'നൃത്തം ചെയ്യുന്ന സ്ത്രീ'ക്ക് പുനരാവിഷ്കാരം
text_fieldsനെടുങ്കണ്ടം: 5000 വർഷം പഴക്കമുള്ളതും ചരിത്രപ്രാധാന്യമുള്ളതുമായ 'നൃത്തംചെയ്യുന്ന സ്ത്രീ' (ദി ഡാൻസിങ് ഗേൾ) എന്ന ശിൽപം ഇടുക്കിയുടെ ഗോത്ര സംസ്കാരവുമായി ചേർത്തുനിർത്തി നെടുങ്കണ്ടം ബി.എഡ് കോളജിൽ പുനരാവിഷ്കരിച്ചു.
1926ൽ ഏണസ്റ്റ് മെക്കായി എന്ന ബ്രിട്ടീഷ് പുരാവസ്തു ശാസ്ത്രജ്ഞൻ കണ്ടെത്തിയ ശിൽപമാണ് നെടുങ്കണ്ടം ബി.എഡ് കോളജിൽ പടുത്തുയർത്തിയിരിക്കുന്നത്. ഏഴടിയോളം ഉയരത്തിൽ കോൺക്രീറ്റിൽ ചെയ്ത മനോഹര ശിൽപത്തിെൻറ ശിൽപി കോളജിലെ തന്നെ ശിൽപകല അധ്യാപകൻ ജി. അനൂപാണ്. നാലുമാസത്തിലധികമെടുത്താണ് ശിൽപം പൂർത്തിയായത്. ഒരുകൈയിൽ നാലും മറുകൈയിൽ 25ഉം വളകൾ അണിഞ്ഞ, കരുത്തുറ്റ ഭാവത്തിൽ നിൽക്കുന്ന സ്ത്രീശിൽപം ഇടുക്കിയിലെ സമ്പന്നമായ ഗോത്രകാലഘട്ടം ഓർമിപ്പിക്കുന്നതാണ്.
ഗോത്ര ജനതയുടെ സമ്പന്നമായ വൈജ്ഞാനിക നിലവാരം നിലനിന്നിരുന്ന ഭൂതകാലത്തെ ശിൽപം അടയാളപ്പെടുത്തുന്നു. ചിത്രകാരനും കലാനിരൂപകനുമായ ഡോ. ഷാജു നെല്ലായി ഓൺലൈനിൽ ശിൽപം ഉദ്ഘാടനം ചെയ്തു.
നെടുങ്കണ്ടത്ത് നടന്ന ചടങ്ങിൽ സ്പോർട്സ് കൗൺസിൽ ജില്ല പ്രസിഡൻറ് എം. സുകുമാരൻ ദീപംകൊളുത്തി. പ്രിൻസിപ്പൽ രാജീവ് പുലിയൂർ അധ്യക്ഷതവഹിച്ചു. വിദ്യാർഥി പ്രതിനിധി റിയ റോസ് സ്വാഗതവും അവനി ബാഹുലേയൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.