കെ.എസ്.ഇ.ബി ഭൂമിയിൽനിന്ന് ചന്ദനമരം മുറിച്ചുകടത്താൻ ശ്രമം
text_fieldsനെടുങ്കണ്ടം: കല്ലാറിൽ വനം വകുപ്പ് ഓഫിസിന്റെ മൂക്കിനു താഴെ കെ.എസ്.ഇ.ബിയുടെ ഭൂമിയിൽനിന്നും ചന്ദനമരം മുറിച്ചുകടത്താൻ ശ്രമം. കല്ലാർ അണക്കെട്ടിന്റെ ക്യാച്ച്മെന്റ് ഏരിയയിൽ നിന്ന ചന്ദനമരമാണ് മുറിച്ചുകടത്താൻ ശ്രമിച്ചത്.
10 വർഷം പഴക്കവും 25 സെന്റീമീറ്ററോളം വണ്ണവുമുള്ള മരമാണ് മുറിച്ചുകടത്താൻ ശ്രമിച്ചത്. മരത്തിന്റെ മുകൾഭാഗം മുറിച്ചിട്ട നിലയിലാണ്. ചിന്നാർ ഫോറസ്റ്റ് സെക്ഷൻ ഓഫിസിന് 100 മീറ്റർ മാത്രം അകലെ കെ.എസ്.ഇ.ബി.യുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നിന്ന ചന്ദനമരമാണ് മുറിച്ച് കടത്താൻ ശ്രമിച്ചത്. ശനിയാഴ്ച പുലർച്ച തൊട്ടടുത്ത് സംഭവം നടന്നിട്ടും വനം വകുപ്പ് ഉദ്യോഗസ്ഥർ അറിഞ്ഞത് വൈകീട്ട് അഞ്ചിനു ശേഷമാണ്.
മുകൾഭാഗം മുറിച്ച ശേഷം അടിവശം മുറിക്കുന്നതിനിടയിൽ തൊട്ടടുത്തുള്ള വഴിയിലൂടെ വാഹനങ്ങൾ കടന്നുപോയതോടെ മോഷ്ടാക്കൾ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. നേരം പുലർന്നതോടെ സംഭവം ശ്രദ്ധയിൽപെട്ട നാട്ടുകാർ കെ.എസ്.ഇ.ബിയുടെ ഡാം സെക്യൂരിറ്റി ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു. കെ.എസ്.ഇ.ബി സെക്യൂരിറ്റി ജീവനക്കാർ വിഷയം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചതിനെ തുടർന്ന് വൈകീട്ടോടെയാണ് ചിന്നാർ ഫോറസ്റ്റ് സെക്ഷനിൽനിന്നും ഉദ്യോഗസ്ഥർ എത്തിയത്.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ചിന്നാർ ഫോറസ്റ്റ് സെക്ഷൻ ഓഫിസർ പറഞ്ഞു. എന്നാൽ, വർഷങ്ങളായി പട്ടം കോളനി മേഖലയിൽ നിരവധി ചന്ദനമരങ്ങൾ മോഷണം പോയത് ഇതുവരെ പിടികൂടാനായിട്ടില്ലെന്നാണ് ചന്ദനമരം നഷ്ടപ്പെട്ട ഭൂവുടമകൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.