വീട്ടുമുറ്റത്ത് വിളയും ഇരട്ടി മധുരത്തിൽ ആപ്പിൾ
text_fieldsനെടുങ്കണ്ടം: വർക്കിയുടെ വീട്ടുവളപ്പിൽ ഇപ്പോൾ ആപ്പിൾ കാലമാണ്. റിട്ട.എസ്.ഐയായ ചേറ്റുകുഴി അപ്പാപ്പിക്കട പി.ടി. വർക്കിയുടെ വീട്ടുവളപ്പിലാണ് ഇരട്ടി മധുരത്തിൽ ആപ്പിൾ വിളഞ്ഞ് കിടക്കുന്നത്.
സാധാരണ മറയൂരിൽ ആപ്പിൾ വിളവെടുപ്പ് നടക്കുന്നത് ആഗസ്റ്റിലാണ്. എന്നാൽ, കാലം തെറ്റിയാണ് വർക്കിയുടെ പുരയിടത്തിലെ ആപ്പിളിന്റെ വിളവ്. മറയൂരിൽനിന്ന് എട്ടുവർഷം മുമ്പ് എത്തിച്ച ആറ് തൈകളിൽ നാലെണ്ണമാണ് കായ്ച്ചു നിൽക്കുന്നത്.
മറയൂർ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന സമയത്താണ് പി.ടി. വർക്കി ആപ്പിൾ തൈ വാങ്ങി അപ്പാപ്പിക്കടയിലെ വീട്ടുവളപ്പിൽ നട്ടത്. നെടുങ്കണ്ടത്തുനിന്ന് സ്ഥലം മാറ്റം ലഭിച്ചാണ് മറയൂരിലേക്ക് എത്തുന്നത്. സ്ഥലം മാറ്റം കിട്ടിയപ്പോൾ അൽപം വിഷമം ഉണ്ടായെങ്കിലും ആ സങ്കടം അനുഗ്രഹമായിരുന്നുവെന്ന് ആപ്പിൾ കാണുമ്പോൾ തോന്നുന്നുണ്ടെന്ന് വർക്കി പറയുന്നു. വീട്ടുമുറ്റത്തെ ആപ്പിൾ ചെടിയിൽനിന്ന് കൈനീട്ടി ആപ്പിൾ പറിച്ചെടുക്കാം. കർഷകനായ വർക്കി ഇപ്പോൾ ഏലവും കുരുമുളകും കൃഷി ചെയ്യുന്നുണ്ട്. ഇതോടൊപ്പം പച്ചക്കറികളും റമ്പുട്ടാനും ചെറിയ തോതിൽ കൃഷി ചെയ്യുന്നുണ്ട്. ആപ്പിൾ കൂടാതെ മറയൂരിൽനിന്ന് ഫലവൃക്ഷത്തൈകളും കൃഷിയിടത്തിൽ എത്തിച്ച് നട്ടിട്ടുണ്ട്. പരീക്ഷണമെന്ന നിലയിലായതിനാൽ ആപ്പിളിന്റെ കാര്യത്തിൽ ആദ്യമൊന്നും വലിയ പരിചരണം നൽകിയില്ല. ചാണകത്തിൽ കടലപ്പിണാക്ക് കലർത്തിയാണ് വളപ്രയോഗം. എന്നാൽ, വിളവ് അത്ഭുതപ്പെടുത്തിയെന്നും 10 സെന്റിൽ കൂടി ആപ്പിൾ കൃഷി വ്യാപിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും വർക്കി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.