ആറ് കിലോയുടെ മത്തങ്ങക്ക് 47,000 രൂപ; ആവേശക്കൊടുമുടിയിൽ ലേലം
text_fieldsനെടുങ്കണ്ടം: ഹൈറേഞ്ചിൽ നടന്ന ഓണാഘോഷത്തിന്റെ ആവേശം മുഴുവൻ പ്രകടമായത് ജനകീയ ലേല ആഘോഷത്തിൽ. ആറ് കിലോ വരുന്ന മത്തങ്ങ ലേലത്തിൽ പോയത് 47,000 രൂപക്ക്. ഓണാഘോഷത്തിന്റെ ഭാഗമായി കുടിയേറ്റ ഗ്രാമമായ ചെമ്മണ്ണാറിൽ നടന്ന ജനകീയ ലേലത്തിലാണ് മത്തങ്ങ ഇത്രയും തുകക്ക് ലേലത്തിൽ പോയത്. ചെമ്മണ്ണാർ പൗരാവലിയുടെ നേതൃത്വത്തിൽ നടന്ന ഓണാഘോഷ പരിപാടിയിലായിരുന്നു ലേലം.
ഹൈറേഞ്ചിലും മറ്റും സാധാരണ ലേലംവിളിയിൽ മുട്ടനാടും പൂവൻ കോഴിയുമൊക്കെ പതിനായിരത്തിന് മുകളിൽ ലേലം വിളിച്ച് പോകാറുണ്ടെങ്കിലും മലയോരത്തിന്റെ വളക്കൂറുള്ള മണ്ണിൽ വിളഞ്ഞ മത്തങ്ങ ചരിത്രം സൃഷ്ടിക്കുന്നത് ഇതാദ്യമായാണ്. 10 രൂപയിൽ തുടങ്ങിയ ലേലത്തിൽ മത്തങ്ങ വില ഉയർന്ന് ആയിരങ്ങളും പതിനായിരങ്ങളും കടന്നതോടെ പങ്കെടുക്കാനെത്തിയ ആളുകളിൽ ലേലം ഹരമായി മാറുകയായിരുന്നു. ഓണാഘോഷത്തിന്റെ ചെലവ് കണ്ടെത്താൻ സമ്മാനക്കൂപ്പണും സംഭാവനയും പിരിച്ച് നെട്ടോട്ടമോടിയ സംഘാടകർക്ക് മുന്നിൽ ഭാഗ്യം മത്തങ്ങ രൂപത്തിൽ എത്തിയതും ഏറെ സന്തോഷമായി. ഉടുമ്പൻചോല സ്വദേശി സിബി എബ്രഹാമാണ് മത്തങ്ങ സ്വന്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.