അബ്റാര്‍ ഫ്യൂച്ചര്‍: 17കാരന്റെ തൊഴിൽ വിപ്ലവം
text_fieldsനെടുങ്കണ്ടം: ഇടുക്കിയിലെ നെടുങ്കണ്ടത്തിരുന്ന് അബ്റാർ ബിൻ സലിം എന്ന പ്ലസ് ടു വിദ്യാർഥി ബിസിനസ് നടത്തുന്നത് ലോകരാജ്യങ്ങളിലെ ഇടപാടുകാരുമായാണ്. ഒന്നര വർഷം മുമ്പ് ആരംഭിച്ച അബ്റാർ ഫ്യൂച്ചർ ടെക് എന്ന സ്ഥാപനം വളർച്ചയുടെ പടവുകൾ കയറിയതിനു പിന്നിൽ ഈ 17കാരന്റെ അതിശയിപ്പിക്കുന്ന നിശ്ചയദാർഢ്യമുണ്ട്. ഒരുവശത്ത് പ്ലസ് ടു പഠനം. മറുവശത്ത് ബിസിനസ്. കൂട്ടുകാർ കളിച്ചു ചിരിച്ച് നടക്കുമ്പോൾ ഇടുക്കി നെടുങ്കണ്ടം മുണ്ടിയെരുമ സ്വദേശി അബ്റാര്‍ ബിന്‍ സലിം തിരക്കിലാണ്. ചെറുപ്പം മുതല്ക്കേ കമ്പ്യുട്ടറില്‍ വലിയ താല്പര്യം പ്രകടിപ്പിച്ചിരുന്ന അബ്റാര്‍ ബിന്‍ സലിം എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കമ്പ്യൂട്ടർ പഠനത്തിന് തുനിഞ്ഞിറങ്ങിയത്. കോവിഡ് കാലമായിരുന്നു അത്. സമീപത്തെ സ്വകാര്യ സ്ഥാപനത്തിന്റെ സഹായത്തോടെ ഹാർഡ്വെയര് പഠനം ആരംഭിച്ചു. തുടര്‍ന്ന് ഓണ്‍ലൈന്‍ സഹായത്തോടെ വെബ് ഡിസൈനിങ്ങില്‍ വൈദഗ്ധ്യം നേടി. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ സംരംഭകനായി.
ഒന്നര വര്‍ഷം മുമ്പ് അബ്റാര്‍ ഫ്യൂച്ചര്‍ ടെക് കോർപ് എന്ന പേരില്‍ കമ്പനി ആരംഭിച്ചു. വെബ് സൈറ്റ് ഡിസൈനിങും അക്കൗണ്ടിങ് സോഫ്റ്റ്വെയര് സേവനങ്ങളുമാണ് അബ്റാര്‍ ടെക് പ്രധാനമായും നൽകുന്നത്. ‘ജി ഹബ് അരീന’ എന്നൊരു പുതിയ സംരംഭത്തിന്റെ ഉദ്ഘാടനവും കഴിഞ്ഞ ദിവസം നടന്നു. സ്വന്തമായി ഡിസൈന്‍ ചെയ്യുന്നതിനൊപ്പം ഫ്രീ ലാന്സർമാർക്കും ഈ കൗമാരക്കാരൻ ജോലി നല്കുന്നു. ഇടുക്കിയിലെ വിവിധ സ്ഥാപനങ്ങള്‍ അബ്റാര്‍ ടെക്കിന്റെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. വണ്ടന്മേട് എം.ഇ.എസ് സ്കൂളില്‍ പ്ലസ് ടു വിദ്യാർഥിയായ അബ്റാര്‍ അവധി ദിവസങ്ങളിലും വൈകുന്നേരങ്ങളിലുമാണ് ബിസിനസ് കാര്യങ്ങള്‍ ഏറെയും നോക്കുന്നത്. ശനിയാഴ്ചകളില്‍ അന്തരാഷ്ട്ര മീറ്റിങ്ങുകളിൽ പങ്കെടുക്കും. ഒന്നര വര്‍ഷത്തിനുള്ളില്‍ മികച്ച വളര്‍ച്ച കരസ്ഥമാക്കാന്‍ കമ്പനിക്കു സാധിച്ചു എന്ന് അബ്റാർ അവകാശപ്പെടുന്നു. ഇതോടൊപ്പം പുതിയ സ്റ്റാര്‍ട്ട് അപ്പുകളിലും പങ്കാളിയായി. തൂക്കുപാലം പള്ളിത്തടത്തില്‍ പി.എ.സലീം - അന്‍സല്‍ന ദമ്പതികളുടെ മൂത്ത മകനാണ്. ഇളയ മകള്‍ അലീന ബിന്‍ സലീം കല്ലാർ ഗവ. ഹൈസ്കൂളില്‍ 10ാം ക്ലാസ് വിദ്യാർഥിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.