവസത്തെ സന്ദര്‍ശനമാണ് സംഘം ജില്ലയില്‍ നടത്തുന്നത്. തുടക്കം നെടുങ്കണ്ടത്തായിരുന്നു. തിങ്കളാഴ്ച നെടുങ്കണ്ടം, അടിമാലി ബ്ലോക്കുകളിലായിരുന്നു സന്ദര്‍ശനം. ജില്ലയിൽ അതിരൂക്ഷമായ കൃഷിനാശം സംഭവിച്ചതായാണ് സംഘത്തിന്റെ വിലയിരുത്തൽ. കൃഷിനാശം നേരിട്ട് വിലയിരുത്തിയും കര്‍ഷകരുമായും പ്രദേശവാസികളുമായും സംവദിച്ചുമായിരുന്നു സന്ദര്‍ശനം. കടുത്ത വേനലില്‍ സംസ്ഥാനത്തെ കാര്‍ഷിക മേഖലയില്‍ വന്‍ നാശമുണ്ടായതിനെ തുടര്‍ന്നാണ് ഉന്നതതല യോഗത്തിനു ശേഷം കൃഷി മന്ത്രിയുടെ നിര്‍ദേശപ്രകാരം സംഘം സന്ദർശനത്തിനെത്തിയത്.
വെള്ളിയാഴ്ചക്ക് മുമ്പ് റിപ്പോര്‍ട്ടുകള്‍ അടിയന്തിരമായി സമര്‍പ്പിക്കാനാണ് സംഘത്തിന് കിട്ടിയ നിർദേശം. ജില്ല പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ സെലീനാമ്മ, കൃഷി ഡപ്യൂട്ടി ഡയറക്ടര്‍ സി. അമ്പിളി, അസി. ഡയറക്ടര്‍ രശ്മി വിജയന്, പാമ്പാടുംപാറ ഏലം ഗവേഷണകേന്ദ്രം ശാസ്ത്രജ്ഞ അസി. പ്രഫ. രമ്യ, എന്നിവരുടെ നേതൃത്വത്തിൽ എട്ടോളം പേരടങ്ങിയ സംഘമാണ് ജില്ലയില്‍ സന്ദര്‍ശനം നടത്തിയത്. ഉടുമ്പഞ്ചോല താലൂക്കിലെ വിവിധ കൃഷി സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. നെടുങ്കണ്ടം, ഉടുമ്പഞ്ചോല, രാജാക്കാട്, രാജകുമാരി, ബൈസണ്‍വാലി പഞ്ചായത്തുകളിലാണ് കൂടുതലായും പരിശോധന നടത്തിയത്.
മണ്ണിലെ താപനില ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. രാജ്യത്ത് ഉദ്പാദിപ്പിക്കുന്ന ഏലത്തിന്റെ 60 ശതമാനവും ഉടുമ്പഞ്ചോലയിലാണ്. ഈ കൃഷി ഏതാണ്ട് പൂര്‍ണമായും കരിഞ്ഞുണങ്ങിയ അവസ്ഥയിലാണെന്ന് സംഘം നേരിട്ട് കണ്ട് ബോധ്യപ്പെട്ടു. കൃഷി പുനരുജ്ജീവിപ്പിക്കുന്നതിന് ആവശ്യമായ പ്രത്യേക പാക്കേജ് ഏപ്പെടുത്തണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ഇത് സംഘത്തെ അറിയിക്കുകയും ചെയ്തു. ചൊവ്വാഴ്ച പീരുമേട് താലൂക്കില്‍ സംഘം സന്ദര്‍ശനം നടത്തും. കര്‍ഷകര്‍ വളരെ ആവേശത്തോടെയാണ് സംഘത്തെ എതിരേറ്റത്. കനത്ത നഷ്ടം നേരിട്ട കര്‍ഷകര്‍ വളരെ കടുത്ത സാമ്പത്തിക ബാധ്യതയിലാണ്. സര്‍ക്കാരില്‍ നിന്നും ആശ്വാസം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.