ന്യൂമോണിയ ബാധിച്ച പിഞ്ചുകുഞ്ഞിന് നെടുങ്കണ്ടം ആശുപത്രിയില്‍ പരിചരണം ലഭിച്ചില്ലെന്ന് പരാതി
text_fieldsനെടുങ്കണ്ടം: ന്യുമോണിയ ബാധിച്ച പിഞ്ചുകുഞ്ഞിന് നെടുങ്കണ്ടം താലൂക്കാശുപത്രിയില്‍ വേണ്ട പരിചരണമോ കോട്ടയം മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആംബുലൻസോ നല്‍കിയില്ലെന്ന് പരാതി.
മഞ്ഞപ്പാറ പത്ത് വളവ് മന്നിക്കല്‍ ശ്രീകുമാര്‍-ആല്‍ബി ദമ്പതികൾ രണ്ട് മാസം പ്രായമായ കുഞ്ഞിനെയുമായി തിങ്കളാഴ്ചയാണ് ആശുപത്രിയിലെത്തിയത്. ന്യുമോണിയ കൂടിയതിനാല്‍ ഓക്സിജന്‍ നല്കി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു.
എന്നാൽ, ആംബുലന്‍സ് വിട്ടുനല്‍കാനോ നഴ്സിനെ കൂടെവിടാനോ ആശുപത്രി അധികൃതര്‍ തയാറായില്ലെന്നാണ് പരാതി. 108 ആംബുലൻസ് കട്ടപ്പുറത്താണ്. മറ്റ് രണ്ട് ആംബുലന്‍സ് ഉണ്ടെങ്കിലും ഡ്രൈവര്‍മാര്‍ അവധിയിലായിരുന്നു. അവസ്ഥയറിഞ്ഞ് സ്വകാര്യ ആംബുലന്‍സുമായി ശ്രീകുമാറിെൻറ സുഹൃത്തുക്കളായ സനലും അജാസും പാഞ്ഞെത്തിയെങ്കിലും കുഞ്ഞിന് ഓക്സിജന്‍ നല്കി നഴ്സിനെ കൂട്ടിവിടാന്‍ അധികൃതര്‍ തയാറായില്ല. ജീവനക്കാര്‍ കുറവായതിനാല്‍ സ്റ്റാഫ് നഴ്സിനെ വിട്ടാല്‍ ഒ.പി അടച്ചിടേണ്ടിവരുമെന്ന് ഡോക്ടര്‍ പറഞ്ഞതായാണ് ശ്രീകുമാര്‍ പറയുന്നത്. തുടര്‍ന്ന് സ്വകാര്യ ആംബുലൻസിൽ കുഞ്ഞുമായി ആശുപത്രി വിട്ടെങ്കിലും കല്ലാര്‍ എത്തിയപ്പോഴേക്കും കുഞ്ഞിന് ഓക്സിജന്‍ കിട്ടാതെ കണ്ണിെൻറ കൃഷ്ണമണി മറിഞ്ഞുപോകുന്നതായി കണ്ട് തിരികെ ആശുപത്രിയിലെത്തിച്ചു.
ആശുപത്രിയില്‍ കൂടിനിന്നവര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജീഷ് മുതുകുന്നേലിനെ അറിയിക്കുകയും അദ്ദേഹത്തിെൻറ ഇടപെടലിനെത്തുടര്‍ന്ന് സൂപ്രണ്ട് നഴ്സിനെ കൂടെ അയക്കുകയായിരുന്നു. മൂന്ന് ദിവസമായി കുഞ്ഞിനെ ഈ ആശുപത്രിയില്‍ കൊണ്ടുവരുന്നുണ്ട്. കുഞ്ഞിന് കഫക്കെട്ട് കൂടി ഞായറാഴ്ച രാത്രി ഒ.പിയില്‍ കൊണ്ടുവന്നിരുന്നു. കൂടാതെ തിങ്കളാഴ്ച രാവിലെ എട്ടിന് കൊണ്ടുവന്ന് ജനറല്‍ വിഭാഗത്തിൽ കാണിക്കുകയും ചെയ്തിരുന്നു.
രണ്ട് ആംബുലന്‍സിന് ഒരു ഡ്രൈവർ മാത്രമാണുള്ളതെന്നും തിങ്കളാഴ്ച അവധിയിലായിരുന്നുവെന്നും സൂപ്രണ്ട് പറഞ്ഞു. നിലവിലെ ഒഴിവിലേക്ക് അറക്കുളത്തുനിന്ന് ഒരാളെ നിയമിച്ചിട്ട് ഒരാഴ്ച ആയെങ്കിലും എത്തിയിട്ടില്ല.
എട്ടുമാസമായി കുട്ടികളുടെ ഡോക്ടറുടെ ഒഴിവുണ്ട്. ജീവനക്കാര്‍ ആരെങ്കിലും രോഗികളോട് മോശമായി പെരുമാറിയിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നും സൂപ്രണ്ട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.