റേഷന്‍ കടകളില്‍ വിതരണം ചെയ്യുന്നത് ചെള്ള് നിറഞ്ഞ ഗോതമ്പ്
text_fieldsനെടുങ്കണ്ടം: ഉടുമ്പന്‍ചോല താലൂക്കിലെ റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന ഗോതമ്പ് ചെള്ളുകള്‍ നിറഞ്ഞതും അരി ഗുണനിലവാരം കുറഞ്ഞവയെന്നും വ്യാപക പരാതി. ആഴ്ചകളായി മിക്ക റേഷന്‍കടകള്‍ വഴിയും വിതരണം ചെയ്യുന്ന ഗോതമ്പ് ചെള്ളുകള്‍ നിറഞ്ഞതും കുത്തിപ്പോയവയും പൂപ്പല്‍ ഗന്ധമുള്ളവയുമാണ്.
കഴിഞ്ഞ പ്രളയകാലത്ത് വെള്ളം കയറി കുത്തിപ്പോയ ഗോതമ്പ് ഗോഡൗണുകളിലും മറ്റും കെട്ടിക്കിടന്നവയാണ് ഇപ്പോള്‍ വിതരണത്തിന് ലഭിക്കുന്നതെന്നാണ് റേഷന്‍ വ്യാപാരികള്‍ പറയുന്നത്.
മാത്രമല്ല തീരെ സൗകര്യമില്ലാത്ത ചില റേഷന്‍ കടകളില്‍ അട്ടിയിട്ടിരിക്കുന്ന ഗോതമ്പ് ചാക്കുകള്‍ക്ക് മീതേ വീണ്ടും പുതിയ സ്റ്റോക്ക് വരുന്ന ഗോതമ്പ് ചാക്കുകൾ അടുക്കുകയും ഏറ്റവും താഴെ അടുക്കിയിരുന്ന ഗോതമ്പ് ചാക്കുകള്‍ പഴകി ചെള്ളുപിടിച്ചവ പിന്നീട് വിതരണം ചെയ്യുന്നതായും ആരോപണമുണ്ട്. വിതരണം ചെയ്യുന്ന ഗോതമ്പ് പൂര്‍ണമായും ഉപയോഗയോഗ്യമല്ലാത്തവയാണ്. മാസങ്ങളായി കാര്‍ഡുടമകള്‍ക്ക് ലഭിക്കുന്ന കുത്തരിയും ഗുണനിലവാരം തീരെയില്ലാത്തവയാണെന്നാണ് കാര്‍ഡുടമകള്‍ പറയുന്നത്. താലൂക്കിലെ സിവില്‍ സപ്ലൈസ് ഗോഡൗണുകളിലേക്ക് വരുന്ന ലോഡുകളില്‍ എല്ലാ ചാക്കും പരിശോധിക്കാന്‍ കഴിയാത്തതും ഗുണനിലവാരം കുറഞ്ഞവ കണ്ടെത്താന്‍ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയാതെ വരുന്നതുമാണ് പ്രശ്നമാകുന്നതെന്ന് പറയപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.